Kerala

വീട് സന്ദര്‍ശനം ആദ്യം നിഷേധിച്ച് പി ജയരാജന്‍, പോയെങ്കില്‍ മഹാഅപരാധമല്ല, വിലക്കിയിട്ടില്ലെന്ന് ന്യായം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചത് നിഷേധിച്ചും ന്യായീകരിച്ചും മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തിലുള്ള ഒരു നേതാവും ഷെറിഫിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന് പറഞ്ഞ പി ജയരാജന്‍, പിന്നീട് കുടുംബവുമായി ബന്ധമുള്ള ആരെങ്കിലും പോയെങ്കില്‍ മഹാഅപരാധമായി കാണേണ്ടതില്ലെന്നും അത്തരമൊരു വിലക്ക് പാർട്ടി ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

'മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ആരെങ്കിലും പോയിട്ടുണ്ടാവും. പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തിലുള്ള ഒരു നേതാവും അവിടെ പോയിട്ടില്ലായെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. കാരണം, ആ പ്രദേശത്ത് ഞാന്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത കേട്ടത്. ആ സാഹചര്യത്തില്‍ എനിക്ക് ഉറപ്പിച്ചു പറയാനാകും' പി ജയരാജൻ പറഞ്ഞു.

എന്നാല്‍ സിപിഐഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം സുധീര്‍ കുമാറും പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകനും ഷറീഫിന്റെ വീട് സന്ദര്‍ശിച്ചെന്ന് വീഡിയോ സഹിതം കാണിച്ചതോടെയാണ് 'മരിച്ച വീട്ടില്‍ ആരെങ്കിലും പോകുന്നത് എന്തിനാണ് ഇങ്ങനെ ചര്‍ച്ചയാക്കുന്നത്, പാര്‍ട്ടി ആര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ശവസംസ്‌കാര ചടങ്ങില്‍ പ്രമുഖ നേതാക്കൾ പങ്കെടുത്തിട്ടില്ലായെന്നത് ഉറപ്പാണ്' എന്ന് പി ജയരാജൻ പ്രതികരിച്ചത്.

'പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളൊന്നും ആ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിട്ടില്ലായെന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. പക്ഷെ, ഒരു മരണ വീട്ടില്‍ ബന്ധുക്കളുടെ സുഹൃത്തുക്കളോ പരിചയക്കാരോ പോകുന്നതില്‍ പാര്‍ട്ടി വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. മരിച്ച വീട്ടില്‍ ആരെങ്കിലും പോകുന്നത് എന്തിനാണ് ഇങ്ങനെ ചര്‍ച്ചയാക്കുന്നത്. മനുഷ്യരുടെ പാര്‍ട്ടിയാണ്. നിര്‍ഭാഗ്യകരമായ സംഭവമാണ് പാനൂരില്‍ നടന്നത്. പാര്‍ട്ടിക്ക് അതുമായി ബന്ധമില്ല. പരിക്കേറ്റവരെയൊക്കെ മുമ്പ് പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ അവര്‍ക്ക് ബന്ധുക്കളുണ്ട്. അച്ഛനും അമ്മയും ഉണ്ട്. അവരുമായി പരിചയമുള്ള ആരെങ്കിലും മരിച്ച വീട്ടില്‍ പോയെങ്കില്‍ മഹാഅപരാധമായി ചിത്രീകരിക്കേണ്ടതില്ല. പാര്‍ട്ടി പാനൂര്‍ ഏരിയയിലെ പ്രമുഖര്‍ പോയിട്ടില്ലായെന്നാണ് മനസ്സിലാക്കുന്നത്. ബന്ധുത്വത്തിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും പോയെങ്കില്‍ ഞങ്ങള്‍ ആരെയും വിലക്കിയിട്ടില്ലായെന്നാണ് പറയാനുള്ളത്. സിപിഐഎം പ്രവര്‍ത്തകരാണ് മരിച്ചതെങ്കില്‍ സിപിഐഎമ്മിനായി റീത്ത് സമര്‍പ്പിക്കും. അങ്ങനെയൊന്നും അവിടെ ഉണ്ടായിട്ടില്ലല്ലോ. ആദരാഞ്ജലി അര്‍പ്പിച്ച് മുദ്രാവാക്യം വിളിക്കും. അതും ഉണ്ടായിട്ടില്ല. അപ്പോള്‍ എന്തും ആയുധമാക്കി സിപിഐഎമ്മിനെ കടന്നാക്രമിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണിത്.' പി ജയരാജന്‍ പറഞ്ഞു.

പാനൂര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധമില്ലെന്നും പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതികളാണ് ബോംബ് നിര്‍മ്മിച്ചതെന്നുമാണ് സംഭവത്തില്‍ സിപിഐഎം പ്രതികരിച്ചത്.

കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വം ഇറക്കിയ പ്രസ്താവനയിലായിരുന്നു പ്രതികളെ തള്ളിപ്പറഞ്ഞിരുന്നത്. അതിനിടെയാണ് സിപിഐഎം നേതാക്കള്‍ ഷെരീഫിന്റെ വീട്ടിലെത്തുന്നത്. ശവസംസ്‌കാരത്തിന് മുമ്പായിരുന്നു നേതാക്കള്‍ വീട് സന്ദര്‍ശിച്ചത്.

സ്‌ഫോടനത്തില്‍ പരിക്കുപറ്റിയ ബിനീഷ് സിപിഐ എം പ്രവര്‍ത്തകരെ അക്രമിച്ച കേസിലുള്‍പ്പടെ പ്രതിയാണ്. മരിച്ച ഷെറിനും സമാനമായ കേസില്‍ പ്രതിയാണ്. ആ ഘട്ടത്തില്‍ തന്നെ ഇയാളെ പാര്‍ട്ടി തളളിപ്പറഞ്ഞതുമാണ്. നാട്ടില്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തില്‍ സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവര്‍ സിപിഐഎം പ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

SCROLL FOR NEXT