Kerala

സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി, വിവരങ്ങൾ ശേഖരിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് സംഘം എത്തിയത്. സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ബന്ധുക്കളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ഇന്ന് വിവരങ്ങൾ ശേഖരിക്കും. ഇന്നലെയാണ് സംഘം കേരളത്തിലെത്തിയത്.

അന്വേഷണസംഘം കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി രേഖകൾ പരിശോധിക്കും. കേസിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡിവൈഎസ്പി ടി പി സജീവനെതിരെ സിദ്ധാർത്ഥൻ്റെ കുടുംബം നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നേരത്തെ നടപടി ക്രമങ്ങൾ വൈകിയതിൽ ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ നൽകാനും നിർദ്ദേശം നൽകിയിരുന്നു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറി ഉടന്‍ വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എത്രയും വേഗം ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കണം. സിബിഐ അന്വേഷണം വൈകുന്നതില്‍ ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചിരുന്നു.

അന്വേഷണം നിരസിക്കാന്‍ സിബിഐക്ക് അധികാരമില്ല. കാലതാമസം അന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കാലതാമസമുണ്ടായാല്‍ ഇരയ്ക്ക് നീതി കിട്ടിയെന്ന് വരില്ല. ക്ലറിക്കല്‍ നടപടികള്‍ മാത്രമാണല്ലോ ബാക്കിയെന്നും ഇത് അന്വേഷണം ഏറ്റെടുക്കാന്‍ തടസമാണോയെന്നും ഹൈക്കോടതി ചോദിച്ചു.

നേരത്തെ വിജ്ഞാപനം ഇറങ്ങാത്തതിനാലാണ് അന്വേഷണം വൈകുന്നതെന്നായിരുന്നു സിബിഐ കോടതിയില്‍ പറഞ്ഞത്. ഒരു കേസ് സിബിഐ ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഉത്തരവിറക്കിയാല്‍ മാത്രമേ സിബിഐക്ക് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കൂവെന്നാണ് സിബിഐ കോടതിയില്‍ പറഞ്ഞത്.

18 ദിവസം വൈകിയാണ് സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശാണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി ഒമ്പതിന് വീണ്ടും പരിഗണിക്കും.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT