Kerala

കേരളത്തിന്‍റെ പ്രതിഷേധം; 'ദ കേരള സ്റ്റോറി' സംപ്രേഷണത്തിനെതിരെ ഡിവൈഎഫ്‌ഐ മാര്‍ച്ച്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ദ കേരള സ്റ്റോറി സിനിമ സംപ്രേഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ദൂരദര്‍ശന്റെ കുടപ്പനക്കുന്ന് ആസ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. ദൂരദര്‍ശന്‍ വെറുപ്പിന്റെ ഫാക്ടറിയെന്ന് ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു. സര്‍ക്കാര്‍ നിയന്ത്രിത മാധ്യമത്തെ വിദ്വേഷ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്. റിയല്‍ കേരള സ്‌റ്റോറിയെന്ന ചിത്രം 200 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

ഇന്ന് വൈകീട്ട് എട്ട് മണിക്കാണ് കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദൂരദര്‍ശന്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് സിപിഐഎം വിമര്‍ശനം. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് യുഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന വാചകത്തിലാണ് ദൂരദര്‍ശന്‍ സിനിമ പരസ്യം ചെയ്യുന്നത്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.

2023 മെയ് 5നായിരുന്നു തിയേറ്റര്‍ റിലീസ്. ആ സമയത്ത് തന്നെ കേരളത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. സിനിമ സംപ്രേഷണം ചെയ്യുന്നത് കേരളത്തെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശന്‍ മാറരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സിനിമ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാര്‍ താല്‍പര്യമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലുള്ളത്. സിനിമ സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

SCROLL FOR NEXT