Kerala

കലോത്സവ കോഴക്കേസ്; അറസ്റ്റ് ചെയ്യരുത്, രണ്ട് നൃത്ത പരിശീലകര്‍ മുന്‍കൂര്‍ ജാമ്യം തേടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കോഴക്കേസില്‍ രണ്ട് നൃത്ത പരിശീലകര്‍ മുന്‍കൂര്‍ ജാമ്യം തേടി. പൊലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.

ഇന്ന് 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കോഴ ഇടപാടില്‍ പങ്കാളിയല്ലെന്നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. കേസില്‍ തങ്ങളെ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ട്. അതിന്റെ ഭാഗമായാണ് പരാതി വന്നത്. അല്ലാതെ വിധി കര്‍ത്താവുമായി നേരിട്ട് ഇടപെട്ടിട്ടില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് തടയണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. സര്‍വ്വകലാശാല കലോത്സവത്തിലെ മാര്‍ഗം കളിയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്ങള്‍ പഠിപ്പിച്ച ടീം ആണ്. വിധി കര്‍ത്താവിന് കോഴ നല്‍കിയെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. തങ്ങള്‍ക്കെതിരായ കേസ് ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെ ഭാവിയെ ബാധിക്കും. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് സമാനമാണ് കേസെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

കോഴക്കേസില്‍ ആരോപണ വിധേയനായ വിധികര്‍ത്തവ് പി എന്‍ ഷാജി ജീവനൊടുക്കിയതോടെ സംഭവത്തിന്‍റെ ​ഗൗരവമേറിയിരിക്കുകയാണ്. നിരപരാധിയാണെന്ന് ആത്മഹത്യാക്കുറിച്ച് എഴുതിവെച്ചാണ് ഷാജി ജീവനൊടുക്കിയത്. എന്നാല്‍ മകനെ കുടുക്കിയതാണെന്ന് ഷാജിയുടെ അമ്മയും, അടുത്ത സൃഹൃത്തുക്കളാണ് ഇതിന് പിന്നിലെന്ന് സഹോദരന്‍ അനില്‍ കുമാറും ആരോപിച്ചു. കോഴ ആരോപണത്തില്‍ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്നലെ വൈകിട്ട് 6.45 ഓടെ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സംശയം; സുഹൃത്തിനെ ചോദ്യം ചെയ്യും

ആലപ്പുഴ മെഡിക്കൽ കോളേജില്‍ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

എം എം ഹസന്റെ തീരുമാനം റദ്ദാക്കിയ നടപടി; കെ സുധാകരനെതിരെ അമർഷം

SCROLL FOR NEXT