Kerala

ലോക്‌സഭയിലേയ്‌ക്കോ രാജ്യസഭയിലേയ്‌ക്കോ സീറ്റ് വേണം; ആവശ്യവുമായി യൂത്ത് ലീഗ്‌

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: യുഡിഎഫ് ഉഭയകക്ഷി ചർച്ചയിലെ ധാരണ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരാനിരിക്കെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത്. രണ്ട് ലോക്സഭാ സീറ്റിൽ ഏതെങ്കിലുമോ പുതിയതായി ലഭിക്കാൻ ധാണയായിരിക്കുന്ന രാജ്യസഭാ സീറ്റോ നൽകണമെന്നാണ് യൂത്ത് ലീഗിൻ്റെ ആവശ്യം. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ പരിഗണിക്കണമെന്നാണ് യൂത്ത് ലീഗിൻ്റെ ആവശ്യം. സിറ്റിങ്ങ് എം പിമാർ മാറുകയാണെങ്കിൽ കെ എം ഷാജിയെ പരിഗണിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്.

നിലവിലെ സിറ്റിങ്ങ് സ്ഥാനാർത്ഥികൾ മണ്ഡലം മാറി മത്സരിക്കുന്ന വിഷയത്തിലും രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിച്ചും ഇന്ന് ചേരുന്ന നേതൃയോഗം വിശദമായി ചർച്ച ചെയ്യും. ഇതിനിടെ മലപ്പുറത്ത് മത്സരിക്കണമെന്ന ആവശ്യത്തിൽ ഇ ടി മുഹമ്മദ് ബഷീർ സമ്മർദ്ദം ചെലുത്തുന്നതും ഇന്നത്തെ നേതൃയോഗം ചർച്ച ചെയ്യും. ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് അയക്കാനും പകരം യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനുമുള്ള ചർച്ചകളും മുസ്ലിം ലീഗിൽ സജീവമാണ്.

ഇതിനിടെയാണ് പൊന്നാനിയിൽ നിന്നും മലപ്പുറത്തേയ്ക്ക് മാറാനുള്ള നീക്കം ഇ ടി മുഹമ്മദ് ബഷീർ ശക്തമാക്കിയിരിക്കുന്നത്. സ്വന്തം നാട്ടിൽ നിന്ന് മത്സരിക്കണമെന്ന താൽപ്പര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. നാളത്തെ ലീഗ് യോഗത്തിൽ ആവശ്യം വീണ്ടും ഉന്നയിക്കും. നിയമസഭാ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ 35 വർഷവും മത്സരിച്ചത് മറ്റു മണ്ഡലങ്ങളിൽ നിന്നാണെന്നതാണ് ഇ ടി ചൂണ്ടിക്കാണിക്കുന്നത്. പൊന്നാനിയിൽ സമുദായ വോട്ടുകൾ ഭിന്നിക്കുമോയെന്ന ആശങ്കയാണ് മണ്ഡലം മാറി മത്സരിക്കാൻ ഇ ടിയെ പ്രേരിപ്പിക്കുന്നത്. ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കണമെന്ന് തീരുമാനിച്ചാൽ അതിന് വഴങ്ങിക്കൊടുക്കേണ്ടി വരും. മലപ്പുറം വേണമെന്ന് ഇ ടി മുഹമ്മദ് ബഷീർ നിർബന്ധം പിടിച്ചാൽ അതും അവഗണിക്കാൻ ലീഗ് നേതൃത്വത്തിന് സാധിക്കില്ല.

ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേയ്ക്ക് ഇ ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കാനും പൊന്നാനിയിൽ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ ഫൈസൽ ബാബുവിനെ പരിഗണിക്കാനുമുള്ള ആലോചനയും ഇന്നത്തെ നേതൃ യോഗത്തിൻ്റെ പരിഗണനയിൽ വരും. ഇ ടി മുഹമ്മദ് ബഷീർ പിന്മാറാൻ വിസമ്മതിച്ചാൽ അബ്ദുസമദ് സമദാനിയെ രാജ്യസഭയിലേയ്ക്ക് മത്സരിപ്പിക്കാനും ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേയ്ക്ക് മാറ്റാനും അഡ്വ ഫൈസൽ ബാബുവിനെ പൊന്നാനിയിൽ നിന്ന് മത്സരിപ്പിക്കാനുമുള്ള നിർദ്ദേശവും ഉയർന്ന് വന്നിട്ടുണ്ട്. നിലവിലെ സിറ്റിങ്ങ് എം പിമാർ രണ്ടുപേരും മത്സരരംഗത്തു നിന്ന് പിന്മാറാൻ വിസമ്മതിച്ചാൽ മലപ്പുറം, പൊന്നാനി സീറ്റുകൾ വെച്ചുമാറണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച തീരുമാനം സാദിഖലി തങ്ങൾ പങ്കെടുക്കുന്ന നാളത്തെ മുസ്ലിം ലീഗ് യോഗത്തിൽ ഉണ്ടാകും.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT