Kerala

സ്ഥാനാർത്ഥിത്വം ലീ​ഗിനുള്ള മറുപടിയല്ല,പാർട്ടി ചിഹ്നത്തിലൂടെ അപരന്മാരുടെ വെല്ലുവിളി മറികടക്കാം: ഹംസ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: പൊന്നാനിയിൽ താൻ സിപിഐഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതിലൂടെ അപരന്മാരുടെ വെല്ലുവിളി മറികടക്കാനാകുമെന്ന് ഇടതു സ്ഥാനാർത്ഥി കെ എസ് ഹംസ. തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഹംസ മത്സരിക്കുന്നത്. സിപിഐഎമ്മിന്റെ എല്ലാ സ്ഥാനാർത്ഥികളും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ എസ് ഹംസ.

പൊന്നാനിയിലെ എൽഡിഎഫ് പ്രവർത്തകർ വലിയ ആവേശത്തിലാണെന്ന് ഹംസ പറഞ്ഞു. പാർട്ടി ചിഹ്നം തിരഞ്ഞെടുത്തതാണ് ആവേശത്തിന് കാരണം. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. ചിഹ്നത്തിനായി സി പി ഐഎം നേതൃത്വത്തോട് അഭ്യർത്ഥിച്ചതാണ്. മുസ്ലിം ലീഗിനുള്ള മറുപടിയല്ല തൻ്റെ സ്ഥാനാർത്ഥിത്വം. സമസ്ത, മുജാഹിദ്, ഹൈന്ദവസംഘടനകൾ ഉൾപ്പെടെ എല്ലാവരുടെയും വോട്ട് പ്രതീക്ഷിക്കുന്നുണ്ട്. ബഹുഭൂരിപക്ഷം വോട്ട് നേടി ഇടതുപക്ഷം പൊന്നാനി മണ്ഡലം പിടിച്ചെടുക്കും. തനിക്ക് ലഭിച്ചത് പേയ്മെൻ്റ് സീറ്റാണെന്ന പ്രചാരണത്തോട് പ്രതികരിക്കാനില്ല. ഇരു സമസ്തകൾ അടക്കം പിന്തുണ അറിയിച്ചിട്ടുണ്ട്. പൊന്നാനിയ്ക്കു വേണ്ടി ജനകീയ മാനിഫെസ്റ്റോ രൂപീകരിക്കും. പൊന്നാനിയിൽ ഒരു 'അവയ്‌ലബ്ൾ' എം പി ആയിരിക്കും. പാർട്ടി അംഗത്വം തരണോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും കെ എസ് ഹംസ പറഞ്ഞു.

മുസ്ലീം ലീഗ് പുറത്താക്കിയ മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയായി കളത്തിലിറക്കാനുള്ള സിപിഐഎം തീരുമാനം അപ്രതീക്ഷിതമായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയതിനാണ് സംസ്ഥാന സെക്രട്ടറിയായിരിക്കെ കെ എസ് ഹംസക്കെതിരേ ആദ്യം ലീഗ് നടപടിയെടുത്തത്. പിന്നാലെ പാര്‍ട്ടി ചുമതലകളില്‍നിന്ന് നീക്കി. തുടര്‍ന്ന് ഗുരുതരമായ അച്ചടക്കലംഘനം ആരോപിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.

ലീ​ഗിൽ നിന്ന് പുറത്താക്കപ്പെട്ട കെ എസ് ഹംസയ്ക്ക് പൊന്നാനിയിൽ സീറ്റ് നൽകുന്നതോടെ ലീ​ഗ് കോട്ടയുടെ അടിത്തറയിളക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. 1962 മുതൽ 1971 വരെ മൂന്ന് തവണമാത്രമാണ് പൊന്നാനി ഇടതിനൊപ്പം നിന്നിട്ടുള്ളത്. നിയമസഭയിലേക്ക് രണ്ടാമതും പിണറായി സർക്കാരിനെ ജയിപ്പിച്ച ജനം ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷ ഇടത് പാളയത്തിലുണ്ട്. ഇമ്പിച്ചി ബാവയെയും സി കെ ചക്രപാണിയെയും എം കെ കൃഷ്ണനെയും പിന്തുണച്ച പൊന്നാനി വീണ്ടും ഇടതിന്റെ കൈയിലെത്തിക്കാൻ മുൻ മുസ്ലിം ലീ​ഗ് നേതാവിനാകുമോ എന്ന പരീക്ഷണ വേദികൂടിയാണ് ഇത്തവണ എൽഡിഎഫിന് പൊന്നാനി.

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

SCROLL FOR NEXT