Kerala

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ജലവിഭവ മന്ത്രിയുടെ ഓഫീസില്‍ വെച്ച് ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി. മന്ത്രി റോഷി അഗസ്റ്റിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എസ് പ്രേംജിക്ക് എതിരെയാണ് പരാതി. ഉന്തിനും തള്ളിനും ഇടയില്‍ ചീഫ് എഞ്ചിനീയര്‍ ശ്യാം ഗോപാലിന് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10.45ഓടെയായിരുന്നു സംഭവം. സംഭവത്തില്‍ മന്ത്രിക്കും ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ശ്യാം പരാതി നല്‍കിയിട്ടുണ്ട്.

ഇൻലാൻഡ്‌ നാവിഗേഷന്റെയും കുട്ടനാട് പാക്കേജിന്റെയും ചുമതലയുള്ള ചീഫ് എഞ്ചിനീയർ ശ്യാം ഗോപാൽ മന്ത്രി റോഷി അഗസ്റ്റിനെ കാണാൻ എത്തിയതായിരുന്നു. മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ കാബിനിലേക്ക് പോകവേ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി എസ്‌ പ്രേംജി ഓഫീസിൽ നിന്ന് ഇറങ്ങി പോകാനാവശ്യപ്പെട്ടു. പിന്നാലെ കയ്യേറ്റം ചെയ്തുവെന്നാണ് ശ്യാം ഗോപാലിന്റെ പരാതി. വലത് കൈക്ക് പരിക്കേറ്റ ചീഫ് എഞ്ചിനീയർ സെക്രട്ടറിയേറ്റിനുള്ളിലെ ക്ലിനിക്കിൽ ചികിത്സ തേടി.

എന്നാൽ കയ്യേറ്റം ഉണ്ടായിട്ടില്ലയെന്നാണ് മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. കഴിഞ്ഞ നിയമസഭയിലെ ചോദ്യങ്ങൾക്ക്‌ ശ്യാം ഗോപാൽ തെറ്റായ ഉത്തരമാണ് കൈമാറിയതെന്നും. ബുധനാഴ്‌ച്ച മന്ത്രിയുടെ സ്റ്റാഫുകൾ ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ധിക്കാരത്തോടെയാണ് ശ്യാം ഗോപാൽ പ്രതികരിച്ചത്. മന്ത്രി വിളിപ്പിച്ചാൽ മാത്രം ഓഫീസിലേക്ക് വന്നാൽ മതിയെന്ന് ഓഫീസ് സ്റ്റാഫുകൾ നിർദേശിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ വീണ്ടും ശ്യാം ഗോപാൽ ഓഫീസിലെത്തി. ശ്യാമിനോട് പുറത്തുപോകാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പ്രേംജി പറഞ്ഞു. ശ്യാം ഗോപാലിനെതിരെ ഓഫീസ് ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. പരാതികൾ പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. സംഭവത്തിൽ എസ്‌ പ്രേംജിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ഓഫ് എഞ്ചിനീയേഴ്‌സ് കേരള ആവശ്യപ്പെട്ടു.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT