Kerala

'ചികിത്സ നിഷേധിക്കാൻ യുഡിഎഫിന് ആശുപത്രി ഇല്ല'; 'കുഞ്ഞനന്തൻ വിവാദ'ത്തിൽ എം എം ഹസ്സൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13ാം പ്രതി പി കെ കുഞ്ഞനന്തന് യുഡിഎഫ് ചികിത്സ നിഷേധിച്ചെന്ന ആരോപണത്തോട് പ്രതികരിച്ച് മുന്നണി കൺ‌വീനർ എം എം ഹസ്സൻ. ചികിത്സ നിഷേധിക്കാൻ യുഡിഎഫിന് ആശുപത്രി ഇല്ലെന്ന് ഹസ്സൻ പ്രതികരിച്ചു. വിഐപി ചികിത്സയാണ് കുഞ്ഞനന്തന് ലഭിച്ചത്. യുഡിഎഫ് ഭരിക്കുമ്പോഴും എൽഡിഎഫ് ഭരിക്കുമ്പോഴും കുഞ്ഞനന്തന് ചികിത്സ ലഭിച്ചു. ഭീഷണിപ്പെടുത്തി എല്ലാ സൗകര്യങ്ങളും പ്രതികൾ ഏർപ്പെടുത്തിയിരുന്നു എന്നും ഹസ്സൻ പറഞ്ഞു.

കുഞ്ഞനന്തന്റെ മരണത്തിൽ മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി ഉന്നയിച്ച ആരോപണത്തിന്റെ വസ്തുത ഷാജിക്ക് മാത്രമേ അറിയൂ എന്നും എം എം ഹസ്സൻ‌ പറഞ്ഞു. ടി പി വധക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധ ഏറ്റാണ് കുഞ്ഞനന്തന്‍ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി ആരോപിച്ചിരുന്നു. പിന്നാലെ ഇതിനെതിരെ കുഞ്ഞനന്തന്റെ മകൾ ഷബ്ന മനോഹരൻ രം​ഗത്തുവന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും ഷബ്‌ന റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. കുഞ്ഞനന്തനെ കൊന്നത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും അള്‍സര്‍ മൂര്‍ച്ഛിച്ചാണ് അദ്ദേഹം മരിച്ചതെന്നും ലീഗ് നേതാവിനെ തള്ളികൊണ്ട് ഷബ്‌ന പറഞ്ഞു. ഈ വിഷയത്തിലാണ് യുഡിഎഫ് കൺവീനർ ഇപ്പോൾ‌ പ്രതികരിച്ചിരിക്കുന്നത്.

അന്നത്തെ മന്ത്രിയും ജയിൽ അധികൃതരുമാണ് കുഞ്ഞനന്തന്റെ മകളുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതെന്നും ഹസ്സൻ അഭിപ്രായപ്പെട്ടു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിൻ്റെ ബുദ്ധികേന്ദ്രം കുഞ്ഞനന്തനായിരുന്നു. ഗൂഢാലോചന നടത്തിയവരെ ഇതുവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഇവർ ആരാണെന്ന് മാധ്യമങ്ങൾക്കും കേരള ജനതക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സീറ്റ് വിഭജനത്തിൽ കെ മുരളീധരന്റെ അഭിപ്രായങ്ങളെ എം എം ഹസ്സൻ തള്ളി. മുസ്ലിം ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നത് മുരളീധരൻ്റെ അഭിപ്രായമാണ്. ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ല. ലീഗുമായുള്ള ഉഭയകക്ഷി ചർച്ചകൾ ഉടൻ പൂർത്തിയാക്കും. സീറ്റ് വിഭജന ചർച്ചകളും പൂർത്തിയാക്കും. യുഡിഎഫിൽ അനിശ്ചിതത്വം ഇല്ല. ഉടൻ യുഡിഎഫ് യോഗം ചേരും. സമരാഗ്നി നടക്കുന്നതുകൊണ്ടാണ് യോഗം വൈകുന്നത്. എൽഡിഎഫ് സ്ഥാനാർഥി ആരായാലും യുഡിഎഫിന് പ്രശ്നമില്ല. കഴിഞ്ഞതവണ എൽഡിഎഫിനോട് ഏറ്റുമുട്ടിയാണ് 19 സീറ്റ് നേടിയതെന്നും എം എം ഹസ്സൻ പറഞ്ഞു.

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

നാക്കിലെ കെട്ട് ശ്രദ്ധയില്‍പ്പെട്ടു, ഡോക്ടര്‍ അതിന് പ്രാധാന്യം നല്‍കി: ന്യായീകരണവുമായി കെജിഎംസിടിഎ

SCROLL FOR NEXT