Kerala

അച്ഛന്‍ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്, കൊന്നത് യുഡിഎഫ്; ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ എം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന മനോഹരന്‍. മരണത്തില്‍ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും ഷബ്‌ന റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കൊന്നത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും അള്‍സര്‍ മൂര്‍ച്ഛിച്ചാണ് പിതാവ് മരിച്ചതെന്നും ലീഗ് നേതാവിനെ തള്ളികൊണ്ട് ഷബ്‌ന പറഞ്ഞു.

ഞങ്ങള്‍ക്ക് അങ്ങനെയൊരു ആരോപണം ഇല്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി ചികിത്സ നല്‍കിയില്ലെന്ന ആരോപണം ഉണ്ട്. അതിനാലാണ് അള്‍സര്‍ ഗുരുതരമായത്. പല തവണ ഉന്നയിച്ചപ്പോളും വ്യാജമാണെന്ന് യുഡിഎഫും മാധ്യമങ്ങളും ഒരുപോലെ പറഞ്ഞു. എല്‍ഡിഎഫ് വന്നപ്പോഴേക്കും രോഗം പാരമ്യത്തില്‍ എത്തിയിരുന്നു. യുഡിഎഫ് അച്ഛനെ കൊന്നതാണെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നില്ലേ. ഷബ്ന ആരോപിച്ചു.

ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധ ഏറ്റാണ് കുഞ്ഞനന്തന്‍ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി ആരോപിച്ചിരുന്നു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാനപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.

രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഐഎം ആണ്. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ് ഇതിനൊക്കെ അടിസ്ഥാനമെന്നും കെ എം ഷാജി ആരോപിച്ചിരുന്നു.

'ഞങ്ങള്‍ക്ക് വേണ്ടത് കൊന്നവനെയല്ല. കൊല്ലാന്‍ ഉപയോഗിച്ചത് കത്തിയാണ്, ബോംബാണ്. അതൊരു ഉപകരണമാണ്. അതുപോലൊരു ഉപകരണമാണ് കൊലപാതകികളായ രാഷ്ട്രീയക്കാരും. പക്ഷെ കൊല്ലാന്‍ പറഞ്ഞവരെ വിടരുത്. കൊല്ലിച്ചവരെ വേണം. ടി പി വധക്കേസില്‍ കുഞ്ഞനന്തന്‍ മരിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുഞ്ഞനന്തന്‍ മരികക്കുന്നത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് പറയുന്നതിന്റെ പേരില്‍ എന്നെ തൂക്കികൊന്നാലും കുഴപ്പമില്ല. രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ചന്ദ്രശേഖരന്‍ വധക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്ദനായിരുന്നു. ഏഴ് പ്രതികള്‍ക്ക് ചന്ദ്രശേഖനോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ്.' കെ എം ഷാജി ആരോപിച്ചു.

ടി പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി കെ കുഞ്ഞനന്തന്‍. വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ജയിലില്‍ ആയിരിക്കെ തന്നെ കുഞ്ഞനന്തനെ പാര്‍ട്ടി ഏരിയാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

SCROLL FOR NEXT