Kerala

'വികാരഭരിതമായ അന്തരീക്ഷത്തിലല്ല ചർച്ച നടത്തേണ്ടത്'; വീട് സന്ദർശിക്കാത്തതിൽ പ്രതികരിച്ച് വനം മന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇടുക്കി: വനം വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയും വീടുകൾ സന്ദർശിക്കാൻ താമസിച്ചു എന്ന ആരോപണത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വികാരഭരിതമായ അന്തരീക്ഷത്തിൽ ചർച്ച നടത്തിയിട്ട് കാര്യമില്ല, സമാധാനപരമായ അന്തരീക്ഷത്തിലാണ് ചർച്ച നടത്തേണ്ടത് എന്നും ഫലപ്രദമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ബേലൂർ മഗ്നയുടെ ആക്രമണത്തിൽ മരിച്ച അജീഷിന് കർണാടക സഹായം കൊടുക്കുന്നതായുള്ള വാർത്തകളോടും മന്ത്രി റിപ്പോർട്ടറിനോട് പ്രതികരിച്ചു.

ഫലപ്രദമായ ചർച്ചയിലേക്കെത്തുന്ന തരത്തിലേക്ക് കൂടിയാലോചനകൾ എത്തിച്ചേരാനുള്ള സദുദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രിയുമായി മീറ്റിംഗ് നടത്തുന്നത്. സ്ഥലം സന്ദർശിക്കുക, വീടുകളിൽ പോവുക, വീട്ടുകാരെ ആശ്വസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രധാനപ്പെട്ട ഘടകം തന്നെയാണ്. അതൊരു വിഷയമാണെങ്കിലും അതിനേക്കാൾ പ്രധാനപ്പെട്ടത് ഗവൺമെന്റ് എന്താണ് ചെയ്യുന്നത്?, പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടോ? ആ ശ്രമങ്ങളിൽ ഫലപ്രദമായി ഇടപെടുന്നുണ്ടോ? എന്നീ കാര്യങ്ങളാണ്. വീട് സന്ദർശിക്കാതിരുന്നത് മനുഷ്യത്വപരമായ കാര്യമാണ്. എന്നിരുന്നാലും പ്രധാനം പ്രശ്നപരിഹാരമാണ്. ആ ദിശയിലേക്ക് കാര്യങ്ങളാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. വയനാട്ടിലെ ജനങ്ങളെ രക്ഷിക്കലാണ് ആഗ്രഹിക്കുന്നതെങ്കിൽ സമാധാനപരമായ, ആരോഗ്യപരമായ അന്തരീക്ഷത്തിലിരുന്നു ചർച്ച ചെയ്യേണ്ടത്. വികാരഭരിതമായ അന്തരീക്ഷത്തിൽ ചർച്ച നടത്തിയാൽ ശരിയായ തീരുമാനമെടുക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ.

പുൽപ്പള്ളിയിലെ സമരക്കാർക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞതിങ്ങനെ, 'പൊതുമുതൽ നശിപ്പിച്ചവരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. പ്രതിഷേധം അക്രമാസക്തമാകരുത് എന്നതാണ് പ്രധാന ഘടകം. പ്രതിഷേധിക്കാനും സംഘടിക്കാനും സമരം ചെയ്യാനുമെല്ലാം എല്ലാ അവകാശവും സ്വാതന്ത്ര്യവുമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. പക്ഷെ അത് വഴിവിട്ട തരത്തിലാകുമ്പോൾ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസിനെതിരെ കോടതി നടപടി സ്വീകരിക്കുന്ന സാഹചര്യം കൂടി കേരളത്തിലുണ്ടെന്ന് മനസിലാക്കുക.'

കുടുംബത്തിന്റെ നഷ്ടപരിഹാരം പുനപരിശോധിക്കണമെന്ന് ജനങ്ങളുടെ ആവശ്യങ്ങളോടും മന്ത്രി പ്രതികരിച്ചു. ഒരാളുടെ കാര്യം മാത്രം കണ്ടുകൊണ്ട് നഷ്ടപരിഹാര തുക നിശ്ചയിക്കാൻ സാധിക്കില്ലല്ലോ. ഒരോ സംസ്ഥാനവും അവരുടെ സാമ്പത്തിക ശേഷി പരിഗണിച്ചുകൊണ്ട് തീരുമാനിച്ചിട്ടുളളതാണ്. അത് പുൽപ്പള്ളിയെ കണ്ടിട്ടോ ഇടുക്കിയെ കണ്ടിട്ടോ മറ്റ് സ്ഥലങ്ങളെ കണ്ടിട്ടോ അല്ല. ഇത്തരത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ എത്ര തുക ആശ്വാസ ധനമായി നൽകാൻ കഴിയും എന്ന് കൂടിയാലോചിച്ചാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. അത് ഉചിതമായ സമയത്ത് പുനപരിശോധിക്കുന്നതിന് സർക്കാരിന് പ്രശ്നമൊന്നുമില്ല. പക്ഷെ അത് ആ സമയത്തായിരിക്കും.

'അജീഷിന്റെ കുടുംബത്തിന് കർണാടക ധനസഹായം ചെയ്തത് മാധ്യമങ്ങളിലൂടെയുള്ള മാത്രമെ അറിയൂ. അങ്ങനെ സഹായിക്കുന്നുണ്ടെങ്കിൽ അത് വളരെ നല്ല കാര്യമാണ്. ഒരു കുംടുബത്തെ സഹായിക്കുന്നതിന് എന്തിനാണ് മറ്റൊരു കണ്ണിലൂടെ കാണുന്നത്. സഹായിക്കാൻ കഴിയുന്നവരെല്ലാം ആ കുടുംബത്തിനെ സഹായിക്കണം. ബോബി ചെമ്മണ്ണൂർ അങ്ങനെ ചെയ്തുവെന്നാണ് ഞാൻ മനസിലാക്കുന്നത്. അത് നല്ല കാര്യമാണ്', മന്ത്രി പറഞ്ഞു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT