Kerala

വിസി നിയമനം, സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണം; സർവകലാശാലകൾക്ക് ​ഗവർണറുടെ അന്ത്യശാസനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്ന് സർവകലാശാലകൾക്ക് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അന്ത്യശാസനം. മൂന്ന് അംഗ സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ആവശ്യപ്പെട്ട് എട്ട് സർവകലാശാലകൾക്ക് ഗവർണർ വീണ്ടും കത്ത് നൽകി. സുപ്രീകോടതി വിധി പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്ക് അധികാരമുണ്ടെന്ന് കത്തിൽ പറയുന്നു.

സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായുള്ള മൂന്നംഗ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ ആവശ്യപ്പെട്ട് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പലതവണ കത്ത് നൽകിയിരുന്നു. എന്നാൽ ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള സർവ്വകലാശാല ഭരണ സമിതികൾ ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും കത്ത് നൽകിയത്. എന്നാൽ ഇത്തവണ നിലപാട് കടുപ്പിച്ചു. ഒരു മാസത്തിനകം യോഗം വിളിച്ചുചേർത്ത് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നൽകണമെന്നും, നടപടികൾ കൈകൊള്ളുന്നില്ലെങ്കിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നാണ് കത്തിൻ്റെ ഉള്ളടക്കം.

ചാൻസലർ, യുജിസി, സർവകലാശാലാ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന മൂന്ന് അംഗ സെർച്ച് കമ്മിറ്റി നൽകുന്ന പട്ടികയിൽ നിന്നാണ് ചാൻസലർ വിസിയെ നിയമിക്കുക. കേരള, എംജി, കുസാറ്റ്, കണ്ണൂർ, മലയാളം, കെ ടി യു, അഗ്രിക്കച്ചർ, ഫിഷറീസ്, വിസിമാർക്കാണ് കത്തയച്ചിരിക്കുന്നത്.

അതേസമയം ഗവർണറുടെ നിർദ്ദേശം നടപ്പാക്കാൻ കേരള സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ നടപടികൾ ആരംഭിച്ചു. ഈ മാസം 16ന് സെനറ്റ് യോഗം വിളിച്ചു ചേർക്കണമെന്ന് രജിസ്ട്രാർക്ക് വിസി നിർദേശം നൽകി. സെനറ്റ് യോഗം ചേർന്നാണ് സർവകലാശാല പ്രതിനിധിയെ തീരുമാനിക്കേണ്ടത്. യുജിസി ചട്ടം ലംഘിച്ച് നിയമനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലിക്കറ്റ്‌, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ യൂണിവേഴ്സിറ്റി വിസി മാരുടെ ഹീയറിങ് നടത്താനും ഗവർണർ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 24 നാണ് ഹിയറിങ്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT