Kerala

'മുസ്ലിം ലീ​ഗ്-സിപിഐഎം സഖ്യം അസാധ്യം'; നിലപാടുകൾ ഒത്തുവരുന്നത് സഖ്യസൂചനയല്ലെന്ന് കെ ടി ജലീൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: മുസ്ലിം ലീ​ഗ്-സിപിഐഎം സഖ്യം അസാധ്യമെന്ന് കെ ടി ജലീൽ എംഎൽഎ. മുസ്ലിം ലീ​ഗ് കോൺ​ഗ്രസിൽ നിന്ന് ഭിന്നമായി പല നിലപാടുകളും എടുത്തിട്ടുണ്ട്. അത് ഇടതുപക്ഷ നിലപാടുകളുമായി ഒത്തുവരുന്നു എന്നതുകൊണ്ട് സ്വാ​ഗതം ചെയ്യുന്നതാണ്. അതിനെ രാഷ്ട്രീയ സഖ്യമായിട്ടോ അല്ലെങ്കിൽ സഖ്യത്തിന്റെ സൂചനയായിട്ടോ കണേണ്ടതില്ല. മുസ്ലിം ലീ​ഗിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുക, അവരെ മുന്നണിയിൽ കൊണ്ടുവരിക എന്നത് സിപിഐഎം നേതാക്കളുടെ പരിപാടിയാണെന്ന് കരുതുന്നില്ലെന്നും കെ ടി ജലീൽ റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ പറഞ്ഞു.

ന്യൂനപക്ഷ ജനവിഭാ​ഗവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളിലും മുസ്ലിം ലീ​ഗ് പ്രതികരിക്കുന്നില്ലെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി. അവർ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് ആണ് രാമക്ഷേത്രം പണിതതെന്ന വാർത്തകളും ലേഖനങ്ങളും എഡിറ്റോറിയലും പല പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യം ചന്ദ്രിക പത്രത്തിൽ കണ്ടില്ല. ആരെയാണ് മുസ്ലിംലീ​ഗും ചന്ദ്രികയും ഭയക്കുന്നത്. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നിലനിൽക്കുന്നുവെന്നത് മൂലമാണോ പ്രതികരിക്കാത്തത്. ഇതിൽ വിശദീകരണം തരേണ്ടത് മുസ്ലിം ലീ​ഗ് നേതൃത്വമാണെന്നും കെ ടി ജലീൽ പറഞ്ഞു.

മുസ്ലിം ലീ​​ഗിനെ ഒരു പ്രൈവറ്റ് കമ്പനി എന്ന നിലയിലല്ല കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ സംഘടനയായിട്ടാണ് കൊണ്ടുപോകേണ്ടത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയർമാൻ ഒരാളും ജനറൽ മാനേജർ മറ്റൊരാളും എന്ന നിലയിൽ അല്ല കൊണ്ടുപോകേണ്ടതെന്ന് 2006 മുതൽ താൻ പറയുന്നതാണ്. ലീ​ഗിൽ നിന്ന് തന്നെ പുറത്താക്കുന്നതും ഇത്തരമൊരു സിസ്റ്റത്തിനെതിരെ ശക്തമായി സംസാരിച്ചത് കൊണ്ടാണ്. മുസ്ലിം ലീ​ഗ് ഒരു പ്രൈവറ്റ് കമ്പനിയുടെ രീതിയിലേക്ക് മാറുകയാണ്. ഈ ആക്ഷേപം ലീ​ഗിലെ പലർക്കുമുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.

ലീ​ഗിൽ ഒരു വിഭാ​ഗം ഒറ്റപ്പെട്ട് നിൽക്കുന്നു. മുഈൻ അലി തങ്ങൾക്ക് പിന്തുണ നൽകാൻ മുസ്ലിം ലീ​ഗ് നേതൃത്വം വൈകി എന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു. പൊന്നാനിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വലിയ സാധ്യതയുണ്ട്. എന്നാൽ താൻ മത്സരിക്കില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി. പൊതു സ്ഥാനാർത്ഥി വരുമോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT