Kerala

കുസാറ്റ് ദുരന്തം; മുൻ പ്രിൻസിപ്പാളിനെയും അധ്യാപകരെയും പ്രതിചേർത്തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മുൻ പ്രിൻസിപ്പാളിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്. ഡോ. ദീപക് കുമാർ സാഹു അടക്കം മൂന്നു പേരെയാണ് പ്രതിചേർത്തത്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

കുസാറ്റ് ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തുന്ന പോലീസ് ആണ് മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് പേരെ പ്രതി ചേർത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകിയത്. സംഭവ സമയം സ്കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ ആയിരുന്ന ഡോ. ദീപക് കുമാർ സാഹു, ടെക് ഫെസ്റ്റ് കൺവീനർമാരും അധ്യാപകരുമായ ഡോ. ഗിരീഷ് കുമാരൻ തമ്പി, ഡോ. എൻ ബിജു എന്നിവർക്കെതിരെയാണ് 304 എ വകുപ്പ് ചുമത്തിയത്. പരിപാടി നടത്തി പരിചയമില്ലാത്ത വിദ്യാർത്ഥികൾക്ക് നടത്തിപ്പ് ചുമതല നൽകി എന്നതാണ് കുറ്റം. എന്നാൽ പോലീസ് സഹായം ആവശ്യപ്പെട്ടുള്ള പ്രിൻസിപ്പാലിന്റെ കത്ത് പോലീസിന് കൈമാറാതിരുന്ന രജിസ്ട്രാർ ഓഫീസിനെ കേസിൽ നിന്ന് തല്ക്കാലം ഒഴിവാക്കിയിട്ടുണ്ട്. രജിസ്ട്രാർ ഓഫീസിന്റെ വീഴ്ച പരിശോധിക്കുമെന്നും കൂടുതൽ പേരെ പ്രതി ചേർത്തേക്കുമെന്നുമാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളത്. ഓഡിറ്റോറിയത്തിന്റെ പ്രശ്നങ്ങളും പരിശോധിക്കുന്നുണ്ട്. സിൻഡിക്കേറ്റ് ഉപസമിതി പ്രിൻസിപ്പലിനേയും രജിസ്ട്രാർ ഓഫീസിനെയും കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട്‌ നൽകിയത്. ഇക്കഴിഞ്ഞ നവംബർ 25ന് ഉണ്ടായ ദുരന്തത്തിൽ നാല് പേരാണ് മരിച്ചത്. 64 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നവംബർ 25നാണ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നാലെ ഡോ. ദീപക് കുമാർ സാഹുവിനെ സ്ഥലം മാറ്റിയിരുന്നു. സർവകലാശാല മൂന്നംഗ സിൻഡിക്കേറ്റ് ഉപസമിതിയിൽ നിന്നും പി കെ ബേബിയെയും മാറ്റി. ടെക് ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതലയിൽ വീഴ്ച വരുത്തിയ ആളാണ് പി കെ ബേബി എന്ന് ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു നടപടി. ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച പറ്റി എന്ന ആരോപണമുയർന്നിരുന്നു.

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

SCROLL FOR NEXT