Kerala

'ക്രൈസ്തവ സഭകളെ സർക്കാർ കാണുന്നത് ആദരവോടെ'; വിവാദ പരാമർശത്തിൽ സജി ചെറിയാനെ തള്ളി ജോസ് കെ മാണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: മന്ത്രി സജി ചെറിയാനെ തള്ളി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. മന്ത്രിയുടെ പരാമർശങ്ങൾ സർക്കാർ നിലപാടായി കാണേണ്ടതില്ല. ക്രൈസ്തവ സഭകളെയും സഭാ നിലപാടുകളെയും എൽഡിഎഫ് സർക്കാർ കാണുന്നത് ആദരവോടെയാണ്. ഭരണഘടന ചുമതലയിലുള്ളവർ ക്ഷണിക്കുന്ന ചടങ്ങിൽ സഭയുടെ മേലധ്യക്ഷന്മാർ പങ്കെടുക്കുന്നത് പുതിയ കീഴ് വഴക്കമല്ല. അത് ക്ഷണിക്കുന്നവരുടെ നിലപാടിനുള്ള അംഗീകാരമായി കരുതേണ്ട. മണിപ്പൂർ വിഷയത്തിൽ സഭയും കേരളാ കോൺഗ്രസും നിലപാട് അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമത്തെക്കുറിച്ചാണ് മന്ത്രി പരാമർശിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു.

ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം. ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമർശം. എന്നാൽ വിവാദമായതോടെ കേക്കും വീഞ്ഞും പരാമർശം സജി ചെറിയാൻ പിൻവലിച്ചു. രോമാഞ്ചം ഉണ്ടായെന്ന പരാമർശവും അദ്ദേഹം പിൻവലിച്ചു.

സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ കെസിബിസിയും ദീപികയുമടക്കം രം​ഗത്തെത്തിയിരുന്നു. വിമർശിക്കുമ്പോൾ മന്ത്രി ഔന്നത്യം കാണിക്കണമായിരുന്നുവെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ പ്രതിനിധികൾക്കെതിരെ സജി ചെറിയാൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കെസിബിസിയുടെ വിമർശനം.

ദീപിക പത്രം മുഖപ്രസം​ഗത്തിലാണ് സജി ചെറിയാനെതിരെ രം​ഗത്തെത്തിയത്. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയുന്ന മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു. മന്ത്രി സജി ചെറിയാനും കെ ടി ജലീല്‍ എംഎല്‍എയും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാര്‍ക്കുമെതിരെ നടത്തിയ പ്രതികരണങ്ങള്‍ ജീര്‍ണ്ണതയുടെ സംസ്‌കാരം പേറുന്നവര്‍ക്ക് ഭൂഷണമായിരിക്കാം. എന്നാല്‍ അവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്ക് ചേര്‍ന്നതല്ലെന്നും മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT