Kerala

വി എം സുധീരന്റെ പരസ്യവിമർശനം; ഹൈക്കമാൻഡിന് അതൃപ്തി, വിശദീകരണം തേടിയേക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: കോൺ​ഗ്രസ് നേതൃത്വത്തെ വിമർശിച്ചുകൊണ്ടുള്ള വി എം സുധീരന്റെ പരസ്യ പ്രസ്താവനയിൽ ഹൈക്കമാൻഡിന് അതൃപ്തി. പരസ്യ പ്രസ്താവനാ വിലക്ക് സുധീരൻ ലംഘിച്ചെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. പ്രസ്താവന അനവസരത്തിലെന്നും നേതൃത്വം നിരീക്ഷിച്ചു. പ്രസ്താവനയിൽ സുധീരനിൽ നിന്ന് വിശദീകരണം തേടിയേക്കും. എന്നാൽ സുധീരന് പരസ്യ മറുപടി നൽകില്ല. സുധീരന്റെ വിമർശനങ്ങൾക്ക് പരസ്യ മറുപടി നൽകേണ്ടെന്നാണ് കെപിസിസി നിലപാട്.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ നിശിതമായ ഭാഷയിൽ വിമർ‌ശിച്ചായിരുന്നു വി എം സുധീരന്‍റെ പ്രസ്താവന. ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സുധാകരന്‍ താന്‍ പാര്‍ട്ടി വിട്ടെന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. മറ്റേതൊരു കാര്യത്തെയും പോലെ സുധാകരന് ഇതും തിരുത്തേണ്ടി വരുമെന്നുമാണ് സുധീരന്‍ പറഞ്ഞത്. വി ഡി സതീശനും കെ സുധാകരനും ചുമതലയേറ്റെടുത്തപ്പോള്‍ സ്വാഗതം ചെയ്തയാളാണ് താന്‍. അന്നത്തെ വാര്‍ത്താക്കുറിപ്പും ഫേസ്ബുക്ക് പോസ്റ്റും നോക്കിയാല്‍ അക്കാര്യം മനസ്സിലാക്കാം. അവരുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം വരുമ്പോള്‍ അന്നേവരെ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്ന ഗ്രൂപ്പധിഷ്ഠിതമായ സംഘടനാശൈലിക്ക് സമൂലമായ മാറ്റം വരുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനാധിപത്യവിശ്വാസികള്‍ക്കും അത് തന്നെയാണ് ഉണ്ടായിരുന്നതെന്നും സുധീരൻ വിമർശിച്ചിരുന്നു.

ഗ്രൂപ്പ് അതിപ്രസരത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാകുമായിരുന്നുവെന്നും സുധീരന്‍ തുറന്നടിച്ചിരുന്നു. ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരം, ജയസാധ്യതയോ ജനസ്വീകാര്യതയോ നോക്കാതെയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഇതെല്ലാം തന്നെ ദുഃഖിതനാക്കിയെങ്കിലും സുധാകരനിലൂടെയും സതീശനിലൂടെയും മാറുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിഎം സുധീരന്‍ പറഞ്ഞിരുന്നു.

ഏകപക്ഷീയമായാണ് ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചത്. അതില്‍ വിയോജനക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് കെ സുധാകരന്‍ തന്നെ കാണാന്‍ വന്നു. നിങ്ങളുടെ രീതി ശരിയല്ലെന്ന് പറഞ്ഞിരുന്നു. മോശമായ രീതിയിലേക്ക് കാര്യങ്ങള്‍ പോകുമെന്നും കൂട്ടായ ആലോചനയില്‍ തീരുമാനമെടുക്കണമെന്നും മുന്നറിയിപ്പ് നല്‍കി. യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേണം സ്ഥാനങ്ങളിലേക്ക് ആളുകളെ നിയോഗിക്കാന്‍ എന്നും പറഞ്ഞു. ശേഷവും ഏകപക്ഷീയമാണ് കാര്യങ്ങള്‍ നീങ്ങിയത്. പിന്നീടും വിയോജിപ്പ് പ്രകടപ്പിച്ചെങ്കിലും സുധാകരന്‍ ശൈലിയില്‍ മാറ്റം വരുത്തിയില്ല. സംഘടനയ്ക്ക് പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡിനും കത്ത് അയച്ചു. പണ്ട് രണ്ട് ഗ്രൂപ്പിന്റെ താല്‍പര്യമാണ് സംരക്ഷിക്കേണ്ടതെങ്കില്‍ ഇപ്പോള്‍ അതിലും കൂടുതല്‍ ഗ്രൂപ്പുകളുണ്ട്. കത്തയച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും രാജിവെച്ചതെന്നും സുധീരന്‍ വീശദീകരിച്ചിരുന്നു.

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

മദ്യനയ അഴിമതി കേസ്; 'അറസ്റ്റും റിമാൻഡും റദ്ദാക്കണം', കെജ്‌രിവാളിൻ്റെ അപ്പീലിൽ അന്തിമ വാദം ഇന്ന്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സംശയം; സുഹൃത്തിനെ ചോദ്യം ചെയ്യും

കെജ്‌രിവാളിന്റെ പിഎ പാർട്ടി എംപിയെ അതിക്രമിച്ച കേസ്; തിരഞ്ഞെടുപ്പ് ആയുധമാക്കാൻ ബിജെപി

SCROLL FOR NEXT