Kerala

സായ്ഗ്രാമം വീടുകൾ പണിത് നൽകി, സർക്കാർ കൈമാറിയില്ല; എൻഡോസൾഫാൻ ബാധിതരുടെ ദുരിതജീവിതം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: എൻഡോസൾഫാൻ ബാധിതർക്കായി സർക്കാർ ഭൂമിയിൽ സായ്ഗ്രാമം പണിത് നൽകിയ വീടുകൾ പൂർണമായും കൈമാറാതെ സർക്കാർ. എൻമകജെയിലെ 36 വീടുകളാണ് പരിചരണമില്ലാതെ നശിക്കുന്നത്. ഇതിനെതിരെ സായ് ഗ്രാമം ജില്ലാ കളക്ടർക്കെതിരെ നൽകിയ പരാതി ഇപ്പോൾ ഹൈക്കോടതി പരിഗണിച്ച് വരികയാണ്.

2016ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആണ് എൻഡോസൾഫാൻ ബാധിതർക്കായി വീട് പണിത് നൽകാൻ തീരുമാനിച്ചത്. സായ് ഗ്രാമത്തിനെ ഏൽപിച്ച പദ്ധതിക്കായി 72 മണിക്കൂറിനുള്ളിൽ ഉത്തരവിറക്കി 15 ഏക്കർ സർക്കാർ ഭൂമിയും നൽകി. 45 വീടുകൾ വീതമുളള മെ​ഗാ ടൗൺഷിപ്, അവിടെ 50000 ലീറ്റ‍ർ കൊളളുന്ന വാട്ട‍ർ ടാങ്ക്, സോളാർ വഴി വൈദ്യുതി, ആയുഷിന്‍റെ ചികിൽസാ കേന്ദ്രം, സൗജന്യ ഡയാലിസിസ് സെന്‍റ‍ർ എന്നിങ്ങനെയായിരുന്നു സായ് ഗ്രാമത്തിന്റെ പദ്ധതി. എട്ട് കോടി ചെലവിൽ 180 ദിവസത്തിൽ വീടുകൾ പൂർത്തിയാക്കാനായിരുന്നു തീരുമാനം.

ഇതിനിടെ പിണറായി വിജയൻ സർക്കാർ ഭരണത്തിലെത്തി. തുടർന്ന് 22 വീടുകളുടെ താക്കോൽ കൈമാറി. അവിടെ തന്നെ ഉള്ള ബാക്കി വീടുകൾ കൈമാറാൻ ജില്ലാ ഭരണകൂടത്തെ ഏൽപിച്ചെങ്കിലും അതുണ്ടായില്ല. കാഞ്ഞങ്ങാട് ഇരിയയിലെ 22 വീടുകളും ഏറ്റവും കൂടുതൽ ദുരിത ബാധിതരുളള എൻമകജെയിലെ 36 വീടുകളും ദുരിത ബാധിത‍ർക്ക് നൽകാൻ ജില്ലാ ഭരണകൂടം തയാറായില്ല. നിരന്തര ശ്രമത്തിനൊടുവിൽ മുഖ്യമന്ത്രി ഇടപെട്ട് ആറ് മാസം മുമ്പ് ഇരിയയിലെ വീടുകൾ ദുരിത ബാധിതർക്ക് കൈമാറി. എന്നാൽ മൂന്ന് വർഷമായി ഉപയോ​ഗിക്കാതെ കിടന്ന എൻമകജെയിലെ വീടുകൾ നശിച്ചു തുടങ്ങി. ഇതിനെതിരെ സായ് ഗ്രാമം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ദുരിത ബാധിതരായ പല കുടുംബങ്ങളും വാടക വീട്ടിലും മറ്റുമായി കഴിയുമ്പോഴാണ് ഒരു എൻജിഒ നിർമാണം പൂർത്തിയാക്കിയ വീടുകൾ കൈമാറാതെയുള്ള മെല്ലെപ്പോക്ക്. സർക്കാരിന് ഒരു നഷ്ടവുമില്ല. എന്നിട്ടും ആ‍ർക്കും ഉപകരിക്കരുതെന്ന പിടിവാശി ആർക്കാണ് എന്നത് ചോദ്യമായി ഉയരുകയാണ്.

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകലും; കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം

രാജ്യസഭാ സീറ്റ് ആവശ്യപ്പെടാൻ ജോസ് കെ മാണി; സിപിഐയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ലെന്ന് ബിനോയ് വിശ്വം

ഹരിഹരന്റെ വീട് ആക്രമിച്ചത് ഡിവൈഎഫ്ഐ എന്ന് പൊലീസ്; റിപ്പോർട്ട് തള്ളി സംസ്ഥാന പ്രസിഡന്റ് വി വസീഫ്

പോളിങ് ബൂത്തിൽ മുഖാവരണം ഊരാൻ ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി; കേസെടുത്ത് പൊലീസ്

SCROLL FOR NEXT