Kerala

ക്യൂബയുമായി സൗഹൃദം വളർത്താൻ കേരളം; 'ചെ' അന്താരാഷ്ട്ര ചെസ് മത്സരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ക്യൂബയുമായി സൗഹൃദം വളർത്താൻ കേരള സർക്കാർ. ഇതിന്റെ ഭാ​ഗമായി ക്യൂബയുമായി 'ചെ' എന്ന പേരിൽ അന്താരാഷ്ട്ര ചെസ് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചു. നവംബർ 16 മുതൽ 20 വരെ തിരുവനന്തപുരത്ത് മത്സരങ്ങൾ നടത്തും. ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിൽ സന്ദർശനം നടത്തിയതിൻ്റെ ഭാഗമായി കായികരംഗത്ത് ഇരു രാജ്യങ്ങളും സഹകരിക്കാന്‍ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ സംരംഭമാണ് അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റ്.

ചെഗുവേരയുടെ പേരിലാണ് ടൂര്‍ണമെന്റ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 16ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ക്യൂബന്‍ അമ്പാസഡര്‍ ടൂർണമെന്റിൽ മുഖ്യാതിഥിയാകും. നവംബർ 17 മുതല്‍ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മത്സരങ്ങള്‍ നടക്കുക.

അഞ്ച് ക്യൂബൻ ചെസ് താരങ്ങളെ കേരളത്തിലെത്തിച്ചാണു ടൂർണമെന്റ് നടത്തുന്നത്. അഞ്ച് ഇന്ത്യൻ താരങ്ങളും ടൂർണമെന്റിൽ പങ്കെടുക്കും. ക്യൂബൻ താരങ്ങൾക്കു പഞ്ചനക്ഷത്ര ഹോട്ടലിലും ഒരു ദിവസം ഹൗസ് ബോട്ടിലും താമസമൊരുക്കും. യാത്രാ ചെലവിനു പുറമെ അഞ്ച് ലക്ഷം രൂപ പ്രതിഫലവും നൽകും.

അഞ്ച് ദിവസം നീളുന്ന ടൂര്‍ണമെന്റില്‍, വിവിധ തലത്തിലുള്ള മത്സരങ്ങള്‍ നടക്കും. ക്യൂബന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരും ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരും തമ്മിലാണ് പ്രധാന മത്സരം. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് 14 ജില്ലകളിലും ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ വിജയിക്കുന്നവരും അണ്ടര്‍ 16, അണ്ടര്‍ 19 സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കും ക്യൂബന്‍, ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍മാരുമായി മത്സരിക്കാൻ അവസരം ലഭിക്കും.

16ന് ഉദ്ഘാടന ദിവസം ക്യൂബന്‍ ഗ്രാന്റ് മാസ്റ്റര്‍മാര്‍ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 64 കളിക്കാരുമായി ഒരേ സമയം മത്സരിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ചെസ് ടൂര്‍ണമെന്റും ആ ദിവസം സംഘടിപ്പിക്കുന്നുണ്ട്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമനായ ഇന്ത്യന്‍ ഗ്രാന്റ്മാസ്റ്റര്‍ പ്രഗ്‌നാനന്ദയും കേരളത്തിന്റെ സ്വന്തം ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിനും പരസ്പരം മത്സരിക്കും. മത്സരങ്ങള്‍ വലിയ സ്‌ക്രീനില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ലൈവ് സ്ട്രീമിങ്ങും ഉണ്ടാകും.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

പ്രാദേശിക വിഷയം; സ്മാരകം താന്‍ ഉദ്ഘാടനം ചെയ്യുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും: എം വി ഗോവിന്ദന്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

SCROLL FOR NEXT