Kerala

കളമശേരി സ്ഫോടനം: വിദ്വേഷ പ്രചരണം നടത്തിയതിന് 22 പേർക്കെതിരെ കേസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കളമശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ പ്രചരണം നടത്തിയതിന് 22 പേർക്കെതിരെ കേസെടുത്തു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 153 - കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കൽ, 153 എ - മതസ്പർദ്ധ വളർത്തൽ എന്നീ വകുപ്പ് പ്രകാരമാണ് കേസുകളെടുത്തിരിക്കുന്നത്.

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും കേസെടുത്തിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സൈബർ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. രാജീവ് ചന്ദ്രശേഖറിനെതിരെ ഐപിസി 153, 153 (എ), കേരള പൊലീസ് ആക്ട് 120 (ഒ) - ക്രമസമാധാനം തകർക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം, തീവ്ര ഗ്രൂപ്പുകളോട് മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസ് അതിനു കൂട്ടു നിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. വിഷം അല്ല കൊടുംവിഷമാണ് രാജീവ് ചന്ദ്രശേഖറെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. 'വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ', എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇതിനിടെ പൊലീസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു. മൂന്നര മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുക്കൽ ആറ് മണിയോടെയാണ് അവസാനിച്ചത്. വിശദമായി മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. ഡൊമിനിക് മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കേസിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി എന്നുറപ്പിച്ചിരിക്കുകയാണ് പൊലീസ്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. മാർട്ടിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം.

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

വോട്ട് രാഹുൽ ഗാന്ധിക്ക് ചെയ്യണം; റായ്ബറേലിയിലെത്തി വോട്ട് ചോദിച്ച് വയനാട് എംഎൽഎമാർ

SCROLL FOR NEXT