Kerala

'വിവാദമാക്കുന്നവർ, ഭൂരിപക്ഷത്തിനും അക്ഷരം നിഷേധിച്ച ജാതിത്തമ്പ്രാക്കന്മാരുടെ പ്രേതാവേശം ബാധിച്ചവര്‍'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ സംഘടിപ്പിച്ച വിദ്യാരംഭം വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന് എതിര് നില്‍ക്കുന്നവരും മഹാ ഭൂരിപക്ഷത്തിനും അക്ഷരം നിഷേധിച്ച ജാതി തമ്പ്രാക്കന്മാരുടെ പ്രേതാവേശം ബാധിച്ചവരുമാണെന്ന് പി ജയരാജന്‍ പറഞ്ഞു. കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പ്രതികരണം.

മട്ടന്നൂര്‍ നഗരസഭ ലൈബ്രറി കമ്മിറ്റിയുടെ വിദ്യാരംഭം ചടങ്ങില്‍ കുട്ടികളെ കൊണ്ട് അവരവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാര്‍ത്ഥനകള്‍ എഴുതിക്കാന്‍ മാതാപിതാക്കള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കുട്ടികള്‍ക്ക് 'ഹരിഃശ്രീ ഗണപതയേ നമഃ, അല്ലാഹു അക്ബര്‍, യേശുവേ സ്തുതി, അമ്മ, അച്ഛന്‍, അ, ആ, ഇ, ഈ (അക്ഷരമാലകള്‍), ഇംഗ്ലീഷ് അക്ഷരമാലകള്‍ എന്നിങ്ങനെ വിദ്യാരംഭം കുറിക്കാമെന്ന് അറിയിച്ച് പറഞ്ഞ് നഗരസഭ നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ ഇത് ചില വിഭാഗങ്ങളെ ഹനിക്കുന്നതാണെന്നും മതപരമായ വിശ്വാസങ്ങളെ ബാധിക്കും വിധം വിദ്യാരംഭം നടത്തരുതെന്നും ആവശ്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു.

രക്ഷിതാക്കള്‍ക്ക് അവരുടെ വിശ്വാസത്തിനും താല്‍പര്യത്തിനും അനുസരിച്ച് കുട്ടികളെ എഴുതിക്കാമെന്ന് മട്ടന്നൂര്‍ നഗരസഭയുടെ അഭിഭാഷകന്‍ വിശദീകരിക്കുകയും ഇത് ഹൈക്കോടതി ശരിവെക്കുകയുമായിരുന്നു.

പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

ഋതുദേവിനും നിമല്‍കൃഷ്ണയ്ക്കും ഇന്ന് ആദ്യാക്ഷരം കുറിച്ചു.നമ്മുടെ പാരമ്പര്യത്തിലെ നന്മയുടെ ഭാഗമാണ് പുതിയ തലമുറക്ക് അറിവ് പകരല്‍.

വര്‍ണ്ണാധിപത്യം നിലനിന്ന കാലത്തു ചുരുക്കം ചിലര്‍ക്ക് മാത്രമായിരുന്നു വിദ്യാഭ്യാസാവകാശം. ജാതിക്കതീതമായ സാമൂഹ്യ മുന്നേറ്റം നടന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെട്ടു. ഹിന്ദു ജനവിഭാഗങ്ങളിലെ ജാതി വിവേചനത്തെക്കുറിച്ചു പറയുമ്പോള്‍ തന്നെ സംഘപരിവാറിന് കലികയറും.കാരണം ഹിന്ദു ഐക്യം എന്ന വോട്ടുരാഷ്ട്രീയത്തിനു മുമ്പിലുള്ള വല്യ തടസ്സം ജനങ്ങളുടെ ഈ ബോധ്യമാണ്.

ബോധ്യമില്ലാത്തവരെ എങ്ങിനെയും പറഞ് പറ്റിക്കാം. അവിടെ മതവികാരം ഇളക്കിവിട്ടാല്‍ മതി.ഇത്രയും കാര്യം വിദ്യാരംഭത്തിന്റെ ഭാഗമായി പറഞ്ഞത് മട്ടനൂര്‍ നഗരസഭ നടത്തുന്ന വിദ്യാരംഭം വിവാദമാക്കിയതിനെ തുടര്‍ന്നാണ്.

അവിടെ ഹരിശ്രീ ഗണപതേയനമ: എന്നും അല്ലാഹു അക്ബര്‍ എന്നും യ്യേശുവിനു സ്തുതി എന്നും എഴുതി ആദ്യാക്ഷരം കുറിക്കുന്നതിനെ ചോദ്യം ചെയ്തു കോടതിയില്‍ കേസിനു പോയി. പക്ഷെ ഫലമുണ്ടായില്ല. എന്റെയടുത്തു വന്ന ഒരു രക്ഷിതാവു ചോദിച്ചത് ലാല്‍സലാം എന്നു ആദ്യാക്ഷരം കുറിച്ചുകൂടെ എന്നാണ്.ഇത്തരം കാര്യങ്ങള്‍ വിവാദമാക്കുന്നവര്‍ സാര്‍വ്വത്രീക വിദ്യാഭ്യാസത്തിനു എതിരു നില്‍ക്കുന്നവരും മഹാ ഭൂരിപക്ഷത്തിനും അക്ഷരം നിഷേധിച്ച ജാതിത്തമ്പ്രാക്കന്മാരുടെ പ്രേതാവേശം ബാധിച്ചവരുമാണ്.അതോടൊപ്പം നമ്മുടെ പാരമ്പര്യത്തിലെ തിന്മയുടെ പുതിയ അവതാരങ്ങളെയും ആട്ടിയകറ്റുക...

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

SCROLL FOR NEXT