Kerala

ബാലകൃഷ്ണപിള്ള, കരുണാകരൻ, കുഞ്ഞാലിക്കുട്ടി; വിഎസ് കോടതി കയറ്റിയ നേതാക്കൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബാലകൃഷ്ണപിളളക്കെതിരായ ഗ്രാഫൈറ്റ്, ഇടമലയാര്‍ കേസുകള്‍. കരുണാകരനും ഉമ്മന്‍ചാണ്ടിക്കുമെതിരായ പാമോയില്‍ കേസ്, കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാര്‍ലര്‍ കേസ്. എട്ട് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ വിഎസ് നടത്തിയ കോടതി പോരാട്ടങ്ങള്‍ നിരവധിയാണ്. ജനകീയ പോരാട്ടങ്ങള്‍ മാത്രമല്ല കോടതി വ്യവഹാരങ്ങളും വിഎസിന് രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. അഴിമതിക്കെതിരായ സന്ധിയില്ലാ സമരം വിഎസ് കോടതിയിലും തുടര്‍ന്നു.

ഗ്രാഫൈറ്റ് കേസിലും ഇടമലയാര്‍ കേസിലും തുടര്‍നടപടികളിലൂടെ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് തടവുശിക്ഷ വാങ്ങിക്കൊടുത്തതില്‍ വി എസ് അച്യുതാനന്ദനുള്ള പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ദീര്‍ഘമായ നിയമ പോരാട്ടത്തിന് ശേഷമാണ് ഈ കേസുകളില്‍ വിഎസ് വിജയിച്ചത്. 1982-87 കാലയളവിലാണ് ഇടമലയാര്‍, ഗ്രാഫൈറ്റ് അഴിമതികളുണ്ടായത്. ടണല്‍ നിര്‍മാണത്തിനും ഷാഫ്റ്റ് നിര്‍മാണത്തിനും ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്നായിരുന്നു ഇടമലയാര്‍ കേസ്.

ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി മറിച്ചുവിറ്റെന്നതായിരുന്നു ഗ്രാഫൈറ്റ് കേസ്. അന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയും ബാലകൃഷ്ണപിള്ള വൈദ്യുതി മന്ത്രിയുമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷം രണ്ട് കേസുകളിലും ബാലകൃഷ്ണപിളള ശിക്ഷിക്കപ്പെട്ടു. ഗ്രാഫൈറ്റ് കേസില്‍ സുപ്രീം കോടതി പിന്നീട് കുറ്റവിമുക്തനാക്കിയെങ്കിലും, ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിളളക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു.

പാമോയില്‍ കേസില്‍ ആദ്യം കരുണാകരനെതിരെയും പിന്നീട് ഉമ്മന്‍ചാണ്ടിക്കെതിരെയും കോടതിക്കകത്തും പുറത്തും വിഎസ് പോരാടി. 1991ല്‍ മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യാനുളള കരുണാകരന്‍ സര്‍ക്കാരിന്‍റെ തീരുമാനമാണ് കേസിനാസ്പദം. ഈ ഇടപാടിലൂടെ പൊതു ഖജനാവിന് 2.33 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായി അക്കൗണ്ടന്റ് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. പ്രതിപക്ഷനേതാവായിരുന്ന അച്യുതാനന്ദന്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കുകയും നിയമപോരാട്ടം ആരംഭിക്കുകയും ചെയ്തു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ കേസ്. ഈ കേസിലും വിഎസ് നിയമ പോരാട്ടം തുടര്‍ന്നു. കോഴിക്കോട് നഗരത്തിലെ ഒരു ഐസ് ക്രീം - ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് പെൺകുട്ടിളെ ലൈം​ഗികമായി ദുരുപയോ​ഗപ്പെടുത്തി എന്നതായിരുന്നു കേസ്. കേസിലെ മുഖ്യ സാക്ഷിയായ റജീന, മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ പിന്നീട് റജീന മൊഴി മാറ്റി പറഞ്ഞതോടെ പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു.

തേഞ്ഞു മാഞ്ഞു പോകുമായിരുന്ന ഒരുപാട് അഴിമതി ആരോപണങ്ങളെ സജീവമായി പൊതുമണ്ഡലത്തില്‍ നിലനിര്‍ത്തിയത് വിഎസിന്‍റെ ഇടപെടലുകളായിരുന്നു. കോടതികളില്‍ നിന്ന് പലപ്പോഴും തിരിച്ചടി നേരിട്ടെങ്കിലും വിഎസിലെ പോരാളി ഒരിക്കലും പിന്നോട്ട് പോയില്ല.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT