Kerala

'വേട്ടയാടലുകൾ കൊണ്ട് ഭയപ്പെടുന്നയാളല്ല ഷാജി'; വനിതാ കമ്മീഷൻ നടപടി രാഷ്ട്രീയ പകപോക്കലെന്ന് ചെന്നിത്തല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെയുളള അധിക്ഷേപത്തിൽ കെ എം ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷൻ നടപടി രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല എംഎൽഎ. ആരോഗ്യ മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയവിമർശനം മാത്രമാണ്. അത് എങ്ങനെ വ്യക്തിപരവും സ്ത്രീകൾക്കെതിരെയുമാകും. മുൻ ആരോഗ്യമന്ത്രിയുടെ അത്രപോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്ന് പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുക. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശാരീരികപീഡനത്തിനും സൈബർ ആക്രമണത്തിനും വനിതകളും പെൺകുട്ടികളും ഇരയാകുമ്പോൾ ഉറങ്ങുന്ന കമ്മീഷൻ ഷാജിക്കെതിരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും. വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെണ്മക്കളെ വേട്ടയാടിയതുവരെയുള്ള നിരവധി വിഷയങ്ങളിൽ കമ്മീഷൻ നോക്കുകുത്തിയായ എത്രയോ സംഭവങ്ങൾ ഉണ്ട്. കമ്മീഷൻ രാഷ്ട്രീയമായി അധഃപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണം. ഇത്തരം വേട്ടയാടലുകൾ കൊണ്ട് ഭയപ്പെടുന്നയാളല്ല ഷാജിയെന്ന് സിപിഐഎം ഓർത്താൽ കൊള്ളാമെന്ന് ചെന്നിത്തല പറഞ്ഞു.

കെ എം ഷാജിയെ പിന്തുണച്ച് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, എം കെ മുനീർ എംഎൽഎ എന്നിവർ രം​ഗത്തെത്തിയിരുന്നു. കെ എം ഷാജിയുടെ പ്രസംഗത്തിലെ ആ ഒരു വാക്ക് മാത്രം എടുത്ത് അല്ല പരിശോധിക്കേണ്ടത്. പ്രസംഗം മുഴുവനും വ്യക്തമായി കേള്‍ക്കണം. ആരോഗ്യവകുപ്പ് എത്രമാത്രം മോശമായിരുന്നുവെന്നാണ് പ്രസംഗത്തില്‍ പറയുന്നത്. ആ ഒരു വാക്കാണ് പ്രശ്‌നമെങ്കില്‍ അത് മുസ്ലിം ലീഗിന്റെ ഔദ്യോഗിക നിലപാട് അല്ലെന്നും പിഎംഎ സലാം വ്യക്തമാക്കി. റിപ്പോർട്ടർ ടിവി പ്രത്യേക പരിപാടിയായ റിപ്പോർട്ടർ പ്രസ് കോൺഫറൻസിലാണ് പിഎംഎ സലാമിന്റെ പ്രതികരണം

കേന്ദ്ര സർക്കാരിനെ എതിർക്കുന്നവരോട് പ്രതികാരം വീട്ടുന്നതിന് ഇഡിയെ ഉപയോഗിക്കുന്നത് പോലെ സംസ്ഥാന സർക്കാർ വനിതാ കമ്മീഷനെയും പൊലീസിനെയും ഉപയോഗിക്കുകയാണെന്നായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. ആരോഗ്യ മന്ത്രിയെ പരാമര്‍ശിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. കെ എം ഷാജി പറഞ്ഞിൽ വ്യക്തിപരമായ അവഹേളനമില്ലെന്നും എം കെ മുനീർ പറഞ്ഞിരുന്നു.

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

SCROLL FOR NEXT