കെ രാധാകൃഷ്ണന്‍
കെ രാധാകൃഷ്ണന്‍ 
Kerala

'ശാന്തിശുദ്ധത്തിലുള്ള സമയത്ത് വിളക്ക് കൈയിൽ നൽകാൻ കഴിയില്ല'; ജാതിവിവേചന വിഷയത്തിൽ ക്ഷേത്രം മേൽശാന്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ: മന്ത്രി കെ രാധാകൃഷ്ണന് നേരെ ക്ഷേത്രത്തിലുണ്ടായ ജാതി വിവേചനത്തിൽ വിശദീകരണവുമായി ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി. എട്ട് മാസത്തിന് ശേഷം വിഷയം ചർച്ചയാകുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്ക് അന്ന് തന്നെ വിശദീകരണം നൽകിയിരുന്നു. അത് മന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതിയിരുന്നത്. പിന്നീട് അതിനെ പറ്റി ആരും ഒന്നും പറഞ്ഞില്ല. അനാവശ്യ ചർച്ചകൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും മേൽശാന്തി പറഞ്ഞു.

മന്ത്രിക്ക് വിഷമം നേരിട്ടതിൽ ഖേദിക്കുന്നു. ദേവസ്വം ബോർഡ് അധികാരികളോ ക്ഷേത്രം ഭാരവാഹികളോ ഇതുവരെ ഇതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. കൂടുതൽ കാര്യങ്ങൾ പറയേണ്ടത് ദേവസ്വം ബോർഡാണ്. ഭരണാധികാരികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിളക്ക് കൊളുത്തിയത്. ക്ഷേത്രാചാരപ്രകാരം ശാന്തിശുദ്ധത്തിലുള്ള സമയത്ത് വിളക്ക് കയ്യിൽ നൽകാൻ കഴിയില്ല. ജീവനക്കാരാണെങ്കിലും ആ സമയത്ത് തൊടാറില്ലെന്നും മറ്റ് ഉദ്ദേശങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ സമ്മതിക്കാനാകില്ലെന്നാണ് വിവാദങ്ങൾക്കും പ്രതികരണങ്ങൾക്കും മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി. ഇല്ലാതാക്കിയത് തിരിച്ചുകൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്. അതിന് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്രചടങ്ങിനിടെ ജാതി വിവേചനം നേരിട്ടുവെന്നത് മന്ത്രിയുടെ തെറ്റിദ്ധാരണയാണെന്ന അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മന്ത്രിയായിട്ട് പോലും ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ദേവസ്വം മന്ത്രിയായ താന്‍ നേരിട്ട ജാതീയ വിവേചനത്തെക്കുറിച്ച് ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തിലാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. ഒരു ക്ഷേത്രത്തിലെ ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവം. അതേ വേദിയില്‍ തന്നെ തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു. ക്ഷേത്രം ഏതാണെന്നോ എന്നു നടന്ന സംഭവമാണെന്നോ മന്ത്രി വെളിപ്പെടുത്തിയില്ല.

'ദീപം കൊളുത്താനുള്ള വിളക്കുമായി പ്രധാന പൂജാരി വേദിയിലെത്തിയപ്പോള്‍ വിളക്ക് എനിക്കു നല്‍കാനാണെന്നാണു കരുതിയത്. എന്നാല്‍ അദ്ദേഹം തന്നെ ദീപം തെളിച്ചു. ആചാരത്തിന്റെ ഭാഗമാകും, തൊട്ടുകളിക്കേണ്ട എന്നു കരുതി മാറിനിന്നു. ഇതിനുശേഷം വിളക്ക് സഹപൂജാരിക്കു കൈമാറി. അയാളും ദീപം തെളിച്ചതിനു ശേഷം വിളക്ക് കയ്യില്‍ തരാതെ നിലത്തുവച്ചു. ഞാന്‍ നിലത്തുനിന്ന് എടുത്തു കത്തിക്കട്ടെ എന്നായിരിക്കും ചിന്തിച്ചത്. പോയി പണിനോക്കാനാണു പറഞ്ഞത്', മന്ത്രി പറഞ്ഞിരുന്നു.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT