Kerala

'ഇഡിയുടെ സ്വാധീനം മൂലം സെലിബ്രിറ്റികൾ ബിജെപിക്കാർ ആകുന്നു'; ജയസൂര്യ വിഷയത്തിൽ വിമർശനവുമായി എഐവൈഎഫ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: നടൻ ജയസൂര്യക്കെതിരെ രൂക്ഷവിമർശനവുമായി എഐവൈഎഫ്. നെൽക്കർഷകർക്ക് പണം ലഭിച്ചിട്ടില്ലെന്ന ജയസൂര്യയുടെ പരാമർശം കേരളത്തെ ഇകഴ്ത്തിക്കാട്ടാനാണ്. സംഘ പരിവാര സംഘങ്ങൾ സിനിമാ മേഖലയെ ഉപയോഗിക്കുന്നുണ്ട്. പ്രലോഭനങ്ങൾ നൽകി ഒപ്പം നിർത്താനാണ് ശ്രമം. ഇഡിയുടെ സ്വാധീനം മൂലവും സെലിബ്രിറ്റികൾ ബിജെപിക്കാർ ആകുന്നു. ജയസൂര്യയുടെ കാര്യത്തിലും ഇത് ഉണ്ടായോ എന്ന് സംശയമുണ്ടെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ അഭിപ്രായപ്പെട്ടു.

നടൻ കൃഷ്ണപ്രസാദ് കേന്ദ്ര സെൻസർ ബോർഡ് അംഗമായിരുന്നു. കൃഷ്ണ പ്രസാദിന് സംസ്ഥാന സർക്കാർ തുക നൽകിയത് പിആർഎസ് ലോൺ വഴിയാണ്. ഇത് സംസ്ഥാന സർക്കാർ എടുക്കുന്ന വായ്പയാണ്. 512 കോടി രൂപ കേന്ദ്ര സർക്കാർ കേരളത്തിന് നൽകാനുണ്ട്. ഇക്കാര്യത്തിൽ ചില സംഘപരിവാർ അനുകൂലികൾ തെറ്റായ പ്രചാരണം നടത്തുകയാണ്. കർഷകർക്ക് എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുന്നു. മറ്റ് സംസ്ഥാനങ്ങളിൽ കർഷകരോടുള്ള സമീപനം നോക്കണം. അവിടെ ഇതെല്ലാം കൃത്യമായി കിട്ടുന്നുണ്ടോ എന്ന് നോക്കണം. ഡൽഹിയിൽ കർഷക സമരം നടന്നപ്പോൾ ഒരു വരി എഴുതാത്ത ആളാണ് ജയസൂര്യ എന്നും എൻ അരുൺ പറ‍ഞ്ഞു.

ജയസൂര്യക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ഇന്ന് രം​ഗത്തെത്തിയിട്ടുണ്ട്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കാർഷിക മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തത ഉണ്ടാവില്ലെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ കാര്യങ്ങൾ കുറച്ചുകൂടി മനസിലാക്കി വേണം പ്രതികരിക്കാൻ. കാര്യങ്ങൾ പുറത്തു വന്നതിനാൽ എല്ലാവർക്കും ഇപ്പോൾ വ്യക്തത വന്നിട്ടുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു.

നെല്‍ കര്‍ഷകര്‍ക്ക് സംഭരണ തുക നല്‍കാത്തതില്‍ സര്‍ക്കാരിനെ ജയസൂര്യ വിമർശിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നേതാക്കളുടെ പ്രതികരണം. സുഹൃത്തും നടനുമായ കൃഷ്ണപ്രസാദിന്റെ കാര്യം ഉദാഹരണമായി പറഞ്ഞായിരുന്നു ജയസൂര്യയുടെ പരാമർശം. മന്ത്രിമാർ ഉൾപ്പടെയുള്ള വേദിയിലാണ് ഇക്കാര്യം പറഞ്ഞത്. പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളും പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിലടക്കം ഉണ്ടായി. ജയസൂര്യ ബിജെപിയിലേക്ക് എന്ന തരത്തിലുള്ള പ്രചാരണവും നടന്നു. എന്നാൽ, താൻ ഒരു പാർട്ടിയിലുമില്ലെന്നും കർഷകപ്രശ്നമായതിനാലാണ് അഭിപ്രായം പറഞ്ഞതെന്നുമായിരുന്നു ജയസൂര്യയുടെ പ്രതികരണം. പിന്നാലെ, കേന്ദ്രസർക്കാർ പണം നൽകാനുണ്ടെന്ന കേരളത്തിന്റെ വാദം തെറ്റാണെന്ന് ആരോപിച്ച് ബിജെപിയും രം​ഗത്തെത്തിയിരുന്നു.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT