Kerala

ഓപ്പറേഷൻ തിയേറ്ററിലെ മതവേഷം; കത്ത് പുറത്തായതിൽ പരാതി നൽകി വിദ്യാർത്ഥി യൂണിയൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിനുളളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ നൽകിയ കത്ത് പുറത്തായതിൽ പൊലീസിൽ പരാതി നൽകി മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ. കത്ത് പുറത്തായതിൽ അന്വേഷണം വേണം. കത്ത് കൈകാര്യം ചെയ്തതിൽ കെടുകാര്യസ്ഥതയുണ്ടായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ കത്ത് പ്രചരിച്ചത‌ടക്കം അന്വേഷിക്കണം. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും വിദ്യാർത്ഥി യൂണിയൻ പരാതിയിൽ ആവശ്യപ്പെട്ടു.

ഹിജാബും നീളൻ കയ്യുളള സ്ക്രബുകളും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് എംബിബിഎസ് വിദ്യാർത്ഥിനികൾ നൽകിയ കത്താണ് പുറത്തായത്. തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസിന് 2018, 2021, 2022 ബാച്ചിലെ വിദ്യാർത്ഥിനികൾ 'വിശ്വാസം അനുസരിച്ച് ഹിജാബ് നിർബന്ധം' എന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് നൽകിയത്.

ഓപ്പറേഷൻ തിയറ്ററിലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം മത വിശ്വാസം കൂടി നടപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് ഫുൾ സ്ലീവ് സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹൂഡ്സും ധരിക്കാൻ അനുവദിക്കണം എന്നായിരുന്നു വിദ്യാർത്ഥിനികളുടെ ആവശ്യം. ശസ്ത്രക്രിയക്ക് ആവശ്യമായ വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളിൽ ഇത് ലഭിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. എന്നാൽ സാർവത്രികമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാൻ ആകുവെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ലിനറ്റ് ജെ മോറിസ് അറിയിച്ചത്.

അതേസമയം വിദ്യാർത്ഥിനികളുടെ ആവശ്യത്തെ തളളി ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) രം​ഗത്തെത്തിയിരുന്നു. ഓപ്പറേഷൻ തിയേറ്ററുകളിൽ ആഗോളതലത്തിൽ പിന്തുടരുന്ന പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്നും രോ​ഗിയുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും ഐഎംഎ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളാണ് ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയത്. ഇത്തരം ആവശ്യങ്ങൾ അം​ഗീകരിക്കുന്നത് ശാസ്ത്രീയമായും ധാർമ്മികമായും യോജിച്ചതല്ലെന്ന് കേരള ​ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) പറഞ്ഞിരുന്നു.

നിലവിലുള്ള രീതിയും പ്രോട്ടോകോളുകളും തുടരണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നതെന്ന് ഐഎംഎ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. സുൽഫി നൂഹ് പ്രതികരിച്ചിരുന്നു. ആ​ഗോളതലത്തിൽ ആശുപത്രിയിലും ഓപ്പറേഷൻ തിയേറ്ററിലും രോ​ഗിയാണ് പ്രധാനം. അവരുടെ സുരക്ഷയ്ക്കും അണുബാധയുണ്ടാകാതിരിക്കുന്നതിനും അന്താരാഷ്ട്ര നിയമാവലികളാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT