In-depth

പെണ്ണ് ഭരിച്ചാല്‍ എന്താ കുഴപ്പം, ലോക്‌സഭയില്‍ ഒമ്പത് മതിയോ?

സനല്‍കുമാര്‍

രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. ഇക്കുറിയും ചില മണ്ഡലങ്ങളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏഴു പതിറ്റാണ്ടിനിടെ കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്കുള്ള വനിതാ പ്രാതിനിധ്യം വിരലിലെണ്ണാവുന്നത് മാത്രമാണ്. ഇതുവരെ കേരളത്തില്‍ നിന്ന് എംപി പദവി അലങ്കരിച്ചത് ഒമ്പത് വനിതകള്‍ മാത്രമാണ്. 17 പൊതു തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലുമായി ആകെ മുന്നൂറോളം പേര്‍ ലോക്‌സഭയിലെത്തിയതിലാണ് വനിതകള്‍ വിരലിലെണ്ണാവുന്ന സംഖ്യയില്‍ ഒതുങ്ങിയത്.

കേരളത്തില്‍ നിന്നുള്ള ആദ്യ വനിത എംപിയെന്ന് വിശേഷിപ്പിക്കുന്ന ആനി മസ്‌ക്രീനാണെങ്കില്‍ കേരളപ്പിറവിക്ക് മുമ്പുള്ള 1951 -52ലെ തിഞ്ഞെടുപ്പില്‍ തിരുവിതാംകൂറില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. സുശീല ഗോപാലന്‍, ഭാര്‍ഗവി തങ്കപ്പന്‍, സാവിത്രി ലക്ഷ്മണന്‍, എ കെ പ്രേമജം, അഡ്വ പി സതീദേവി, പി കെ ശ്രീമതി, രമ്യ ഹരിദാസ് എന്നിവരാണ് ഐക്യ കേരളം രൂപംകൊണ്ട ശേഷം സഭയിലെത്തിയ വനിതകള്‍.

പത്തുലക്ഷത്തോളം വനിതാ വോട്ടര്‍മാര്‍ അധികമുള്ള ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വടകര, എറണാകുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫും ആലത്തൂരില്‍ യുഡിഎഫും വനിതകളെ സ്ഥാനാര്‍ഥികളെ ഗോദയില്‍ ഇറക്കിയിട്ടുണ്ട്. കാസര്‍കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എം എല്‍ അശ്വിനിയാണ് മറ്റൊരു വനിതാ സ്ഥാനാര്‍ഥി.

രാഷ്ട്രീയ പാര്‍ട്ടികള്‍ വനിതകള്‍ക്ക് അണികള്‍, പ്രവര്‍ത്തകര്‍ എന്നതിനപ്പുറം വലിയ പദവികളും തിരഞ്ഞെടുപ്പില്‍ സീറ്റും വേണ്ടത്ര നല്‍കുന്നില്ല എന്നതിന്റെ നേരിട്ടുള്ള തെളിവുകൂടിയാണ് ലോക്‌സഭയില്‍ ഉതുവരെയെത്തിയ വനിതകളുടെ എണ്ണം. കഴിഞ്ഞ തവണ ആലത്തൂരില്‍ നിന്നും സഭയിലെത്തിയ രമ്യ ഹരിദാസ് ഇക്കുറിയും ലോക്‌സഭയിലേക്ക് ജനവിധി തേടുന്നുണ്ട്.

ആനി മസ്‌ക്രീന്‍ മുതല്‍ രമ്യ വരെ...

കേരളപ്പിറവിക്ക് മുമ്പ് 1951-52ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആദ്യ ലോക്‌സഭയിലേക്കാണ് ആനി മസ്‌ക്രീന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആ സഭയിലാകെ പത്ത് വനിതകളാണുണ്ടായിരുന്നത്. 1948-1952 കാലഘട്ടത്തില്‍ തിരു -കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും പറവൂര്‍ ടി കെ നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ അംഗമായും അവര്‍ പ്രവര്‍ത്തിച്ചു.

പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന സുശീല ഗോപാലന്‍ 1967ല്‍ അമ്പലപ്പുഴ, 1980ല്‍ ആലപ്പുഴ, 1991ല്‍ ചിറയിന്‍കീഴ് നിന്നാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമ്പലപ്പുഴയില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ ഇവര്‍ 1996ലെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയാവുകയും ചെയ്തു. ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ കെ ഗോപാലന്റെ ഭാര്യയുമാണ്.

കേരളത്തില്‍ നിന്നുള്ള ആദ്യ ദളിത് വനിത എംപിയായ ഭാര്‍ഗവി തങ്കപ്പന്‍ 1971ല്‍ അടൂരില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണിയില്‍ സിപിഐ ടിക്കറ്റിലാണ് ജയിച്ചത്. ലോക്‌സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന (29) റെക്കോര്‍ഡും ഇവര്‍ക്കുണ്ടായിരുന്നു. പലതവണ കിളിമാനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച ഭാര്‍ഗവി എട്ടാം കേരള നിയമ സഭയില്‍ ഡെപ്യൂട്ടി സ്പീക്കറായും പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസ് നേതാവായിരുന്ന സാവിത്രി ലക്ഷ്മണ്‍ 1989, 1991 തെരഞ്ഞെടുപ്പില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996ലും 2001ലും ചാലക്കുടി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തുകയും ചെയ്തു. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിയ അവര്‍ സാഹിത്യ മേഖലയിലും പ്രവര്‍ത്തിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ അധ്യാപികയായിരുന്നു.

സിപിഐഎം സ്ഥാനാര്‍ഥിയായി 1998 ലെയും 99 ലെയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് എ കെ പ്രേമജം ജയിച്ചത്. ആള്‍ ഇന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മറ്റി അംഗമായിരുന്നു. 1995ലും 2010ലും കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായും കോളജ് അധ്യാപികയായിരുന്ന പ്രേമജം പ്രവര്‍ത്തിച്ചു.

വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് 2004ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎം ടിക്കറ്റില്‍ ഒരുലക്ഷത്തിലേറെ ഭൂരിപക്ഷത്തിന്റെ റെക്കോര്‍ഡിലാണ് പി സതീദേവി തിരഞ്ഞെടുക്കപ്പെട്ടത്.

മാവേലിക്കര മണ്ഡലത്തില്‍ നിന്ന് 2004ല്‍ സിപിഎം സ്ഥാനാര്‍ഥിയായാണ് സി എസ് സുജാത ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2011ല്‍ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു.

കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് 2014ല്‍ സിപിഐഎം ടിക്കറ്റിലാണ് പി കെ ശ്രീമതി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2006 ലെ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി.

ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് രമ്യ ഹിരദാസ് 2019ല്‍ ലോക്‌സഭയിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും ആലത്തൂരില്‍ രമ്യ മത്സരിക്കുന്നു. നേരത്തെ കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

SCROLL FOR NEXT