Football

പ്രീമിയർ ലീഗിൽ ഫുൾഹാമിനോട് തോൽവി വഴങ്ങി ആഴ്‌സണൽ; ടോട്ടനത്തിന് തകർപ്പൻ വിജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനോട് തോൽവി വഴങ്ങി ആഴ്‌സണൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫുൾഹാം ആഴ്സണലിനെ തകർത്തത്. ഫുൾഹാമിനെതിരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ആഴ്സണലിന്റെ പരാജയം. വിജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ഫുൾഹാം പട്ടികയിൽ 13-ാം സ്ഥാനത്തേക്ക് ഉയർന്നു. നിലവിൽ 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി നാലാമതാണ് ആഴ്‌സണൽ.

ഫുൾഹാമിന്റെ ഹോം ​ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡെടുത്തത് ആഴ്‌സണലാണ്. അഞ്ചാം മിനിറ്റില്‍ മുന്നേറ്റ നിര താരം ബുകായോ സാക്കയാണ് ആഴ്‌സണലിനെ മുന്നിലെത്തിച്ചത്. ഗബ്രിയേൽ മാർട്ടിനെല്ലി ഉതിർത്ത ഷോട്ട് ഫുള്‍ഹാം ഗോള്‍ കീപ്പര്‍ ലെനോ അത് ഡൈവ് ചെയ്‌ത് തട്ടിയകറ്റി. ലെനോ തട്ടി രക്ഷപ്പെടുത്തിയ പന്ത് സാക്ക അനായാസം ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ 29-ാം മിനിറ്റില്‍ റൗൾ ജിമെനെസിലൂടെ ആതിഥേയർ സമനില പിടിച്ചു. 59-ാം മിനിറ്റില്‍ ബോബി ഡി കൊർഡോവ റീഡ് ഫുൾഹാമിന് നിർണായക ലീഡ് നേടിക്കൊടുത്തു. ആൻഡ്രിയാസ് പെരേര എടുത്ത കോർണറിൽ നിന്നുമുള്ള കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ആഴ്‌സണല്‍ ബോക്‌സിനുള്ളില്‍ നിന്നും ലഭിച്ച പന്ത് വലയിലെത്തിച്ചാണ് ബോബി ഡി കൊർഡോവ ഫുൾഹാമിന്റെ വിജയ​ഗോൾ നേടിയത്.

തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ആഴ്‌സണല്‍ ജയമറിയാതെ പോകുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ ആഴ്‌സണല്‍ ലിവര്‍പൂളിനോട് സമനിലയും വെസ്റ്റ്ഹാമിനോട് പരാജയവും വഴങ്ങിയിരുന്നു. ഇന്നലെ നടന്ന മത്സരങ്ങളിൽ ആസ്റ്റണ്‍ വില്ലയും സിറ്റിയും വിജയിച്ചതോടെയാണ് ആഴ്‌സണൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് വീണത്. ഫുൾഹാമിനോട് വിജയിച്ചിരുന്നെങ്കിൽ ലിവർപൂളിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടാൻ ആഴ്സണലിന്‌ സാധിക്കുമായിരുന്നു.

മറ്റൊരു മത്സരത്തിൽ ടോട്ടനം തകർപ്പൻ വിജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബേൺമൗത്തിനെയാണ് ടോട്ടനം തകർത്തത്. പേപ്പ് മാറ്റർ സാർ, സൺ ഹ്യൂങ്-മിൻ, റിച്ചാർലിസൺ എന്നിവർ ടോട്ടനത്തിന് വേണ്ടി വല കുലുക്കി. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ സാറിലൂടെയാണ് ടോട്ടനം ആദ്യം ലീഡെടുത്തത്. 71-ാം മിനിറ്റിൽ ക്യാപ്റ്റൻ സോണും 80-ാം മിനിറ്റിൽ ബ്രസീലിയൻ സ്‌ട്രൈക്കർ റിച്ചാർലിസണും നേടിയ ഗോളിൽ ടോട്ടനം വിജയമുറപ്പിച്ചു. 84-ാം മിനിറ്റിൽ അലക്‌സ് സ്കോട്ട് ടോട്ടനത്തിന്റെ വല കുലുക്കിയെങ്കിലും അത് ബേൺമൗത്തിന്റെ ആശ്വാസ​ഗോൾ മാത്രമായി മാറി. 20 കളികളിൽ നിന്ന് 39 പോയിന്റുമായി അഞ്ചാമതാണ് ടോട്ടനം.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT