Football

'വിനി ജൂനിയര്‍ നിയമം'; വംശീയ വിരുദ്ധ നിയമത്തിന് വിനീഷ്യസിന്റെ പേര് നല്‍കി റിയോ സര്‍ക്കാര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിയോ ഡി ജനീറോ: വംശീയ വിരുദ്ധ നിയമത്തിന് ബ്രസീല്‍ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ പേര് നല്‍കി റിയോ സര്‍ക്കാര്‍. ഫിഫയുടെ വംശീയ വിരുദ്ധ സമിതിയുടെ തലവനായി വിനിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് നിയമത്തിന് താരത്തിന്റെ പേര് നല്‍കിയത്. വംശീയ വിരുദ്ധ നിയമത്തിന് 'വിനി ജൂനിയര്‍ നിയമം' എന്ന് പേര് നല്‍കാമെന്ന് സര്‍ക്കാര്‍ ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.

വംശീയ പരാമര്‍ശമുണ്ടായാല്‍ കായിക മത്സരങ്ങള്‍ പൂര്‍ണമായോ അല്ലാതെയോ നിര്‍ത്തിവെക്കാമെന്നതാണ് 'വിനി ജൂനിയര്‍ നിയമം'. വംശീയാധിക്ഷേപം നടന്നാല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വംശീയ പരാമര്‍ശത്തിനെതിരെ നിര്‍ബന്ധിത വിദ്യാഭ്യാസ ക്യാംപയിനുകള്‍ നടത്താമെന്നും നിയമം നിര്‍ദേശിക്കുന്നു.

നിരവധി തവണയാണ് റയല്‍ മുന്നേറ്റ താരം വിനീഷ്യസ് ജൂനിയര്‍ വംശീയാധിക്ഷേപത്തിന് ഇരയായത്. ലാലിഗയില്‍ കഴിഞ്ഞ സീസണില്‍ വലന്‍സിയയ്‌ക്കെതിരെ റയല്‍ തോല്‍വി വഴങ്ങിയതിനെ തുടര്‍ന്ന് വിനീഷ്യസിന് നേരെ കടുത്ത വംശീയാധിക്ഷേപം ഉയര്‍ന്നിരുന്നു. കാണികളില്‍ നിന്ന് കുരങ്ങുവിളി ഉള്‍പ്പെടെ അസഹനീയമായ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നതോടെ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. വലിയ പ്രതിഷേധം ഉയര്‍ന്ന മത്സരത്തില്‍ താരം കരഞ്ഞുകൊണ്ട് കളം വിടേണ്ട സാഹചര്യവുമുണ്ടായിരുന്നു.

മെയ് പത്തിന് വലന്‍സിയയുടെ മെസ്റ്റാല സ്റ്റേഡിയത്തില്‍ നടന്ന റയലിന്റെ മത്സരത്തിന് ശേഷം 22കാരനായ വിനീഷ്യസിന് നേരെ നടന്ന വംശീയാതിക്രമം ലോകമെമ്പാടും ചര്‍ച്ചയായി. ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയാധിക്ഷേപങ്ങള്‍ തടയുന്നതിന് ഫിഫ വംശീയ വിരുദ്ധ സമിതി രൂപീകരിക്കുകയും അതിന്റെ തലവനായി വിനീഷ്യസിനെ തന്നെ നിയമിക്കുകയും ചെയ്തിരുന്നു.

'ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്. എന്റെ കുടുംബം ഇന്ന് വളരെ അഭിമാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിനിടെ വിനീഷ്യസ് പ്രതികരിച്ചു. 'ഞാന്‍ വളരെ ചെറുപ്പമാണ്. എനിക്ക് ഇത്തരത്തിലുള്ള ആദരവ് ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല',താരം കൂട്ടിച്ചേര്‍ത്തു.

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT