Cricket

'സഞ്ജു ഈഗോയില്ലാത്ത താരം, പക്വതയുള്ള ക്യാപ്റ്റന്‍'; പ്രശംസിച്ച് ആരോണ്‍ ഫിഞ്ച്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഈഗോയില്ലാതെയാണ് ബാറ്റുചെയ്യുന്നതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് സഞ്ജു മുന്നേറുന്നത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് ഫിഞ്ച് രംഗത്തെത്തിയത്. സഞ്ജു വളരെ പക്വതയോടെയാണ് രാജസ്ഥാനെ നയിക്കുന്നതെന്നും ഫിഞ്ച് പറഞ്ഞു.

'സഞ്ജു സാംസണ്‍ വളരെ പക്വതയുള്ള ഇന്നിങ്‌സുകളാണ് കളിക്കുന്നത്. ആ ടീമിന് ആവശ്യമുള്ളതും അത് തന്നെയാണ്. ടി20 ക്രിക്കറ്റിന്റെ കാലഘട്ടത്തില്‍ ബാറ്ററുടെ ഈഗോ ചിലപ്പോള്‍ ടീമിന്റെ ആവശ്യങ്ങള്‍ക്ക് തടസ്സമാകുമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ ഓരോ സാഹചര്യത്തിലും അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കുന്നു', ഫിഞ്ച് പറഞ്ഞു.

'സഞ്ജു അവിശ്വസനീയമായ വിധം മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്. സമ്മര്‍ദ്ദത്തിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് എത്ര ശാന്തമായാണ് കളിക്കുന്നതെന്ന് നിങ്ങള്‍ക്ക് കാണാം. സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മാത്രമാണ് അവര്‍ പരാജയം വഴങ്ങിയത്. അതും മത്സരത്തിന്റെ അവസാന നിമിഷം. അതുകൊണ്ട് തന്നെ ടൂര്‍ണമെന്റിലുടനീളം അവര്‍ വളരെ ക്ലിനിക്കലായാണ് മുന്നേറുന്നതെന്ന് പറയാം. അതിന്റെ എല്ലാ ക്രെഡിറ്റും സഞ്ജുവിനുള്ളതാണ്', ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്വപ്‌നസമാനമായ കുതിപ്പിലാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. എട്ട് മത്സരത്തില്‍ ഏഴും വിജയിച്ച് 14 പോയിന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. രാജസ്ഥാന്റെ വിജയക്കുതിപ്പില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി മികവിന് വലിയ പങ്കാണുള്ളത്. രാജസ്ഥാന്റെ മിന്നും പ്രകടനത്തില്‍ താരത്തിന്റെ ക്യാപ്റ്റന്‍സിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും.

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT