Cricket

'20 വര്‍ഷമെടുത്താണ് ധോണി ധോണിയായത്'; ധ്രുവ് ജുറേലിന്റെ താരതമ്യം നേരത്തെയായെന്ന് ഗാംഗുലി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ മിന്നും പ്രകടനത്തിന് പിന്നാലെ യുവതാരം ധ്രുവ് ജുറേലിനെ അഭിനന്ദിച്ച് പല പ്രമുഖ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന എം എസ് ധോണിയുമായി താരതമ്യം ചെയ്താണ് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അടുത്ത എംഎസ് ധോണി ജനിച്ചിരിക്കുന്നുവെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

എന്നാല്‍ ഈ താരതമ്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇത്ര നേരത്തെ തന്നെ ജുറേലിനെ ധോണിയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. ജുറേലിന്റെ പ്രകടനം നിര്‍ണായകവും മികച്ചതുമാണെന്നും അദ്ദേഹം പറഞ്ഞു.

'സമ്മര്‍ദ്ദത്തിനിടയിലും എന്തൊരു പ്രകടനമാണ് ധ്രുവ് ജുറേല്‍ കാഴ്ചവെച്ചത്. ജുറേല്‍ കഴിവുള്ള താരമാണ്. അതില്‍ ഒരു സംശയവുമില്ല. എന്നാല്‍ എംഎസ് ധോണി വ്യത്യസ്ത ലീഗില്‍പ്പെടുന്ന താരമാണ്. ധോണിക്ക് യഥാര്‍ത്ഥ ധോണിയായി മാറാന്‍ 20 വര്‍ഷമെടുത്തു', ഗാംഗുലി വ്യക്തമാക്കി.

'ജുറേല്‍ കളിക്കട്ടെ. സ്പിന്നിനെതിരെയും പേസിനെതിരെയും കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എനിക്ക് ഇഷ്ടപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ടത് സമ്മര്‍ദ്ദഘട്ടത്തില്‍ പ്രകടനം നടത്തുകയെന്നതാണ്. അതാണ് ഒരു യുവതാരത്തിന് വേണ്ടതും', ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

റാഞ്ചി ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ ഏഴിന് 177 എന്ന് തകര്‍ന്ന ഇന്ത്യയെ ജുറേല്‍ ഒറ്റയ്ക്ക് ചുമലിലേറ്റിയിരുന്നു. 149 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം ജുറേല്‍ 90 റണ്‍സെടുത്തു. ഇന്ത്യന്‍ സ്‌കോര്‍ 307ല്‍ എത്തിച്ച ശേഷമാണ് ധ്രുവ് പുറത്തായത്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അരങ്ങേറിയ അദ്ദേഹം നാലാമത്തെ കളിയില്‍ മാച്ച് വിന്നറായി മാറുകയും ചെയ്തു. ഇന്ത്യ അഞ്ചു വിക്കറ്റ് ജയം കൊയ്ത മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു ജുറേല്‍.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT