Cricket

'ക്യാപ്റ്റന്‍, ദിസ് ഈസ് നോട്ട് ഫെയര്‍'; ക്ഷുഭിതയായ ഹര്‍മന്‍പ്രീതിനെ കാത്ത് കനത്ത ശിക്ഷ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ പുറത്തായതിന് പിന്നാലെ ക്ഷുഭിതയായി സ്റ്റംപ് ബാറ്റ് കൊണ്ട് തട്ടിത്തെറിപ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കനത്ത ശിക്ഷ ലഭിച്ചേക്കും. മാച്ച് ഫീയുടെ 75 ശതമാനമാണ് താരത്തിന് പിഴ ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റംപ് തട്ടിത്തെറിപ്പിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനവും അംപയറിംഗിനെ വിമര്‍ശിച്ചതിന് 25 ശതമാനവുമാണ് പിഴ ലഭിക്കുക. കൂടാതെ ഓണ്‍ഫീല്‍ഡില്‍ മോശമായി പെരുമാറിയതിന് മൂന്ന് ഡീമെറിറ്റ് പോയിന്റും ലഭിച്ചേക്കും.

ശനിയാഴ്ച നടന്ന ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ഏകദിന മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് കാര്യമായ സംഭാവന നല്‍കാനായിരുന്നില്ല. 21 പന്തുകളില്‍ 14 റണ്‍സെടുത്തുനില്‍ക്കവേ നഹീദ അക്തറാണ് ഹര്‍മന്‍പ്രീതിനെ ഫഹീമ ഖാത്തൂന്റെ കൈകളിലെത്തിച്ച് മടക്കിയത്. മത്സരത്തിന്റെ 34-ാം ഓവറിലായിരുന്നു ഹര്‍മന്‍പ്രീത് പുറത്തായത്. നഹീദ അക്തറുടെ പന്ത് സ്വീപ് ചെയ്യാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ ശ്രമം പരാജയപ്പെടുകയും ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയുമായിരുന്നു. താന്‍ പുറത്തായതോടെ ക്ഷുഭിതയായ താരം ബാറ്റ് കൊണ്ട് സ്റ്റംപ് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. അമ്പയര്‍ക്കെതിരെ ഹര്‍മന്‍ മോശം പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു.

മത്സരശേഷവും അംപയറിംഗിലുള്ള തന്റെ അതൃപ്തി ഹര്‍മന്‍ പ്രകടമാക്കി. 'ബംഗ്ലാദേശ് വളരെ നന്നായി തന്നെയാണ് ബാറ്റ് ചെയ്തത്. പക്ഷേ അമ്പയറുടെ തീരുമാനങ്ങള്‍ ഞങ്ങള്‍ക്ക് നിരാശയുണ്ടാക്കി. വളരെ ദയനീയമായ അംപയറിംഗ് എന്നെ ആശ്ചര്യപ്പെടുത്തുന്നു. അടുത്ത തവണ വരുമ്പോള്‍ ഇത്തരത്തിലുള്ള അമ്പയറിംഗിനെ എങ്ങനെ നേരിടണമെന്ന് കൂടി ഞങ്ങള്‍ വ്യക്തമായി പഠിക്കും', മത്സരശേഷം കൗര്‍ പറഞ്ഞു.

ധാക്കയിലെ ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ബംഗ്ലാദേശ് ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 225 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ഔട്ടാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യ അനായാസം വിജയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ബംഗ്ലാദേശ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു. ട്രോഫി ഇരുടീമുകളും പങ്കിടുകയും ചെയ്തു.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT