Auto

ഇൻഡിക്കേറ്ററും ഹസാഡ് ലൈറ്റും ഉപയോഗിക്കേണ്ടത് എപ്പോൾ?

അന്‍ഷിഫ് ആസ്യ മജീദ്

ഇൻഡിക്കേറ്ററും ഹസാഡ് ലൈറ്റുകളും എപ്പോഴൊക്കെ ഉപയോഗിക്കേണ്ടതാണ് എന്നത് വാഹനം ഓടിക്കുന്ന മലയാളികൾക്ക് ഇടയിലെ പ്രധാന സംശയങ്ങളിൽ ഒന്നാണ്. ലൈസന്‍സ് എടുക്കുമ്പോള്‍ മാത്രം ഇൻഡിക്കേറ്റര്‍ കൃത്യമായി ഇടുന്ന ആളുകളും നമുക്ക് ഇടയിൽ ഉണ്ട്. മുന്നറിയിപ്പ് കൂടാതെ, തോന്നുന്ന ദിശയിലേക്ക് വാഹനം വെട്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളും നമ്മുടെ നാട്ടിൽ കുറവല്ല. ചിലർ ഒരു പ്രാവശ്യം ഇൻഡിക്കേറ്റര്‍ ഇട്ടാല്‍ പിന്നെ വാഹനം ഓഫ് ചെയ്താലും ഇൻഡിക്കേറ്റര്‍ ഓഫാക്കാത്തതും കാണാന്‍ കഴിയും.

ഇൻഡിക്കേറ്ററും ഹസാഡ് ലൈറ്റുകളും എപ്പോഴൊക്കെ ഉപയോഗിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും നിരവധി തവണ ബോധവത്കരിക്കാറുണ്ട്. എന്നാലും ഒട്ടുമിക്കവരും ഇപ്പോഴും ഇത് വേണ്ടപോലെ ഉപയോഗപ്പെടുത്തുന്നില്ലെന്നതാണ് റോഡുകളിൽ കാണുന്ന കാഴ്ച.

ഒരു വാഹനം തിരിയുന്നതിന് എത്ര മീറ്റര്‍ മുമ്പ് മുതല്‍ ഇൻഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം, ഏത് സാഹചര്യത്തിലാണ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലാത്തത് തുടങ്ങിയ കാര്യങ്ങളെല്ലാം മോട്ടോര്‍ വാഹന നിയമത്തില്‍ കൃത്യമായി നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും പാലിച്ചല്ല ജനങ്ങൾ വണ്ടി ഓടിക്കുന്നത്. മുൻപൊക്കെ വാഹനം തിരിയുന്നതിനും മറ്റും ഹാന്‍ഡ് സിഗ്നലുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് വളരെ കുറവാണ് ഇടംവലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടങ്ങൾ ഒരുപാടാണ്.

എപ്പോഴൊക്കെ ഇൻഡിക്കേറ്റർ ഇടണം

വാഹനം തിരിയുന്നതിന് തൊട്ടുമുന്‍പ് ഇൻഡിക്കേറ്റര്‍ ഇടരുത്. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇൻഡിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേകളില്‍ ആണെങ്കില്‍ വാഹനം തിരിയുന്നതിന് 900 അടി മുമ്പ് ഇൻഡിക്കേറ്റര്‍ ഇട്ട് മുന്നറിയിപ്പ് നൽകണം. യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുമ്പെങ്കിലും ഇൻഡിക്കേറ്ററുകള്‍ ഇടാന്‍ ശ്രദ്ധിക്കണം. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാന്‍ പാടുള്ളൂ. റിയര്‍വ്യൂ മിറര്‍ ഉപയോഗിച്ച് പിന്നിലെ വാഹനങ്ങൾ ശ്രദ്ധിക്കണം. ലെയ്ന്‍ മാറി ഓവര്‍ടേക്ക് ചെയ്യുമ്പോഴും ഇൻഡിക്കേറ്ററുകള്‍ ഉപയോഗിക്കുക. കൂടാതെ റൗണ്ട് എബൗട്ടിലും ഇൻഡിക്കേറ്റര്‍ ഉപയോഗിക്കണം.

ഹസാഡ് ലൈറ്റുകളുടെ ഉപയോഗം

ഹസാഡ് ലൈറ്റുകളുടെ കാര്യത്തിൽ ഒരുപാട് സംശയങ്ങളും തെറ്റിദ്ധാരണകളുമുള്ളവർ ധാരാളമുണ്ട്. നാല് ഇൻഡിക്കേറ്ററും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ പിന്നെ ഒന്നും നോക്കാതെ നേരെ വാഹനവുമായി പോകാമെന്ന ധാരണ ചിലർക്കുണ്ട്. എന്നാൽ അങ്ങനെ അല്ല, വാഹനം തകരാര്‍ സംഭവിച്ചോ, ടയര്‍ മാറ്റിയിടാനോ, അപകടത്തില്‍ പെട്ടോ റോഡിലോ റോഡ് അരികിലോ നിര്‍ത്തിയിടേണ്ടി വന്നാല്‍ ഹസാഡ് ഉപയോഗിക്കണം. മഴ, മഞ്ഞ് തുടങ്ങിയ കാലാവസ്ഥകളില്‍ ഒരിക്കലും ഹസാഡ് വാണിങ്ങ് ലൈറ്റുകള്‍ തെളിയിച്ച് ഓടിക്കാന്‍ പാടില്ലെന്നാണ് നിയമം. തകരാര്‍ സംഭവിച്ച് വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുമ്പോള്‍ രണ്ട് വാഹനങ്ങളിലും ഹസാഡ് ലൈറ്റുകള്‍ തെളിക്കണം. പ്രതികൂല കാലാവസ്ഥയില്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നാലും ഹസാഡ് ലൈറ്റുകൾ തെളിക്കണം.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT