ഓക്‌സിജന്‍ ക്ഷാമംമൂലം മരണം നടന്നിട്ടില്ലെന്ന കേന്ദ്രവാദം: നുണയിലൂടെ തീര്‍ക്കുന്ന ലജ്ജയില്ലാത്ത പ്രതിരോധമെന്ന് മനീഷ് സിസോദിയ

ഓക്‌സിജന്‍ ക്ഷാമംമൂലം രാജ്യത്ത് കൊവിഡ് മരണം നടന്നിട്ടില്ലെന്ന നുണയിലൂടെ തീര്‍ക്കുന്ന ലജ്ജയില്ലാത്ത പ്രതിരോധമാണ് കേന്ദ്രത്തിന്റേതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഓക്‌സിജന്റെ ക്ഷാമം കാരണം മരണം സംഭവിച്ചവരുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുവെക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയോട് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പ്രതികരിച്ചു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യത്തെ ബാധിച്ച കൊവിഡ് രണ്ടാതരംഗത്തിന്റെ രൂക്ഷതയില്‍ ആശുപത്രികളില്‍ ഓക്‌സജന്‍ ക്ഷാമം നിരവധി മരണങ്ങള്‍ക്ക് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്കിയ പ്രസ്താവനയില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം കാരണം മരണം നടന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. ഇത് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായി. ഇതേ തുടര്‍ന്നാണ് ആംആദ്മി പാര്‍ട്ടിയും ഡല്‍ഹി സര്‍ക്കാരും പ്രസ്താവനയ്ക്കിതെര രംഗത്തെത്തിയത്.

ആയിരക്കണക്കിന് കൊവിഡ് രോഗികളാണ് ഓക്‌സിജന്‍ ക്ഷാമം മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് മരണങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കിയത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പകരം നുണ പറഞ്ഞ് ലജ്ജയില്ലാതെ പ്രതിരോധം തീര്‍ക്കുകയാണെന്നും ആം ആദ്മി നേതാവ് വ്യക്തമാക്കി. ഓക്‌സിജന്‍ ക്ഷാമം കാരണം മരണം സംഭവിച്ചതില്‍ വിശദമായ അന്വേഷണം ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രം അതില്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ഓക്‌സിജന്‍ ക്ഷാമം കാരണമുള്ള മരണങ്ങള്‍ മറച്ചുവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതില്‍ വിമുഖത കാണിച്ചതെന്നും മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു.

Covid 19 updates

Latest News