Top

സിക്‌സര്‍ കിംഗ് മടങ്ങി വരുന്നു; സെയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചേക്കും

പഞ്ചാബ് ക്രിക്കറ്റ് അസോസിയഷന്റെ നേരിട്ടുള്ള ഇടപെടലാണ് താരത്തിന്റെ തിരിച്ചു വരവിന് വഴി വച്ചത്. നിലവില്‍ യുവി മൊഹാലി പിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ്.

15 Dec 2020 8:10 AM GMT

സിക്‌സര്‍ കിംഗ് മടങ്ങി വരുന്നു; സെയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചേക്കും
X

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് വീണ്ടും ബാറ്റെടുക്കുന്നു. സെയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരിക്കും യുവി സാന്നിധ്യം അറിയിക്കുക. ടൂര്‍ണമെന്റിനുള്ള പഞ്ചാബിന്റെ 30 അംഗ ടീമില്‍ താരത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019 ജൂണിലാണ് ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍ വിരമിച്ചത്.

ജനുവരി രണ്ടാം വാരത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കാനാണ് ബിസിസിഐയുടെ തീരുമാനം. വിരമിക്കലിന് ശേഷം യുവി ക്യാനഡയില്‍ ഗ്ലോബല്‍ ട്വന്റി-20 ലീഗില്‍ കളിച്ചിരുന്നു. പഞ്ചാബ് ക്രിക്കറ്റ് അസോസിയഷന്റെ നേരിട്ടുള്ള ഇടപെടലാണ് താരത്തിന്റെ തിരിച്ചു വരവിന് വഴി വച്ചത്. നിലവില്‍ യുവി മൊഹാലി പിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ്.

എന്നാല്‍ യുവരാജ് കളിക്കുമൊ ഇല്ലയൊ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഇല്ല. ബിസിസിഐയുടെ അനുമതി ലഭിച്ചാല്‍ മാത്രമെ പഞ്ചാബിനായി പാഡണിയാന്‍ കഴിയു. ഇന്ത്യയുടെ പ്രഥമ ട്വന്റി-20 ലോകകപ്പ് നേട്ടത്തിലും, 2011 ലോകകപ്പ് നേട്ടത്തിലും യുവരാജ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ലോകകപ്പില്‍ ഒന്‍പത് കളികളില്‍ നിന്ന് 362 റണ്‍സും 15 വിക്കറ്റും നേടിയ യുവിയായിരുന്നു ടൂര്‍ണമെന്റിലെ താരം. യുവരാജിന് പുറമെ മന്ദീപ് സിംഗ്, ബരീന്ദര്‍ സ്രാന്‍, സന്ദീപ് ശര്‍മ, അര്‍ഷദീപ് സിംഗ് എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

സെയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശ്രീശാന്തിന്റെ സാന്നിധ്യവും ഉണ്ടാകും. ടൂര്‍ണമെന്റിനുള്ള കേരളത്തിന്റെ സാധ്യതാ ടീമില്‍ വലം കയ്യന്‍ ഫാസ്റ്റ് ബൗളറേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏഴ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് എത്തുന്നത്. 2013ല്‍ ഐപിഎല്ലിനിടെ ഒത്തുകളി വിവാദത്തില്‍ പെടുകയും പിന്നീട് ബിസിസിഐ താരത്തെ ആജീവനാന്തം വിലക്കി. കോടതി കുറ്റവിമുക്തനാക്കിയിട്ടും കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് ശ്രീശാന്തിന്റെ വിലക്ക് മാറിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മോഡലില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്താനിരുന്ന പ്രെസിഡന്‍സ് കപ്പിലായിരുന്നു ശ്രീശാന്ത് ആദ്യം കളിക്കുമെന്ന് കരുതിയത്. കൊവിഡ് സാഹചര്യം പരിഗണിച്ച് ടൂര്‍ണമെന്റ് നീട്ടി വച്ചു. രഞ്ജി ട്രോഫിയിലേക്കുള്ള ടീമില്‍ ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കെസിഎ നേരത്തെ വ്യക്തമാക്കിയിരുന്നു.

Next Story

Popular Stories