cricket news

”എന്റെ പിടലി ഒടിക്കുമെന്ന് ഫ്‌ളിന്റോഫ് പറഞ്ഞു; മറുപടി പക്ഷേ ബ്രോഡിന്റെ ഓവറിലായിപ്പോയി”; മാസ്മരിക പ്രകടനം ഓര്‍മിച്ച് യുവ്‌രാജ് -(വീഡിയോ)

2007-ല്‍ നടന്ന പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് മധുരതരമായ ഓര്‍മയാണ്. ചെറുക്രിക്കറ്റിന്റെ ആദ്യ ലോകകപ്പ് കിരീടം തന്നെ നേടാനായതു കൂടാതെ ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനത്തിന് അന്ന് ഉടമയായതും ഒരിന്ത്യന്‍ താരമാണ്.

ടി20 ക്രിക്കറ്റില്‍ ഒരോവറിലെ ആറു പന്തും സിക്‌സര്‍ പറത്തുന്ന ആദ്യ താരമായി യുവ്‌രാജ് സിങ് മാറിയത് ആ ലോകകപ്പിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റിയുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു ആ പ്രകടനം.

ബ്രോഡിനെതിരേ യുവിയുടെ ബാറ്റിങ് വിരുന്നു പോലെ തന്നെ ശ്രദ്ധേയമായിരുന്നു അതിനു തൊട്ടുമുമ്പ് ഇംഗ്ലീഷ് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി നടന്ന വാക്‌പോര്. ഫ്‌ളിന്റോഫിന്റെ പ്രകോപനമാണ് യുവിയുടെ പ്രകടനത്തിനു പിന്നില്‍ എന്ന് അന്നു തന്നെ വ്യക്തമായതാണ്.

ഇപ്പോള്‍ അന്ന് തങ്ങള്‍ക്കിടയില്‍ ഉണ്ടായ സംഭാഷണം എന്തായിരുന്നുവെന്നു വെളിപ്പെടുത്തുകയാണ് യുവി. ”22 യാണ്‍സ് വിത്ത് ഗൗരവ് കപൂര്‍” എന്ന പോഡ്കാസ്റ്റിലായിരുന്നു യുവിയുടെ വെളിപ്പെടുത്തല്‍.

”അന്ന് ഫ്‌ളിന്റോഫിനെതിരേ ഞാന്‍ രണ്ടു ബൗണ്ടറികള്‍ നേടിയിരുന്നു. സ്വാഭാവികമായും അദ്ദേഹത്തിന് അത് ഇഷ്ടമായില്ല. എനിക്കു നേരെ എന്തൊക്കെയോ പറഞ്ഞു. ഞാനും അതിനു മറുപടി നല്‍കി. ഇതിനു പിന്നാലെ എന്റെ നേരെ നടന്നടുത്ത് എന്റെ പിടലി ഒടിച്ചുകളിയും എന്നു പറഞ്ഞു. എന്റെ ബാറ്റ് എവിടെ വരെ പോകുമെന്നറിയാമോ എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. എനിക്കു വല്ലാതെ ദേഷ്യം വന്നിരുന്നു. എല്ലാ പന്തുകളും അടിച്ചുപറത്താനാണ് എനിക്കു തോന്നിയത്”- യുവ്‌രാജ് പറഞ്ഞു.

എന്നാല്‍ യുവിയുടെ ഈ രോഷത്തിനു പാത്രമാകേണ്ടി വന്നത് പാവം സ്റ്റിയുവര്‍ട്ട് ബ്രോഡായിരുന്നുവെന്നു മാത്രം. ബ്രോഡ് എറിഞ്ഞ അടുത്ത ഓവറിലെ ആറു പന്തുകളും ഗ്യാലറിയിലേക്ക് പറന്നപ്പോള്‍ അവിശ്വസനീയതയോടെ ബൗണ്ടറി ലൈനില്‍ നോക്കി നില്‍ക്കുകയായിരുന്നു ഫ്‌ളിന്റോഫ്.

അന്നത്തെ ആ ഓവറിലെ ഓരോ പന്തും കളിച്ചത് എങ്ങനെയാണെന്നും യുവ്‌രാജ് വിശദമായി പറഞ്ഞു. ”ആദ്യ പന്ത് ശരിക്കും ഭാഗ്യമായിരുന്നു. അത് സിക്‌സറായി. അതോടെ എനിക്ക് ആത്മവിശ്വാസമായി. രണ്ടാം പന്തിലും ആറ് റണ്‍സ് തന്നെ കുറിച്ച്. മൂന്നാം പന്തില്‍ പോയിന്റിനു മുകളിലൂടെയാണ് ഞാന്‍ സിക്‌സര്‍ നേടിയത്. എന്റെ കരിയറില്‍ ആദ്യമായാണ് പോയിന്റിലൂടെ ഞാന്‍ ഒരു ബൗണ്ടറി അടിക്കുന്നത്”- യുവി പറഞ്ഞു.

”ഓവറില്‍ മൂന്ന് സിക്‌സറുള്‍ പിറന്നതോടെ എനിക്കെതിരേ ഓഫ്‌സ്റ്റംപിന് പുറത്ത് ബൗള്‍ ചെയ്യാന്‍ അന്നത്തെ ഇംഗ്ലണ്ട് നായകന്‍ പോള്‍ കോളിങ്‌വുഡ് ബ്രോഡിന് ആവശ്യപ്പെടുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ ബ്രോഡ് ലെഗ്‌സ്റ്റംപിലാണ് എറിഞ്ഞത്. ബ്രോഡ് ആശയക്കുഴപ്പത്തിലാണെന്നു മനസിലായതോടെ അതിലും ഞാന്‍ ഷോട്ട് ഉതിര്‍ത്തു. അഞ്ചാം പന്ത് എന്റെ ബാറ്റിന്റെ കീഴ് അറ്റത്താണ് കൊണ്ടത്. ബൗണ്ടറി ചെറിയതാതിനാല്‍ അതു സിക്‌സര്‍ ആയി. അതോടെ അവസാന പന്തിലും സിക്‌സര്‍ നേടണമെന്ന് ആഗ്രഹിച്ചു. ബ്രോഡ് യോര്‍ക്കര്‍ എറിയുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ സ്‌ട്രെയ്റ്റ് ഷോട്ടിന് ഞാന്‍ തയാറെടുത്തിരുന്നു. ആ പന്ത് എന്റെ വരുതിയിലായിരുന്നു. അത് സിക്‌സര്‍ പറന്നതോടെ ഞാന്‍ ആദ്യം നോക്കിയത് ഫ്‌ളിന്റോഫിനെയാണ്. അദ്ദേഹത്തിന് ഒരു പുഞ്ചിരി സമ്മാനിക്കാനും ഞാന്‍ മറന്നില്ല”-യുവി കൂട്ടിച്ചേര്‍ത്തു.

അന്ന് ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് പിറന്നത്. 12 പന്തുകളില്‍ നിന്ന് 50 തികച്ച യുവ്‌രാജ് ട്വന്റി 20 ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അര്‍ധശതകം തികയ്ക്കുന്ന താരവുമായി.

Covid 19 updates

Latest News