Top

പാലക്കാട് ദുരഭിമാനക്കൊല; ഭാര്യാപിതാവും അമ്മാവനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

അനീഷിന്‍റെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

25 Dec 2020 12:45 PM GMT

പാലക്കാട് ദുരഭിമാനക്കൊല; ഭാര്യാപിതാവും അമ്മാവനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
X

പാലക്കാട് കുഴല്‍മന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തെങ്കുറിശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. 27 വയസ്സായിരുന്നു. വൈകിട്ട് 6:30ഓടെ മാനാംകുളംമ്പില്‍ വച്ചാണ് സംഭവം. അനീഷിന്‍റെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രഭുകുമാറിനായുള്ള തിരച്ചില്‍ തുടരുകയാണ്.

ബൈക്കില്‍ കടയിലേക്ക് പോവുകയായിരുന്ന അനീഷിനെയും സഹോദരനേയും പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അനീഷിന്‍റെ ഇരുകാലുകള്‍ക്കുമാണ് കുത്തേറ്റത്. ദേഹത്ത് മര്‍ദിച്ചതിന്‍റേയും കഴുത്ത് ഞെരിച്ചതിന്‍റെയും പാടുകള്‍ ഉണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനീഷ് മരണമടഞ്ഞത്.

ദുരഭിമാനക്കൊലയിലേക്കാണ് സംഭവം വിരള്‍ ചൂണ്ടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമാകാനാണ് സാധ്യതയെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മൂന്ന് മാസം മുന്‍പാണ് അനീഷും ഹരിതയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുന്‍പും ശേഷവും ഭാര്യയുടെ കുടുംബത്തില്‍ നിന്ന് അനീഷിന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് വീടിനുള്ളില്‍ തന്നെയായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്.

കൊലപാതകം നടന്ന സ്ഥലം.
Next Story

Popular Stories