Top

‘പ്രതിപക്ഷ നേതാവിന്റേത് മികച്ച പ്രവര്‍ത്തനം’; നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എസ് ജെ പ്രേംരാജ്, ഏഴ് ജനറല്‍ സെക്രട്ടറിമാര്‍, 13 സെക്രട്ടറിമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കോട്ടയം, ഇടുക്കി ജില്ലാ പ്രസിഡണ്ടുമാര്‍ എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

11 May 2021 4:02 AM GMT

‘പ്രതിപക്ഷ നേതാവിന്റേത് മികച്ച പ്രവര്‍ത്തനം’; നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
X

കോഴിക്കോട്: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനേയും മാറ്റണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നില്ലെന്നും സംസ്ഥാന കമ്മിറ്റി യോഗം ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ധനീഷ് ലാല്‍ അറിയിച്ചു.

നേതൃത്വം മോശമാണെന്ന അഭിപ്രായം യൂത്ത് കോണ്‍ഗ്രസിനില്ലെന്നും പ്രതിപക്ഷ നേതാവിന്റേത് മികച്ച പ്രവര്‍ത്തനമാണെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. അതേസമയം, എഐസിസി നിരീക്ഷകന്‍ കേരളത്തില്‍ എത്തുമ്പോള്‍ അഭിപ്രായം അറിയിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ധനീഷ് ലാല്‍ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ മാറ്റണമെന്നും ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്ത് കൈമാറിയെന്നായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കെപിസിസി, സിസിസി, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, ഐഎന്‍ടിയുസി ജംബോ കമ്മിറ്റികളെ അടിയന്തിരമായി പിരിച്ചുവിട്ട് ബൂത്ത് ലെവലില്‍ നിന്നും ഇവ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറഞ്ഞിരുന്നു.

യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എസ് ജെ പ്രേംരാജ്, ഏഴ് ജനറല്‍ സെക്രട്ടറിമാര്‍, 13 സെക്രട്ടറിമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കോട്ടയം, ഇടുക്കി ജില്ലാ പ്രസിഡണ്ടുമാര്‍ എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. ചരിത്രത്തിലില്ലാത്ത പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയതെന്നും തിരിച്ചുവരാന്‍ തിരുത്തല്‍ വേണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. പരാജയത്തിന്റെ ഉത്തരവാദികളായ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ എന്നിവരെ മാറ്റണമെന്നായിരുന്നു ആവശ്യം.

കെ സുധാകരനെ കെപിസിസി അധ്യക്ഷനായും വിഡി സതീശനെ പ്രതിപക്ഷ നേതാവായും നിയമിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖാര്‍ഖെയും വൈദ്യലിഗവും ഈ മാസം 20ന് സംസ്ഥാനത്ത് എത്തിയേക്കും. സമ്പൂര്‍ണ്ണ പുനസംഘടന നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ 18, 19 തീയതികളില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ചേരുന്നുണ്ട്.

Also Read: ‘ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, ചീത്തപ്പേര് കേള്‍പ്പിക്കുന്നവര്‍ പിന്നെ മന്ത്രിസഭയില്‍ കാണില്ല’; കടുപ്പിച്ച് സ്റ്റാലിന്‍

Next Story