
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ ആംബുലന്‍സുകള്‍ക്ക് ക്ഷാമമുണ്ടായേക്കാമെന്ന് മുന്നില്‍ക്കണ്ട് ഓട്ടോറിക്ഷ ആംബുലന്‍സാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ വിജയ് ആണ് ഓട്ടോറിക്ഷ ആംബുലന്‍സുമായി സേവനത്തിന് സജ്ജനായത്. രോഗവ്യാപനത്തിന് ശമനമില്ലാത്ത സാഹചര്യത്തില്‍ ഗുരുതര രോഗികള്‍ക്ക് പോലും വരുംദിവസങ്ങളില്‍ ആംബുലന്‍സ് കിട്ടാതെ വന്നേക്കാം എന്ന് കണ്ടാണ് വിജയ് സേവനത്തിന് തയ്യാറായത്. യൂത്ത് കോണ്‍ഗ്രസ് പരവൂര്‍ മണ്ഡലം പ്രസിഡന്റ് കൂടിയാണ് വിജയ്.
കൊവിഡ് രോഗികളെ പിപിഇ കിറ്റ് ധരിച്ച് സുരക്ഷിതമായി ഓട്ടോറിക്ഷ ആംബുലന്‍സില്‍ ആശുപത്രികളിലെത്തിക്കാനാണ് വിജയ്‌യുടെ പദ്ധതി. നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ വിജയ്ക്ക് അഭിനന്ദനമറിയിച്ചിട്ടുണ്ട്.
ആലപ്പുഴ പുന്നപ്രയില്‍ ശ്വാസംമുട്ടല്‍ അനുഭവിച്ച കൊവിഡ് രോഗിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂടിയായ രണ്ടുപേര്‍ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത് ചര്‍ച്ചയായിരുന്നു.ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ പ്രർത്തിക്കുന്ന കോവിഡ് ഡൊമസ്റ്റിക് കെയർ സെന്ററിൽ നിന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രേഖയും അശ്വിനും രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആംബുലന്‍സ് വൈകുമെന്ന് അറിയിപ്പ് ലഭിച്ചതിനാലായിരുന്നു ഇവര്‍ രോഗിയെ കൊണ്ടുപോകാന്‍ ബൈക്ക് ഉപയോഗപ്പെടുത്തിയത്.