Top

“നേരും നെറിയുമില്ലാത്തവരാണ് നമ്മുടെ രാഷ്ട്രീയ എതിരാളികള്‍; നാം വിറങ്ങലിക്കില്ല, കേരളം നേരിടും, മുന്നോട്ടുപോകും”; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മനാടായ പിണറായിയിലെ സ്വീകരണം ഏറ്റുവാങ്ങി നടത്തിയ പ്രസംഗം നമ്മുടെ സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കുന്നു. സ്വാഭാവികമായും ഒരു സര്‍ക്കാര്‍ അഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആളുകളില്‍ അഞ്ച് വര്‍ഷക്കാലം സര്‍ക്കാര്‍ ചെയ്ത് പ്രവര്‍ത്തനങ്ങളില്‍ വന്ന കുറവുകള്‍ സ്വാഭാവികമായും മുഴച്ചു നില്‍ക്കും. ഒരു തെരഞ്ഞെടുപ്പ് ഘട്ടമാകുമ്പോള്‍ അതാണ് ഏറ്റവും കൂടുതലായി ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷം ശ്രമിക്കുക. പക്ഷെ നമ്മുടെ അനുഭവത്തില്‍ ആ വഴിയ്ക്കല്ല കേരളത്തിലെ പ്രതിപക്ഷം നീങ്ങുന്നത്. സാധാരണ വഴി വിട്ട് സഞ്ചരിക്കാനാണ് അവര്‍ […]

8 March 2021 12:26 PM GMT

“നേരും നെറിയുമില്ലാത്തവരാണ് നമ്മുടെ രാഷ്ട്രീയ എതിരാളികള്‍; നാം വിറങ്ങലിക്കില്ല, കേരളം നേരിടും, മുന്നോട്ടുപോകും”; മുഖ്യമന്ത്രി
X

മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മനാടായ പിണറായിയിലെ സ്വീകരണം ഏറ്റുവാങ്ങി നടത്തിയ പ്രസംഗം

നമ്മുടെ സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കുന്നു. സ്വാഭാവികമായും ഒരു സര്‍ക്കാര്‍ അഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആളുകളില്‍ അഞ്ച് വര്‍ഷക്കാലം സര്‍ക്കാര്‍ ചെയ്ത് പ്രവര്‍ത്തനങ്ങളില്‍ വന്ന കുറവുകള്‍ സ്വാഭാവികമായും മുഴച്ചു നില്‍ക്കും. ഒരു തെരഞ്ഞെടുപ്പ് ഘട്ടമാകുമ്പോള്‍ അതാണ് ഏറ്റവും കൂടുതലായി ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷം ശ്രമിക്കുക. പക്ഷെ നമ്മുടെ അനുഭവത്തില്‍ ആ വഴിയ്ക്കല്ല കേരളത്തിലെ പ്രതിപക്ഷം നീങ്ങുന്നത്. സാധാരണ വഴി വിട്ട് സഞ്ചരിക്കാനാണ് അവര്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് ഒരുഘട്ടത്തില്‍ അവര്‍ പയറ്റി നോക്കി. ഈ അഞ്ച് വര്‍ഷ കാലയളവില്‍ നാം നേരിടേണ്ടി വന്ന അനേകം പ്രതിസന്ധികളുണ്ട്. ആ പ്രതിസന്ധി ഘട്ടത്തിലൊന്നും ഇത്തരം ആളുകളില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നില്ല. പക്ഷെ, അവിടേയും നമ്മളൊരു കാര്യം കണ്ടു. പ്രതിസന്ധി നേരിട്ട് കുറച്ചുകഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരിനെ എങ്ങനെ അപഹസിക്കാന്‍ പറ്റും. വസ്തുതകള്‍ കൊണ്ട് പറ്റില്ല. മറ്റേതെങ്കിലും തരത്തില്‍ സര്‍ക്കാരിനെ അപഹസിക്കാന്‍ നോക്കുക. ഇത് വലിയ തോതില്‍ ഓരോ ഘട്ടത്തിലുമുണ്ടായി. പക്ഷെ, സര്‍ക്കാര്‍ ശ്രമിച്ചത് പ്രതിസന്ധികളുണ്ടാകുമ്പോള്‍ നാടാകെ ഒന്നിച്ചു നില്‍ക്കുക എന്നതാണ് പ്രധാനം. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാരേയും ഒന്നിച്ചു നിര്‍ത്തി ഒരുമയോടെ അതിനെ നേരിടുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. അതിന് നല്ല ഫലമുണ്ടായത്. നൂറ്റാണ്ടിലെ മഹാപ്രളയം നാം ഒരുമയോടെ നേരിട്ടപ്പോള്‍ രാജ്യം മാത്രമല്ല, ലോകം തന്നെ ശ്രദ്ധിച്ചു. കേരളത്തിന് മാത്രമേ ഇത്തരത്തില്‍ നേരിടാന്‍ ആകൂ എന്ന തോന്നലുണ്ടായി. അത് വലിയ പ്രശംസയായി കേരളത്തിന് വന്നു.

യഥാര്‍ത്ഥത്തില്‍ ആ പ്രശംസ നാടിനുള്ളതാണ്. നാട്ടിലെ ജനങ്ങള്‍ക്കുള്ളതാണ്. പക്ഷെ, പ്രതിപക്ഷം വിചാരിച്ചു സര്‍ക്കാരിനെന്തോ നല്ല പേര് കിട്ടി പോകുകയാണെന്ന്. അതുകൊണ്ട ഉടനെ അത് ഇല്ലാതാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നായി ശ്രമം. ആ ചരിത്രത്തിലേക്കൊന്നും വളരെ വിശദമായി പോകുന്നില്ല. പക്ഷെ, നാം സ്വീകരിച്ച നിലപാടാണ് ശരി എന്ന് ജനങ്ങളാകെ വിലയിരുത്തുന്ന അവസ്ഥയുണ്ടായി. വീണ്ടും വലിയ പ്രകൃതി ദുരന്തം അതികാലവര്‍ക്കെടുതിയായി നമുക്ക് അനുഭവപ്പെട്ടു. അപ്പോള്‍ നമ്മുടെ നാടിനെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. മഹാപ്രളയത്തില്‍ ഒരു ഭാഗം തകര്‍ന്നുപോയി. ആ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തെ അല്‍പം തടസപ്പെടുത്തുന്ന രീതിയിലായി രണ്ടാമത് വന്ന ദുരന്തം. നമ്മള്‍ നേരത്തെയുള്ളതിനേപോലെ അതിനേയും അതിജീവിച്ചു. പക്ഷെ, പിറ്റേത്തെ ദുരന്തം നമ്മെ മാത്രമല്ല, രാജ്യത്തേയും ലോകത്തേയും ബാധിച്ചതാണ്. ഇപ്പോള്‍ നാം നേരിടുന്ന കൊവിഡ് മഹാമാരി. കൊവിഡ് നാം ഫലപ്രദമായി നേരിട്ടു. അവിടേയും ജനങ്ങളാണ് അതിന് മുന്‍കൈയെടുത്തത്. വലിയ തോതില്‍ ഒരുമയോടെ ത്യാഗസന്നദ്ധതയോടെ എല്ലാവരും പ്രവര്‍ത്തിക്കാന്‍ തയ്യാറായി. കൊവിഡ് വന്നപ്പോഴുണ്ടായ പ്രശ്‌നം, രാജ്യത്തിന്റേയും ലോകത്തിന്റേയും പല ഭാഗങ്ങളില്‍ ആളുകള്‍ വലിയ പ്രയാസത്തിലായി. കാരണം ലോക്ഡൗണ്‍ വന്നു പുറത്തിറങ്ങാന്‍ പറ്റിയില്ല. അപ്പോള്‍ നമ്മുടെ നാട്ടിലെ പതിനായിരങ്ങള്‍, ലക്ഷങ്ങള്‍ അന്നന്ന് ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടി ജീവിക്കുന്നവരാണ്. അവരുടെ കൈയില്‍ ബാങ്ക് ബാലന്‍സില്ല, കൈയില്‍ പണം സൂക്ഷിക്കുന്നില്ല. അന്നന്ന് ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുകയാണ്. സ്വാഭാവികമായി ലോകത്താകെയുള്ള ദരിദ്രജനവിഭാഗം മുഴുപ്പട്ടിണിയിലാകുന്ന സ്ഥിതി വന്നു. വിവരണാതീതമായ അവസ്ഥ വന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ ആരും പട്ടിണി കിടക്കരുത് എന്ന നിലപാട് നാം എല്ലാവരും കൂടി സ്വീകരിച്ചു. സര്‍ക്കാര്‍ അങ്ങനെയൊരു നിലപാട് പൊതുവെ പറഞ്ഞപ്പോള്‍ നാട് നിറഞ്ഞ മനസോടെ ഏറ്റെടുത്തു. സാമൂഹ്യ അടുക്കള വന്നു, പട്ടിണി കിടക്കും എന്ന് തോന്നിയ വീടുകളില്‍ ഭക്ഷണമെത്തി. പിന്നീടുള്ള ഘട്ടം നാം നോക്കിയാല്‍ വിവിധ രീതിയിലുള്ള നടപടികളിലൂടെ അരഞ്ഞുപോകുമായിരുന്ന പാവപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാട് പൊതുവെ സ്വീകരിക്കാനായി. ഇത് നമ്മുടെ നാടിന്റെ വിജയമാണ്. കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതില്‍ മുന്‍കൈയെടുത്തത്. ജനപ്രതിനിധികളും വലിയതോതില്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.

നാം കൊവിഡിനെ നേരിട്ട രീതി ലോകമാകെ അംഗീകരിക്കുകയാണ്. കൊവിഡ് ബാധിച്ചവരില്‍ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇവിടെ മരണം സംഭവിച്ചത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ നമ്മളേക്കാള്‍ ആരോഗ്യസംവിധാനം മെച്ചപ്പെട്ട മറ്റ് രാജ്യങ്ങളില്‍ മരണ നിരക്ക് വളരെ കൂടുതലാണ്. നമുക്കത് നല്ലതുപോലെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. മാത്രമല്ല, രോഗവ്യാപനം വലിയ തോതില്‍ പ്രതിരോധിക്കാനായി. അതിന്റെ ഫലമെന്താ, രോഗം വരാത്തവരാണ് ഇവിടെ വളരെ കൂടുതല്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രോഗം വരാന്‍ സാധ്യതയുള്ളവരാണ് കൂടുതല്‍ എന്ന് അര്‍ത്ഥം. രോഗം വന്ന് പോയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ രോഗം വന്നവരാണ് കൂടുതല്‍. ഇതാണ് നാടിന്റെ പ്രത്യേകത. ഇപ്പോള്‍ നാം വാക്‌സിനേഷനിലേക്ക് കടന്നു. നല്ല രീതിയില്‍ കാര്യങ്ങള്‍ നടന്നു. കേന്ദ്ര ആരോഗ്യവകുപ്പും ഇക്കാര്യങ്ങളേക്കുറിച്ച് പരിശോധിക്കുന്ന വലിയ സംവിധാനങ്ങളും നമ്മുടെ നാടിന്റെ പ്രത്യേകത വലിയ തോതില്‍ അംഗീകരിക്കുന്നു.

നാം ശ്രമിച്ചത് നാടിനെ ഒന്നിച്ച് നിര്‍ത്താനാണ്. അതില്‍ തന്നെ നാട്ടിലെ ജനങ്ങളെ എടുത്താല്‍ പാവപ്പെട്ടവര്‍ക്കാണ് എപ്പോഴും ഇത്തരം പ്രശനങ്ങള്‍ വരിക. ആ പാവപ്പെട്ടവരെ കണ്ടുകൊണ്ട് പ്രത്യേക നിലപാടാണ് എടുത്തത്. അതിന്റെ ഉദാഹരണം, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ നാട്ടിലുള്ള ക്ഷേമപെന്‍ഷന്‍ കിട്ടിയവര്‍ക്ക് 600 രൂപയായിരുന്നു പെന്‍ഷന്‍. 18 മാസമത്തെ കുടിശ്ശികയാണ് ഉണ്ടായിരുന്നത്. യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് ആ പാവങ്ങള്‍ക്ക് കൊടുക്കേണ്ടത് കൊടുത്തില്ലെന്ന് അര്‍ത്ഥം. എല്‍ഡിഎഫ് വന്നപ്പോള്‍ ആ കുടിശ്ശിക തീര്‍ത്തു. പിന്നെയോ, ഇപ്പോള്‍ എത്രയാ. 600 അല്ല 1600 രൂപയാണ് ആ പെന്‍ഷന്‍. ഇതൊരു മനോഭാവത്തിന്റെ പ്രശ്‌നമാണ്. ഇങ്ങനെ വന്നപ്പോള്‍ നാടാകെ കക്ഷി വ്യത്യാസമില്ലാതെ ഈ നടപടികള്‍ അംഗീകരിക്കുന്ന സ്ഥിതി വന്നു. അപ്പോള്‍ ഒരു പ്രത്യേക ചങ്ങാത്തം ഇവിടെ രൂപം കൊണ്ടു. ആ ചങ്ങാത്തം എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു. അതില്‍ നേതൃത്വം കൊടുത്തത് ബിജെപിയും കോണ്‍ഗ്രസുമാണ്. കോണ്‍ഗ്രസും ബിജെപിയും ഒരേ രീതിയില്‍ ഒരേ മനസോടെ എല്‍ഡിഎഫ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ പുറപ്പെട്ടു. പ്രതിപക്ഷ സര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ സാധാരണ ഗതിയില്‍ ആശ്ചര്യമൊന്നുമില്ല. അതെപ്പോഴും പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നടക്കുന്ന കാര്യമാണ്. പക്ഷെ, ഇവിടെ സര്‍ക്കാരിന്റെ ചെയ്തികള്‍ വെച്ചല്ല എതിര്‍പ്പുണ്ടായത്. സര്‍ക്കാരിനേക്കുറിച്ച് ഇല്ലാക്കഥകള്‍ മെനയുക. അതിന് ഈ രണ്ടിന്റേയും നേതാക്കള്‍ പ്രത്യേക ഗവേഷണം നടത്തുക.

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും, ഒരാള്‍ രാവിലെ പറയുന്നു മറ്റൊരു പാര്‍ട്ടിയുടെ നേതാവ് വൈകുന്നേരം പറയുന്നു. ബിജെപി നേതാവാണ് രാവിലെ പറയുന്നതെങ്കില്‍ വൈകുന്നേരം പ്രതിപക്ഷ നേതാവ് അതേ കാര്യം പറയുന്നു. എന്തിനാ ശ്രമിച്ചത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍. അപ്പോഴാണ് ഒരു സ്വര്‍ണക്കള്ളക്കടത്ത് നടന്നത്. നമ്മുടെ രാജ്യത്ത് കള്ളക്കടത്തുണ്ടായാല്‍ അത് ഫലപ്രദമായി പിടികൂടാന്‍ രാജ്യത്തിന്റേതായ സംവിധാനമുണ്ട്. കാരണം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന ഒന്നാണ്. അതിന് കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം കസ്റ്റംസിനാണ്. ആ കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. പല വഴിക്ക് കള്ളക്കടത്തുണ്ട്. വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്തുണ്ടാകുമ്പോള്‍ അത് പിടികൂടന്നതിന് വലിയൊരു സംവിധാനം കസ്റ്റംസിനുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്ത് നടന്നു. വലിയ ഗൗരവമുള്ള പ്രശ്‌നമായി അത്. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തു. പ്രധാനമന്ത്രിക്ക് തന്നെ കത്ത് അയച്ചു. ഇത് നാടിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്നതാണ് അതുകൊണ്ട് സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കണം. കേന്ദ്ര സര്‍ക്കാര്‍ അതില്‍ ഇടപെട്ടു. എന്‍ഐഎയെ അടക്കം അതിന് ചുമതലപ്പെടുത്തി. ജൂലൈ മാസത്തിലാണിത്. അത് വന്നപ്പോള്‍ ഈ പറയുന്ന സ്വര്‍ണക്കള്ളക്കടത്തിന്റെ ഭാഗമായ കുറ്റവാളികളെ പിടികൂടുതലായിരുന്നില്ല നമ്മുടെ സംസ്ഥാനത്തെ പ്രതിപക്ഷത്തിന് താല്‍പര്യം.

അവര്‍ തൊട്ടടുത്ത ദിവസം തന്നെ വലിയൊരു ആരോപണം ഉന്നയിച്ചു. അത് ഈ സ്വര്‍ണക്കള്ളക്കടത്ത് നടന്നപ്പോള്‍ അതില്‍ രക്ഷപ്പെടുന്നതിന് വേണ്ടി ഈ കള്ളക്കടത്തുകാരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന്്. ഒരു ഉണ്ടയില്ലാ വെടി എന്ന തരത്തിലേ സാധാരണ ഗതിയില്‍ ആരും എടുക്കയുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റംസിന്റെ ഉത്തരവാദിത്തപ്പെട്ട ഒരാളോട് ചോദിച്ചു. ഇങ്ങനൊരു സംഭവം നടന്നിട്ടുണ്ടോ. അപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരാളും ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസില്‍ വിളിച്ചിട്ടില്ല. സാധാരണ നിലയ്ക്ക് ആ വെടി ചീറ്റിപ്പോയി എന്നാണ് കാണുക. അന്വേഷണം ഇങ്ങനെ പുരോഗമിക്കുകയാണ്. ഇവര്‍ ആദ്യ ഘട്ടത്തില്‍ നല്ല രീതിയില്‍ തന്നെയാണ് ഏജന്‍സികളുടെ അന്വേഷണം നീങ്ങിയത്. അപ്പോള്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നേതാക്കള്‍ സര്‍ക്കാരിനെതിരെ പ്രചരണം കൊണ്ടുപിടിച്ചു. യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇതില്‍ യാതൊരു ഉത്തവാദിത്തവുമില്ല. കേന്ദ്ര ഏജന്‍സികളാണ് എല്ലാം ചെയ്യേണ്ടിയിരുന്നത്. പക്ഷെ, ആ കേന്ദ്ര ഏജന്‍സികളുടെ നേരെയെല്ല, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കൊണ്ടുപിടിച്ച പ്രചരണം. നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ടല്ലോ, പ്രത്യേകിച്ച് എല്‍ഡിഎഫിനെ എതിര്‍ക്കുന്ന കാര്യമാണെങ്കില്‍ നമ്മുടെ വലതുപക്ഷ മാധ്യമങ്ങള്‍ വല്ലാതെയങ്ങ് കൂടെ നില്‍ക്കും. ചിലപ്പോള്‍ പത്രമാണെങ്കില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ തലക്കെട്ടിട്ടാണ് വാര്‍ത്ത കൊടുക്കുക. ആളുകളുടെ മനസിലോട്ട് അങ്ങ് ഇടിച്ചുകയറ്റുക ആണ്, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍. അപ്പോള്‍ ഇങ്ങനെ മനപായസമുണ്ട്, നമ്മുടെ പ്രതിപക്ഷ വിഭാഗം തീര്‍ന്നു, എല്‍ഡിഎഫിന്റെ കഥ കഴിഞ്ഞു. അത്രയ്ക്ക് പ്രചരണമല്ലേ. പ്രചരണങ്ങള്‍ നിങ്ങളുടെ അനുഭവത്തിലുള്ളതുകൊണ്ട് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ ഓരോ ആള്‍ക്കും ഓരോ കുടുംബത്തിനും ഓരോ പ്രദേശത്തിനും നേരിട്ട് അനുഭവമുള്ള കാര്യങ്ങളുണ്ടല്ലോ. അത് അവരുടെ മനസിലുള്ള കാര്യമാണ്. അത് പെട്ടെന്നങ്ങ് മാറ്റിത്തീര്‍ക്കാന്‍ കഴിയുമോ. ലക്ഷ്യമിട്ടത് ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അതിന്റെ കേളികൊട്ടായി തദ്ദേശ തെരഞ്ഞെടുപ്പ് വരുമ്പോള്‍ അവിടെ എല്‍ഡിഎഫിനെ പൂര്‍മായി തകര്‍ത്തുകളയാം എന്നായിരുന്നു. പക്ഷെ, സംഭവിച്ചതോ, കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും. തീരദേശമായാലും മലനാടായാലും ഇടാനാടായാലും, എല്ലായിടങ്ങളിലും വലിയ സ്വീകാര്യതയോടെ എല്‍ഡിഎഫ് ഉയര്‍ന്നുവന്നു. അത് ചെറിയ കാര്യമല്ല. ഇവരാകെ ഒത്തു ചേര്‍ന്ന് നടത്തിയ ആക്രമണത്തെ ജനങ്ങള്‍ എങ്ങനെ എടുത്തു എന്നാണ് ഇത് കാണിക്കുന്നത്.

പക്ഷെ, കേരളത്തിലെ അന്തരീക്ഷത്തില്‍ ഒരു കേരളതല ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ട്. അത് മുന്‍പും ഉണ്ടായിട്ടുള്ളതാണ്. ഇപ്പഴും അത് അവര്‍ തുടരുകയാണ്. മുന്‍പ് വടകര-ബേപ്പൂര്‍ മോഡല്‍ നമുക്ക് ഓര്‍മ്മയുള്ളതാണ്. രണ്ട് കൂട്ടരും രഹസ്യബാന്ധവമായിരുന്നു. അത് കഴിഞ്ഞ് കുറേ സീറ്റുകളില്‍ ധാരണയുണ്ടാക്കി. യുഡിഎഫ് സര്‍ക്കാര്‍ വന്നു. ആര്‍എസ്എസ് നേതാവ് പിന്നീട് പരസ്യമായി പറഞ്ഞു ഞങ്ങളുടെ വോട്ട് നിങ്ങള്‍ക്ക് തന്നതുകൊണ്ടാണ് നിങ്ങളവിടെയിരിക്കുന്നതെന്ന് ഓര്‍മ്മ വേണം എന്ന്. ഈ രീതിയില്‍ ബാന്ധവമുണ്ടാക്കുന്നതിന് അവര്‍ക്ക് മടിയുണ്ടായിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ചിലയിടത്ത് അത്തരം ബന്ധങ്ങളുണ്ടായി. ഇപ്പോള്‍ ആ വഴിക്കാണ് കാര്യങ്ങള്‍ നീക്കുന്നത്. അതിലൂടെ ഇടത് മുന്നണിയെ തകര്‍ക്കാമെന്നാണ് അവര്‍ വ്യാമോഹിക്കുന്നത്. ഇതില്‍ ബിജെപിയുടെ ഒരു കണക്ക് കൂട്ടലുണ്ട്. ബിജെപി കാണുന്നത് എല്‍ഡിഎഫിനെ നേരിടല്‍ അത്ര എളുപ്പമല്ല. കോണ്‍ഗ്രസിനെ എപ്പോള്‍ വേണമെങ്കിലും വാരാം. കാണുന്നില്ലേ, പലയിടത്തുമുള്ളത്, പോണ്ടിച്ചേരിയില്‍ നടക്കുന്നത്. അവിടെയുള്ളതൊന്നും വേണ്ടെന്നാണ്. അവര്‍ കണക്കെടുത്തിട്ടുണ്ട്, അത്രയൊന്നുമില്ലാതെ തന്നെ പോകും. അങ്ങനെ പോകണമെന്ന് വിചാരിച്ചാല്‍ തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കന്‍മാരുണ്ട്. പരസ്യമായി പോകാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് സമ്മതിച്ച കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ഇതിന്റെ ഭാഗമായി രണ്ട് കൂട്ടരും കൂടിച്ചേര്‍ന്നുകൊണ്ടുള്ള ആക്രമണരീതിയാണ് ഇവിടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

ഇന്നലെ അമിത് ഷാ വന്ന് നമ്മുടെ നാട്ടില്‍ വന്ന് നാടിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടത്തിയത്. അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇവിടെയാകെ അഴിമതിയാണെന്നാണ്. നാം മനസിലാക്കേണ്ടത് രാജ്യത്തെ വിവിധ ഏജന്‍സികള്‍, ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് സാക്ഷ്യപ്പെടുത്തി നില്‍ക്കുകയാണ്. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും അത്തരത്തിലുള്ള സാക്ഷ്യപ്പെടുത്തലുകളുണ്ടായിരിക്കുകയാണ്. പക്ഷെ, അപമാനിക്കുന്നതിനെതിരെ ഒരക്ഷരം കോണ്‍ഗ്രസിന്റെ ഒരു നേതാവില്‍ നിന്നുമുയരില്ല. കാരണം അവര്‍ രണ്ടാളും കൂട്ടാണ്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ ഒരു പ്രസംഗമുണ്ട്. അദ്ദേഹം പറഞ്ഞു എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നില്ല. അവര്‍ ആകാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്. അതുപോരാ നിങ്ങളുടെ വേഗത കൂട്ടണം. ശക്തിയോടെ എല്‍ഡിഎഫ് സര്‍ക്കാരിനെ നേരിടണം. അപ്പോള്‍ രണ്ട് കൂട്ടരും ഒരേ മനസോടെ എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ വേണ്ടി ശ്രമിക്കുന്ന കാഴ്ച്ചയാണ് നമ്മള്‍ കാണുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രിയാണല്ലോ അമിത് ഷാ. നേരത്തേയുള്ള അമിത് ഷാ അല്ലാലോ. പക്ഷെ, കേന്ദ്ര ആഭ്യന്തരമന്ത്രിയായാണോ അദ്ദേഹം സംസാരിച്ചിരുന്നത്. സ്ഥാനത്തുണ്ട്. പക്ഷെ, സ്ഥാനത്തിരിക്കുമ്പോള്‍ ആ സ്ഥാനത്തിന്റെ നിലയില്‍ സംസാരിക്കണം. അപ്പോഴാണ് ആദരവ് തിരിച്ചുകിട്ടുക. അല്ലാത്ത രീതിയില്‍ വന്നാല്‍ പണ്ട് അമിത് ഷാ വന്നപ്പോള്‍ പറഞ്ഞത് അങ്ങോട്ട് പറയേണ്ടതായിട്ട് വരും. അത് മനസില്‍ വെച്ചോളണം.

അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വലിയ തോതില്‍ വര്‍ഗീയ പ്രയോഗങ്ങളാണല്ലോ വന്നത്. പ്രസംഗത്തിനിടയില്‍ മുസ്ലീം എന്ന വാക്ക് ഉച്ചരിക്കേണ്ടി വരുമ്പോള്‍ അതിനൊരു വല്ലാത്തൊരു കനം. അദ്ദേഹത്തിന്റെ സ്വരം വളരെ കടുക്കുന്നു. കണ്ടല്ലോ. ഇതാണല്ലോ രീതി. ഇവിടെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്ന് രാജ്യത്താകെ അറിയാത്തതല്ല. അദ്ദേഹം വര്‍ഗീയത ഏതെല്ലാം തരത്തില്‍ വളര്‍ത്തിയെടുക്കാന്‍ പറ്റും അതിന് വേണ്ടി എന്തും ചെയ്യുന്നയാളാണ്. 2002ലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഗുജറാത്തിലെ വംശഹത്യ. വര്‍ഗീയ കലാപമെന്ന് വിളിക്കുന്നതിനേക്കാള്‍ അതൊരു തരം വംശഹത്യയായിരുന്നു. ആ സംഭവങ്ങള്‍ നടന്നപ്പോള്‍ ഗുജറാത്തിലെ പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകന്‍ രാജീവ് ഷാ തനിക്ക് അമിത് ഷായില്‍ നിന്നുണ്ടായ അനുഭവത്തേക്കുറിച്ച് എഴുതുകയുണ്ടായി. അമിത് ഷാ സംസാരിക്കുന്നത് തന്നെ കലാപത്തേക്കുറിച്ച് നിങ്ങള്‍ എന്തുകൊണ്ടാണ് ബേജാറാകുന്നത് എന്ന് ചോദിച്ചുകൊണ്ടാണ്. അപ്പോള്‍ ഹിന്ദു-മുസ്ലീം മൈത്രി ആവശ്യമാണല്ലോ, അതിന് ആവശ്യമായത് ചെയ്യണം, ഗുജറാത്തിലെ സര്‍കേജ് എന്ന പ്രദേശത്തേക്കുറിച്ചായിരുന്നു. അപ്പോള്‍ അമിത് ഷായുടെ ചോദ്യം താങ്കളുടെ വീട് സര്‍കേജില്‍ അവരുടെ ഭാഗത്തോ അതോ നമ്മുടെ ഭാഗത്തോ? എന്താണ് അതിന് അര്‍ത്ഥം? അവരും നമ്മളും. അവരുടെ ഭാഗത്താണോയെന്ന് ചോദിച്ചാല്‍ മുസ്ലീങ്ങളുടെ കൂട്ടത്തിലാണോ അതോ നമ്മുടെ കൂട്ടത്തിലാണോ എന്നാണ്. ഇതാണോ ഒരു മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ ചോദിക്കേണ്ട ചോദ്യം. ഒരു പുതു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. ഹിന്ദുക്കളുടെ പ്രദേശത്താണെങ്കില്‍ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഒരു ആക്രമണവും ഉണ്ടാകില്ല. ആ ഗുജറാത്ത് കലാപം എന്തായിരുന്നു. എങ്ങനെയാണ് അതിന് നേതൃത്വം കൊടുത്തത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. വര്‍ഗീയതയുടെ ഒരു മനുഷ്യരൂപം, അത് സങ്കല്‍പിച്ചാണ് അതാണ് നേരത്തേയുള്ള ഈ അമിത് ഷാ. പുതിയ സ്ഥാനങ്ങളിലൊക്കെ എത്തിയെങ്കിലും അതില്‍ നിന്ന് അദ്ദേഹത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് ഇന്നലത്തെ അദ്ദേഹത്തിന്റെ ഇടപെടല്‍ കാണിക്കുന്നത്.

വര്‍ഗീയതയുടെ പ്രത്യേകതയെന്താണ്. മനുഷ്യനെ മതപരമായി വേര്‍തിരിച്ചുകൊണ്ട് ഉന്മൂലനം ചെയ്യുക. അതിന് നേരത്തേ ആര്‍എസ്എസ് അംഗീകരിച്ച തത്വശാസ്ത്രമുണ്ട്. അതിനനുസരിച്ച് കാര്യങ്ങള്‍ നടത്തുക. അങ്ങനെയുള്ള ഒരു പാര്‍ട്ടിയുടെ വലിയൊരു നേതാവ് ഇവിടെ വന്ന്, മത സൗഹാര്‍ദ്ദിന് കേളി കേട്ട നാട്, മതനിരപേക്ഷത പൂര്‍ണമായും സംരക്ഷിക്കപ്പെടുന്ന ഒരു നാട്, വര്‍ഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത ഒരു സമീപനം സ്വീകരിക്കുന്ന നാട്, അവിടെ വന്നിട്ടാണ് ഇന്നലത്തെ അദ്ദേഹത്തിന്റെ ഉറഞ്ഞുതുള്ളലുണ്ടായി. അദ്ദേഹം എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്, ഞാന്‍ ഏതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായി ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല. കൊലപാതകം, അപഹരണം നിയമവിരുദ്ധമായ പിന്തുടരല്‍ ഇങ്ങനെയുള്ള ഗുരുതരമായ കേസുകളൊക്കെ നേരിടേണ്ടി വന്നത് ആരായിരുന്നു എന്ന് സ്വയം അമിത് ഷാ ചിന്തിക്കണം. എല്ലാം നിങ്ങള്‍ നേരിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ശ്രമിക്കുന്നതുപോലെ അതൊന്നും ആരും കെട്ടിച്ചമച്ചതുമായിരുന്നില്ല. അദ്ദേഹമിവിടെ ഏതോ ഒരു സംശയാസ്പദമായ മരണത്തേക്കുറിച്ച് പരാമര്‍ശിച്ചതായി കണ്ടു. അത് ഏതാണെന്ന് അദ്ദേഹം പറയട്ടെ. അതില്‍ ഏതാണെന്ന് പറഞ്ഞാല്‍ എന്താണ് എന്നുള്ളത് അന്വേഷിക്കാന്‍ തയ്യാറാകും. പക്ഷെ, പുകമറ സൃഷ്ടിക്കാന്‍ നോക്കരുത്. കേരളത്തിന്റെ ഒരു പ്രത്യേകത ഏതൊരു സംഭവം നടന്നാലും കക്ഷി രാഷ്ട്രീയ ഭേദമന്യെ കേരള പൊലീസ് അന്വേഷിക്കുമെന്നതാണ്. അതില്‍ ഏതെങ്കിലും തരത്തില്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ എന്നൊരു വിഭാഗം ഇത്തരത്തിലുള്ള അക്രമങ്ങള്‍ നടത്തുമ്പോള്‍ കേരളത്തില്‍ ഇല്ല എന്നൊരു സമീപനമാണ് എന്ന സമീപനമാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്.

പക്ഷെ, ദുരൂഹമരണത്തേക്കുറിച്ച് പറയുമ്പോള്‍ 2010ലെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, അദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ബി അയാളുടെ പങ്കാളി തുളസീറാം പ്രജാപതി. ഇതൊക്കെ എന്താ? വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍. നേരെ വെടിവെച്ചുകൊല്ലലായിരുന്നു. ഓര്‍മ്മയില്ലേ? ആ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ പേരില്‍ ആരെയാണ് ചാര്‍ജ് ഷീറ്റ് ചെയ്തത്. അത്ര വലിയ മറവി അമിത് ഷായ്ക്കുണ്ടാകാന്‍ ഇടയില്ലല്ലോ. അന്നത്തെ ആ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ടയാളുടെ പേര് അമിത് ഷാ എന്നായിരുന്നു. ഓര്‍മ്മയില്ലെങ്കില്‍ ഓര്‍മ്മിക്ക്. ഇവിടെ വന്ന് ഞങ്ങളെ നീതി ബോധം പഠിപ്പിക്കാന്‍ പുറപ്പെടേണ്ട. ഞങ്ങള്‍ നീതീ ബോധത്തോടെയേ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളൂ. ആ കേസ് കേള്‍ക്കാനിരുന്ന സിബിഐ ജഡ്ജി ബി എച്ച് ലോയ, ആ കേസ് കേള്‍ക്കുന്നതിന് മുന്‍പ് 2014ല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. അതില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രമക്കേടുണ്ടെന്നും ആരോപണമുയര്‍ന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബം നീതിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇദ്ദേഹത്തിന് അതിനേക്കുറിച്ച് മിണ്ടാന്‍ കഴിയില്ല. ബിജെപിയുടെ ഏതെങ്കിലും ഒരു നേതാവ് ഇതിനേക്കുറിച്ച് മിണ്ടിയിട്ടുണ്ടോ? എന്തേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റാത്തത്. അവിടെയാണ് ദുരൂഹത. നിയമവിരുദ്ധമായി പിന്തുടരല്‍. 2013ലാണ് അതുമായി ബന്ധപ്പെട്ട കേസ് വരുന്നത്. അതിനിരയായ യുവതി അവസാനം കേസ് വേണ്ടെന്ന് വെച്ചു. എന്തുകൊണ്ടാ അത് സംഭവിച്ചത്? അമിത് ഷായ്ക്ക് അറിയാത്തതാണോ അത്.

ഇപ്പറഞ്ഞ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലാകുകയും ജയിലില്‍ കഴിയുകയും ചെയ്തത് ആരായിരുന്നു? ഓര്‍മ്മയില്ലേ. അതാണ് ഞാന്‍ പറഞ്ഞത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കില്‍ നിങ്ങളുടെ ചെയ്തികള്‍ ഞങ്ങള്‍ക്കും പറയേണ്ടതായി വരും.

ഒറ്റ വര്‍ഷം കൊണ്ട് വരുമാനത്തില്‍ 16000 മടങ്ങ് വര്‍ധനവുണ്ടാക്കി അച്ഛാദിന്‍ സൃഷ്ടിച്ചത് ഓര്‍മ്മയുണ്ടോ? അതല്ല പിണറായി വിജയന്‍. ഈ നാട്ടുകാര്‍ക്ക് അത് അറിയാം. ഈ കേരളീയര്‍ക്ക് അതറിയാം. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ക്ക് നല്ലതുപോലെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നത്. നിങ്ങളുടെ സംസ്‌കാരം വേറെ. ഞങ്ങളുടേത് വേറെ. നിങ്ങളുടെ സംസാരം വെച്ച് മറ്റുള്ളവരെ അളക്കാന്‍ പുറപ്പെടരുത്? അതിനാണ് നിങ്ങള്‍ ശ്രമിക്കുന്നത്? ഇങ്ങനെയൊക്കെയല്ലേ അധികാരമുണ്ടായാല്‍ നടക്കുക എന്ന രീതിയില്‍. അങ്ങനെ അല്ലാതേയും നടക്കും. അതുകൊണ്ടാണ് അഴിമതിയുടെ കാര്യത്തില്‍ ഏറ്റവും അഴിമതി കുറവുള്ള സംസ്ഥാനം എന്ന സല്‍പേര് ഈ നാടിന് സമ്പാദിക്കാനായത്. ഇവിടെ എതിര്‍ ശബ്ദങ്ങള്‍, സത്യം പറയുന്ന നാവുകള്‍ ഇല്ലാതാക്കാന്‍ പലതരത്തിലും അദ്ദേഹം പലയിടത്തും ശ്രമിച്ചിട്ടുണ്ടാകാം. പക്ഷെ, ഇവിടെ നാട് മാറ്റമാണ്.

ഈ നാട് ശ്രീനാരാണഗുരുവിന്റെ, ചട്ടമ്പി സ്വാമികളുടെ, മഹാത്മാ അയ്യങ്കാളിയുടെ, സഖാവ് പി കൃഷ്ണപിള്ളയുടെ, അയ്യാ വൈകുണ്ഠരുടെ ഇങ്ങനെയെല്ലാമുള്ള ഒരുപാട് മഹാരാഥന്‍മാരുടെ നാടാണ്. അവര്‍ ഇവിടെ പഠിപ്പിച്ച കാര്യങ്ങളുണ്ട്. ആ രീതികള്‍ കേരളം പിന്തുടരുകയുമാണ്. അതുകൊണ്ട് നിങ്ങളുടെ ആ രീതികളൊക്കെ ഇവിടെ ചെലവാകുമെന്ന് ധരിക്കരുത്. നിങ്ങള്‍ കോണ്‍ഗ്രസിനെ കൂടെ കൂട്ടി, അത് പ്ലാവില കാട്ടിക്കൊടുക്കുമ്പോള്‍ ആട് പിന്നാലെ പോകുമല്ലോ. അങ്ങനെയൊരു സ്ഥിതി കോണ്‍ഗ്രസിനുണ്ട്. അത് വെച്ച് ഞങ്ങളെയങ്ങ് നേരിട്ട് കളയാമെന്ന് മോഹിക്കരുത്. ഞങ്ങളത് നേരത്തേയും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവിടെ നിങ്ങള്‍ നാടിനെ ഭിന്നിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ആ ഘട്ടത്തിലെല്ലാം നാടിന്റെ ഒരുമയ്ക്ക് വേണ്ടി ഞങ്ങള്‍ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം കേരളത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കാനായിരിക്കും. വര്‍ഗീയതയെ തുരത്താനായിരിക്കും.

കുറേ ചോദ്യങ്ങള്‍ ഇന്നലെ അമിത് ഷാ ചോദിച്ചല്ലോ? നിങ്ങള്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലത് അങ്ങോട് ചോദിക്കാനുണ്ട്. ഒന്ന് നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനികളില്‍ ഒരാള്‍ അറിയപ്പെടുന്ന സംഘപരിവാറുകാരനല്ലേ? നിങ്ങള്‍ക്കത് അറിയില്ലേ?

സ്വര്‍ണക്കള്ളക്കടത്ത് പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഉത്തരവാദിത്തം പൂര്‍ണമായും കസ്റ്റംസിനല്ലേ?

തിരുവനനന്തപുരം എയര്‍പോര്‍ട്ടാണല്ലോ ഇതിന്റെ കേന്ദ്രമായി വരുന്നത്. ആ തിരുവനന്തപുരം വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തികുന്ന എയര്‍പോര്‍ട്ടല്ലേ?

ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വര്‍ണക്കടത്തിന്റെ പ്രധാന ഹബ്ബ് ആയത് എങ്ങനെയാണ്? അമിത് ഷാ ഉത്തരം പറയണം. കേരളത്തിന്റെ മുഖ്യമന്ത്രിയല്ല അതിന് ഉത്തരം പറയേണ്ടത്. അമിത് ഷായ്ക്ക് ഉത്തരം പറയാനുള്ള ബാധ്യതയുണ്ട്.

സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കാളിത്തമുണ്ട് എന്നത് അമിത് ഷായ്ക്ക് അറിയാത്തതാണോ? നാടാകെ ഇക്കാര്യം അറിയാമല്ലോ?

സ്വര്‍ണക്കള്ളക്കടത്തിന് തടസം വരാതിരിക്കാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സംഘപരിവാറുകാരായവരെ വിവിധ ചുമതലകളില്‍ നിയമിച്ചത് ബോധപൂര്‍വ്വമല്ലേ?

കള്ളക്കടത്തിന് പിടികൂടപ്പെട്ട ചിലരെ പ്രത്യേക താല്‍പര്യം എടുത്ത് ഡെപ്യൂട്ടേഷന്‍ വഴി തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചത്?

ഈ കേസിന്റെ ആദ്യഘട്ട അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങിയത്. ആ അന്വേഷണം അമിത് ഷായ്ക്കും കൂട്ടര്‍ക്കും വേണ്ടപ്പെട്ടവരിലേക്ക് എത്തുന്നു എന്ന് വന്നപ്പോഴല്ലേ, ആ കേസിന്റെ ദിശ തിരിച്ചുവിട്ടത്?

നയതന്ത്ര ബാഗേജ് അല്ല എന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാര്‍ട്ടിയുടെ ചാനലിന്റെ മേധാവിയല്ലേ? അദ്ദേഹത്തിലേക്ക് അന്വേഷണം എത്തിയപ്പോഴല്ലേ, നിങ്ങളേപ്പോലുള്ളവര്‍ക്ക് അന്വേഷണം ശരിയായി നടക്കാന്‍ പാടില്ലെന്ന് ബോധ്യമായത്?

ശരിയായ അന്വേഷണം നടന്നാല്‍ ഇത്തരത്തിലുള്ള നേതാക്കള്‍ മാത്രമല്ല. മന്ത്രി വരെ ചോദ്യം ചെയ്യപ്പെടും. എന്ന് മാത്രമല്ല മന്ത്രി പെട്ടേക്കും. ഇത് ബോധ്യമായപ്പോഴല്ലേ അന്വേഷണം അട്ടിമറിക്കുന്ന നിലയിലേക്ക് എത്തിയത്?

അന്വേഷണം അട്ടിമറിക്കുന്നതിന്റെ തുടക്കമായിരുന്നില്ലേ, ജോയിന്റെ കമീഷണര്‍ ഉള്‍പ്പെടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെ രായ്ക്കുരാമാനം സ്ഥലംമാറ്റിയത്? തുടര്‍ന്ന് അന്വേഷണം തന്നെ ആവിയായി പോയില്ലേ?

സ്വര്‍ണം കൊടുത്തുവിട്ട ആളെ അറിയാവുന്ന ഏജന്‍സി ആ പ്രധാന പ്രതിയെ എട്ടുമാസമായിട്ടും ചോദ്യം ചെയ്‌തോ? ഇന്ത്യാമഹാ രാജ്യത്തിന്റെ ഒരു അന്വേഷണഏജന്‍സിക്ക് ഇത്തരമൊരു കുറ്റവാളിയെ ഇതുവരെ ചോദ്യം ചെയ്യാന്‍ കഴിയാത്തത് കേന്ദ്രഭരണത്തിന് താല്‍പര്യമില്ലാത്തത് കൊണ്ടല്ലേ? എന്താണ് താല്‍പര്യ കുറവിന് കാരണം?

കള്ളക്കടത്ത് സ്വര്‍ണം ഇവിടെ വാങ്ങിയവരില്ലേ. അവരിലേക്ക് അന്വേഷണം എത്തിയോ? സംഘപരിവാര്‍ ബന്ധമുള്ളവര്‍ അതില്‍ ഉണ്ട് എന്നതു കൊണ്ടല്ലേ അവരിലേക്ക് അന്വേഷണം എത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്?

സ്വര്‍മം വന്നല്ലോ കള്ളക്കടത്തായി. വന്ന സ്വര്‍ണം കണ്ടുകിട്ടിയോ. സ്വര്‍ണം എന്താ ആവിയായി പോയോ? നിങ്ങള്‍ക്ക് അത് പിടികൂടാന്‍ താല്‍പര്യമില്ല. കാരണം നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ കൈയിലാണ് അത് എത്തിച്ചേര്‍ന്നിരിക്കുന്നത്?

നിങ്ങളുടെ അന്വേഷണഏജന്‍സി പ്രതിയെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവന്നത് താങ്കളുടെ ശ്രദ്ധയില്‍ ഇല്ലേ?

താങ്കളേപ്പോലുള്ള ഭരണാധിപന്‍മാരുടെ നിയമവിരുദ്ധ നിര്‍ദ്ദേശം നടപ്പാക്കാനല്ലേ അന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ ഇത്തരം വഴിവിട്ട നീക്കം നടത്തിയത്?

ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണെന്ന് ഇതേ പ്രതി സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തത് താങ്കള്‍ അറിഞ്ഞിട്ടില്ലേ?

സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണ ഏജന്‍സികളെ തിരിച്ചുവിടാന്‍ പ്രേരിപ്പിച്ചതാരാണ്?

നിങ്ങളുടെ പാര്‍ട്ടിയും കോണ്‍ഗ്രസും കൂടി ഒരു കേരളാതല സഖ്യമുണ്ടാക്കി എല്‍ഡിഎഫിനെ നേരിട്ട് കളയാമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്. അതൊക്കെ മനസിലാക്കാനും നേരിടാനുമുള്ള ശേഷി ഈ കേരളത്തിലെ സമൂഹത്തിനുണ്ട്. അന്വേഷണഏജന്‍സി നേരോടെയും നെറിയോടെയും പ്രവര്‍ത്തിക്കണം. അത് വിട്ട് പ്രവര്‍ത്തിച്ച് ഇവിടെ കൈകാര്യം ചെയ്തുകളയുമെന്ന ഭീഷണിയോടെ വന്നാല്‍, അവര്‍ വലിയ ഏജന്‍സികള്‍ തന്നെ പക്ഷെ, ആ വിരട്ടല്‍ ഇവിടെ നടക്കില്ല. ഇത് കേരളമാണ് എന്നത് ഓര്‍ത്തുകൊള്ളണം. ഈ തെരഞ്ഞെടുപ്പിനെ മറ്റ് രീതിയില്‍ സ്വാധീനിച്ച് കളയാമെന്ന് വെച്ചാല്‍ ഈ നാടിന്, ജനങ്ങള്‍ക്ക്, ആബാലവൃദ്ധം ആളുകള്‍ക്ക് ഞങ്ങളുടെ ചെയ്തികളെ അറിയാം. ഞങ്ങള്‍ക്ക് അതിലാണ് വിശ്വാസം. ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണ്. ജനം എല്‍ഡിഎഫിനൊപ്പമുണ്ട്.

അതുകൊണ്ട് അവര്‍ അവരുടെ വഴി നോക്കട്ടേ. നമുക്ക് നമ്മുടെ നേരായ വഴിക്ക് നേരിട്ട് പോകാം. നമ്മുടെ വഴിയെ തടസപ്പെടുത്താന്‍ ഒരു ശക്തിക്കും ആകില്ലെന്ന് നാം തിരിച്ചറിയണം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകണം. കേരളമാകെ ഒരു വലിയ തോതിലുള്ള നില സൃഷ്ടിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് തദ്ദേശ തെരഞ്ഞെടുപ്പില്‍ നമ്മള്‍ പറഞ്ഞിട്ടുണ്ട്. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും എന്താണ് സംഭവിക്കുക എന്ന് നാട് പൂര്‍ണായി വിലയിരുത്തിക്കഴിഞ്ഞതാണ്. എല്ലാവരും നല്ല രീതിയില്‍ ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കേണ്ട ഘട്ടമാണ്. ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്. രാഷ്ട്രീയപോരാട്ടത്തില്‍ നേരും നെറിയും വിട്ട് കളിക്കുന്ന ഒരു വിഭാഗമാണ് നമ്മുടെ എതിരാളികള്‍. അത് നാം കണ്ടുകൊള്ളണം. എന്നാല്‍ അതുകൊണ്ടൊന്നും നാം ഏതെങ്കിലും തരത്തില്‍ വിറങ്ങലിച്ചുപോകില്ല. ഇത്തരം ഘട്ടങ്ങളെ നമ്മള്‍ ഒരുപാട് നേരിട്ടതാണ്. ആ വഴിക്ക് തന്നെ നേരിട്ട് മുന്നോട്ടുപോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Next Story