എസ്പിബി, സച്ചി, ഇര്ഫാന് ഖാന്; 2020ല്‍ സിനിമാ ലോകത്തിന് നഷ്ടമായ പ്രതിഭകള്‍

ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നേട്ടങ്ങളും നഷ്ടങ്ങളും ഒരു പോലെ തന്ന വര്‍ഷമാണ് 2020. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഇന്ത്യന്‍ സിനിമ ആഗോളതലത്തില്‍ ചര്‍ച്ചയായതില്‍ തുടങ്ങി ‘ജെല്ലിക്കെട്ട്’ എന്ന ചിത്രത്തിന് ഓസ്കാര്‍ എന്റ്രി ലഭിച്ചത് വരെ നീളുന്നു ആ നേട്ടങ്ങള്‍. അതേസമയം കൊവിഡ് ദുരിത കാലത്ത് നിരവധി പ്രതിഭകളെയും നമുക്ക് നഷ്ടമായി. ഇര്ഫാന് ഖാന്, എസ്പി ബാലസുബ്രഹ്മണ്യം, സച്ചി തുടങ്ങിയ അതുല്യരായ കലാകാരന്മാര് ഇന്ന് നമ്മോടൊപ്പമില്ല.
ഒരുപക്ഷേ സിനിമാ ആരാധകരെ സംബന്ധിച്ച് 2020 തീരാനഷ്ടങ്ങളുടെ വര്‍ഷമായിരിക്കും. അനില്‍ നെടുമങ്ങാട്, ഷാനവാസ് നരണിപ്പുഴ എന്നിവരുടെ അപ്രതീക്ഷിത മരണം കൂടി നഷ്ടങ്ങളുടെ പട്ടികയിലേക്ക് അവസാനമെത്തുമ്പോള്‍ മലയാള സിനിമയ്ക്ക് പ്രത്യേകിച്ച് ദുരന്തങ്ങളുടെ വര്‍ഷമെന്ന് 2020നെ വിശേഷിപ്പിക്കേണ്ടി വരും.
- സച്ചി

‘അയ്യപ്പനും കോശിയും’ എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങള്‍ തീരും മുന്‍പാണ് സച്ചി എന്ന പ്രതിഭ ലോകത്തോട് വിടവാങ്ങിയത്. സച്ചിയുടെ മരണം മലയാള സിനിമയുടെ തീരാനഷ്ടമാണ്. 2012ല്‍ ‘റണ്‍ ബേബി റണ്ണി’ലൂടെ സ്വതന്ത്രമായി തിരക്കഥ എഴുതി തുടങ്ങിയ സച്ചി, പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചു. സുഹൃത്തും തിരക്കഥാകൃത്തുമായ സേതുവിനൊപ്പമാണ് സച്ചി തിരക്കഥ എഴുതി തുടങ്ങുന്നത്. ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റുകളൊരുക്കി. ചോക്ളേറ്റാണ് (2007) ഇരുവരും ഒന്നിച്ച് തിരക്കഥ എഴുതിയ ആദ്യ ചിത്രം.
സച്ചിയുടെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനാര്‍ക്കലിക്ക് അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടാണ് അയ്യപ്പനും കോശിയും പുറത്തിറങ്ങുന്നത്. ക്രിമിനല്‍ ലോയറില് നിന്ന് മലായാളത്തിലെ പ്രമുഖ സംവിധായകനിലേക്കുള്ള സച്ചിയടെ യാത്ര അയ്യപ്പനും കോശിയുമെന്ന് ചിത്രത്തില്‍ അവസാനിക്കുകയായിരുന്നു. ഹൃദയാഘാതം മൂലം ജൂണ്‍ 18നായിരുന്നു സച്ചിയുടെ അന്ത്യം.
2. അനില്‍ നെടുമങ്ങാട്

അടുത്തറിയും മുമ്പെ മലയാള സിനിമയ്ക്ക് നഷ്ടമായ അതുല്യ പ്രതിഭയാണ് അനില്‍ നെടുമങ്ങാട്. ‘തസ്കരവീരനിലൂടെ’ സിനിമാ മേഖലയിലേക്ക് രംഗപ്രവേശം നടത്തിയെങ്കിലും പിന്നെ വര്‍ഷങ്ങളേറെ കാത്തിരിക്കേണ്ടി വന്നു അനിലെന്ന നടനെ മലയാളികള്‍ തിരിച്ചറിയാന്‍. രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ്’ (2014) അനിലെന്ന നടന്റെ അഭിനയ മികവിനെ മലയാള സിനിമ അടുത്തറിഞ്ഞത്. അതിന് ശേഷം ‘കമ്മട്ടിപ്പാടം’ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. ‘അയ്യപ്പനും കോശിയിലെ’ സിഐ വേഷത്തോടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറി. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെയും, സിനിമ ലോകത്തേയും വിസ്മയിപ്പിക്കാന് കാത്തിരുന്ന അനിലിന്റെ മരണം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ക്രിസ്മസ് ദിനത്തില്‍ സൂഹൃത്തുക്കളോടൊപ്പം മലങ്കര ഡാമില്‍ പോയ അനില്‍ കയത്തില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു.
മുപ്പതിലധികം ചിത്രത്തില്‍ അഭിനയിച്ച അനില്‍ ടെലിവിഷന്‍ ചാനലുകളില്‍ അവതാരകനായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. സ്കൂള്‍ ഡ്രാമയില്‍ നിന്ന് അഭിനയം പടിച്ചിറങ്ങിയ ശേഷം നിരവധി സംവിധായകരെ അവസരങ്ങള്‍ക്കായി സമീപിച്ചു. എന്നാല്‍ പ്രതിഭയെ തിരിച്ചറിഞ്ഞത് സംവിധായകനായ രാജീവ് രവിയായിരുന്നു. അണിയറയില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഒരുങ്ങുന്നതിനിടയിലാണ് അനിലിന്റെ അപത്രീക്ഷിത വിടവാങ്ങല്‍. രംഗബോധമില്ലാതെ മരണം കയറി വന്ന നിമിഷം.!
3. ഷാനവാസ് നരണിപ്പുഴ

പറക്കും മുമ്പ് തകര്‍ന്ന വിമാനമെന്നാണ് ഷാനവാസിന്റെ മരണത്തെപ്പറ്റി അദ്ദേഹത്തിന്റെ സുഹൃത്തെഴുതിയത്. ‘സൂഫിയും സുജാതയും’ ഷാനവാസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണെങ്കിലും മലയാള സിനിമയുടെ മുന്‍നിരയിലേക്കുള്ള ആദ്യ പടിയായിരുന്നു അത്. സിനിമകളിലൂടെ ഏറെ പറയാനുണ്ടായിരുന്ന ഷാനവാസിന്റെ മരണം മലയാളത്തിന്റെ തീരാനഷ്ടമാണ്. ഡിസംബര്‍ 23ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംവിധായകന്, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. 2015ല്‍ പുറത്തിറങ്ങിയ ‘കരി’ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ‘കരി’ ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. എഡിറ്ററെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗോഡ്സ് ഓണ്‍ കണ്ട്രി, എസ്എംഎസ്, ഡോര്‍ ടു ഡോര്‍ തുടങ്ങിയ പത്തിലേറെ ഹ്രസ്വ ചിത്രങ്ങളും ഷാനവാസ് മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. സൂഫിയും സുജാതയുടെയും നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബു കുറിച്ചത് പോലെ ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓര്‍മകളും കുറേ അധികം കഥകളും ബാക്കി വെച്ചാണ് ഷാനവാസ് പോയത്.
4. ഇര്ഫാന് ഖാന്

ഏപ്രില്‍ 29നാണ് സിനിമ ലോകത്തിന് ഇര്ഫാന് ഖാനെന്ന അതുല്യ നടനെ നഷ്ടമാവുന്നത്. 2018ലാണ് ഇര്ഫാന് ഖാന് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ട്യൂമറുണ്ടെന്ന് കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ അമ്മ മരിച്ച് മൂന്നാം ദിവസമായിരുന്നു ഇര്‍ഫാന്റെയും മരണം. 1987ല്‍ മീര നായരുടെ ‘സലാം ബോംബെ’ എന്ന ചിത്രത്തിലൂടെയാണ് ഇര്ഫാന് ഖാന് അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടിവി സീരിയലുകളിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. 2001ലെ ‘വാരിയര്‍’ എന്ന ചിത്രത്തിലാണ് ആദ്യമായി താരം കേന്ദ്ര കഥാപാത്രമാവുന്നത്. 2005ലാണ് ഇര്ഫാന് ഖാന് തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘റോഗില്‍’ അഭിനയിക്കുന്നത്. 2008ലെ ‘സ്ലം ഡോഗ് മില്യണെയര്‍’ എന്ന ചിത്രത്തിലൂടെ താരത്തിന്റെ അഭിനയം ലോക ശ്രദ്ധ നേടി. അതിന് ശേഷം ‘ലൈഫ് ഓഫ് പൈ’ അടക്കം നിരവധി ഇംഗ്ലീഷ് ചിത്രങ്ങളില്‍ ഇര്ഫാന് ഖാന് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2020ല്‍ പുറത്തിറങ്ങിയ ‘അംഗ്രേസി മീഡിയ’മാണ് താരത്തിന്റെ അവസാന ചിത്രം.
ഇന്ത്യന്‍ സിനിമാ ലോകത്തിന് സ്വസിദ്ധമായ അഭിനയ ശൈലി പരിചയപ്പെടുത്തിയ വ്യക്തിയാണ് ഇര്ഫാന്. സ്ക്രീനില്‍ അഭിനയമല്ല, ജീവിച്ച കലാകാരന്. 2003, 2004 വര്‍ഷങ്ങളിലായി ഇറങ്ങിയ ഹാസില്‍, മക്ക്ബൂല്‍ എന്നീ ചിത്രങ്ങളാണ് ഇര്‍ഫാന്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവാകുന്നത്. ഹാസിലിലെ കഥാപാത്രത്തിന് മികച്ച വില്ലന്‍ വേഷത്തിനുള്ള ഫിലിം ഫെയറിന്റെ പുരസ്കാരം ലഭിച്ചു. ലൈഫ് ഇന്‍ എ മെട്രൊയിലെ മോണ്ടി എന്ന കഥാപാത്രമാണ് മറ്റൊരു മികച്ച പ്രകടനം. മോണ്ട്രിക്ക് സഹനടനുള്ള ഫിലിം ഫെയറിന്റെ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.
2011-ല്‍ ഇറങ്ങിയ പാന്‍ സിങ് തോമറിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള സിനിമയിലെ കഥാപാത്രം ലോകശ്രദ്ധ നേടി. ബോളിവുഡ് അന്നേവരെ കണ്ടിട്ടില്ലാത്ത സ്വഭാവിക നടനായി ഇര്ഫാന് പരിണമിച്ചു. പാന്സിംഗിലെ പ്രകടനത്തിന് മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം, ഫിലിം ഫെയറിന്റെ നിരൂപക പുരസ്കാരം തുടങ്ങിയ ലഭിച്ചു. ലഞ്ച് ബോക്സിലെ കഥാപാത്രത്തെ ഇന്ത്യന്‍ സിനിമാ ലോകം ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.
5. എസ് പി ബാലസുബ്രഹ്മണ്യം

എസ്പിബിയുടെ മധുര ശബ്ദം സെപ്റ്റംബര്‍ 25നാണ് നമ്മെ വിട്ടു പോയത്. കൊവിഡ് ബാധിതനായാണ് എസ്പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ആരോഗ്യ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തു. സംഗീത സംവിധായകന്, പിന്നണി ഗായകന്, സംവിധായകന്, നിര്‍മ്മാതാവ് എന്നിങ്ങനെ നിരവധി രംഗങ്ങളിലാണ് എസ്പിബി പ്രവര്‍ത്തിച്ചത്. 16 ഭാഷകളില്‍ നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങളാണ് ആലപിച്ചത്. എംജി ആര് നായകനായ ‘അടിമൈപ്പെണ്’ എന്ന ചിത്രത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ തമിഴിലെ ആദ്യ ഹിറ്റ് ഗാനം. 1979ല്‍ ‘ശങ്കരാഭരണം’ എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ പുരസ്കാരവും ലഭിച്ചു. യേശുദാസിന് ശഷേം ഏറ്റവും കൂടുതല്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഗായകനാണ് എസ്പി ബാലസുബ്രഹ്മണ്യം.
1946 ജൂണ്‍ 4നാണ് നിത്യഹരിത ഗായകനായ എസ്പി ബാലസുബ്രഹ്മണ്യം ജനിച്ചത്. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39,000ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്.
6. സൗമിത്ര ചാറ്റര്‍ജി

ബംഗാളി ചലചിത്ര ഇതിഹാസം സൗമിത്ര ചാറ്റര്‍ജി നവംബര്‍ 15നാണ് അന്തരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനയ പ്രതിഭയായിരുന്നു സൗമിത്ര ചാറ്റര്‍ജി. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്കി ആദരിച്ച അദ്ദേഹത്തിന് ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്മാര്ക്ക് നല്കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. എഴുപതുകളില്‍ അദ്ദേഹത്തിന് പത്മശ്രീയും ലഭിച്ചിരുന്നു. സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് (1959) സൗമിത്ര സിനിമയില്‍ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി.
മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. അപുര്‍ സന്‍സാര്‍, തീന് കന്യ, അഭിജാന്‍, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേര്‍ ദിന് രാത്രി, അശനിസങ്കേത്, സോനാര്‍ കെല്ല, ഗണശത്രു എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. 1935ന് കല്‍ക്കത്തയിലാണ് സൗമിത്ര ചാറ്റര്‍ജിയുടെ ജനനം.
7. കിം കി ഡുക്

ഡിസംബര്‍ 11നാണ് വിഖ്യാത കൊറിയന്‍ സംവിധായകനായ കിം കി ഡുക്ക് അന്തിരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സിലില്‍ ലഭിച്ച പുരസ്കാരമായിരുന്നു ഡുക്കിന്റെ ജീവിതത്തില്‍ പ്രധാന വഴിത്തിരിവായത്. 2005ല്‍ മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിരുന്നു. സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ്, ത്രീ അയണ്‍, വൈല്‍ഡ് ആനിമല്‍സ്, ബ്രിഡ്കേഡ് ഇന്‍, ദെ ഐസല്‍, പിയാത്ത, മോബിയസ്, അഡ്രസ് അണ്‍നോണ്‍ തുടങ്ങിയവയാണ് ഡുക്കിന്റെ പ്രധാന ചിത്രങ്ങള്‍. 1920 ഡിസംബര്‍ 20ല്‍ ദക്ഷിണ കൊറിയയിലെ കോങ്സസ് പ്രവിതശ്യയിലായികുന്നു ഡുകിന്റെ ജനനം.
മലയാളികളെ ഏറെ സ്വാധീനിച്ച വിദേശ സംവിധായകരുടെ പട്ടികയില്‍ മുന്‍നിരയിലാണ് കിംകി ഡുക്. സിനിമാ ഫെസ്റ്റിവലുകളില്‍ കിംകി ഡുകിന്റെ ചിത്രങ്ങള്‍ക്ക് ലഭിച്ച ആരാധക പ്രശംസ ഏറെയായിരുന്നു. മലയാളികളുമായി ഏറെ ചേര്‍ന്ന് നിന്ന അദ്ദേഹത്തിന്റെ നിര്യാണം ലോക സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ്.
8. ഋഷി കപൂര്‍

ഏപ്രില്‍ 30തിനാണ് ബോളിവുഡിന്റെ അനശ്വര താരം ഋഷി കപൂര്‍ അന്തരിച്ചത്. രണ്ട് വര്‍ഷത്തോളം ലുക്കീമിയ എന്ന കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ബോളിവുഡിലെ കപൂര്‍ കുടുംബത്തില്‍ ജനിച്ച ഋഷി കപൂര്‍ ‘മേരാ നാം ജോക്കര്‍’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തന്റെ പിതാവായ രാജ് കപൂറിനൊപ്പം അഭിനയിച്ച ചിത്രത്തില്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. 1973ലാണ് ബോളിവുഡില്‍ ‘ബോബി’ എന്ന സിനിമയില്‍ നായകനായി തുടക്കം കുറിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം അമിതാബ് ബച്ചനൊപ്പം ‘102 നോട്ട് ഔട്ട്’ലൂടെയാണ് ബോളിവുഡിലേക്ക് തിരിച്ചുവന്നു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
1973 നും 2000 നും ഇടയിലുള്ള കാലഘട്ടത്തിലെ റൊമാന്റിക് ഹീറോ എന്നാണ് ഋഷി അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ രാജ (1975), ലൈല മജ്നു (1976),ധ22പ സര്‍ഗം (1979), പ്രേം രോഗ് (1982), കൂലി (1983),ധ23പ സാഗര്‍ (1985), ചാന്ദ്നി (1989),ധ24പ ബോല്‍ രാധ ബോല്‍ (1992), ദാമിനി (1993), കാരോബാര്‍ (2000) തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ റൊമാന്റിക് ഹീറോ വേഷമിട്ടു. ജീതു ജോസഫ് സംവിധാനം ചെയ്ത ‘ദി ബോഡി’യാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 1980ല്‍ ബോളിവുഡ് താരമായ നീതു സിങിനെയാണ് റിഷി കപൂര്‍ വിവാഹം കഴിച്ചത്. ബോളിവൂഡ് സൂപ്പര്‍ താരമായ രണ്‍ബീര്‍ കപൂര്‍ മകനാണ്.
9. ശശി കലിംഗ /വി. ചന്ദ്രകുമാര്‍

ഏപ്രില്‍ 7നാണ് ശശി കലിംഗ എന്ന താരം മലയാളികളെ വിട്ട് പോയത്. സിനിമ താരമെന്ന് വിളിക്കുന്നതിനേക്കാള്‍ അരങ്ങിനെ വിസ്മയിപ്പിച്ച പ്രതിഭയെന്ന പേരാണ് അദ്ദേഹത്തിന് ചേരുക.’തകരച്ചെണ്ട’യെന്ന ചിത്രത്തില്‍ ആക്രികച്ചവടക്കാരാനായിട്ടാണ് കലിംഗ ശശി സിനിമയില്‍ അരങ്ങേറുന്നത്. 1998ല്‍ സിനിമാ പ്രവേശനം സാധ്യമായെങ്കിലും നാടകങ്ങളിലെ സൂപ്പര്‍ താരമായി തന്നെ ആദ്യകാല ഘട്ടങ്ങളില്‍ അദ്ദേഹം തുടര്‍ന്നു. തന്റെ അമ്മാവനായ വിക്രമന് നായരുടെ ‘സാക്ഷാത്കാരം’ എന്ന നാടകത്തിലാണ് കലിം ഗ ആദ്യമായി അഭിനയിക്കുന്നത്. അരങ്ങിനോടൊപ്പമുള്ള ദീര്‍ഘമായ യാത്രയ്ക്ക് തുടക്കമായിരുന്നു അത്. ഏതാണ്ട് അഞ്ചൂറിലധികം നാടകങ്ങളില്‍ പിന്നീട് അഭിനയിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’യെന്ന ചിത്രത്തിലൂടെയാണ് താരം തിരശീലയിലേക്ക് മടങ്ങിയെത്തുന്നത്.
പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ് സെയ്ന്റ്, പുലിമുരുകന്, കസബ, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്റുപ്പി എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ പ്രക്ഷേക ശ്രദ്ധ നേടി. ‘ഹലോ ഇന്ന് ഒന്നാം തിയതിയാണ്’ എന്ന സിനിമയില്‍ നായക വേഷത്തിലും ശശി കലിംഗയെത്തി. ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമ സ്വന്തമായുള്ള വി. ചന്ദ്രകുമാര്‍ ജന്മനാട്ടില് ശശിയെന്ന പേരിലാണ് അറിയപ്പെടുന്നത്. നാടക ട്രൂപ്പായ കലിം ഗ അതിനൊടപ്പം ചേര്‍ക്കുന്നത് സംവിധായകന് രഞ്ജിത്താണ്. 250ല്‍പ്പരം സിനിമകളില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
10. സുഷാന്ത് സിങ് രജ്പുത്

ജൂണ്‍ 14നാണ് സുഷാന്ത് സിങ് രാജ്പുത്തിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഷാന്തിന്റെ മരണ വാര്‍ത്ത ബോളിവുഡിലെ നിരവധി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഏക്ത കപൂറിന്റെ ‘പവിത്ര റിഷ്ത’ എന്ന ടി വി സീരിയലിലൂടെയാണ് സുഷാന്ത് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് ‘കായ്പോചെ’ എന്ന ചിത്രത്തിലൂടെയാണ്. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എം എസ് ധോണിയുടെ ബയോപിക്കിലൂടെയാണ് സുശാന്ത് സിങ് രാജ്പുത്ത് എന്ന നടന് ബോളിവുഡിലെ മുന്‍ നിര താരമായി മാറുന്നത്. ‘ഛിച്ചോറെ’ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ സുഷാന്ത് സിങ് ചിത്രം. 1986 ജനുവരി 21നാണ് സുഷാന്ത് സിങ് രാജ്പുത്തിന്റെ ജനനം.
സുഷാന്ത് ഒരു നടന് മാത്രമായിട്ടല്ല മലയാളിക്ക് പരിചിതം. പ്രളയക്കെടുതിയില്‍ തളര്‍ന്ന കേരളക്കരയ്ക്ക് ഒരു കോടി രൂപ സുഷാന്ത് സംഭാവനയായി നല്‍കിയിരുന്നു. താരത്തിളക്കത്തില്‍ അഭിരമിച്ച വ്യക്തിയായിരുന്നില്ല സുഷാന്ത്, മാനുഷിക മൂല്യങ്ങള്‍ക്കും കരുതലിനും ഏറെ പ്രാധാന്യം നല്കിയ താരം. മാനസിക പ്രശ്നങ്ങള്‍ ഗൗരവത്തോടെ പരിഹരിക്കണമെന്ന വലിയ ചര്‍ച്ചയ്ക്ക് കൂടി തുടക്കം കുറിച്ചാണ് സുഷാന്തിന്റെ മടക്കം.
11. അനില്‍ മുരളി

കരള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2020 ജൂലൈ 30നായിരുന്നു അന്ത്യം. നാടക കമ്പനിയിലൂടെയാണ് അഭിനയ മേഖലയിലേക്ക് അനില്‍ മുരളി കാലെടുത്തു വെക്കുന്നത്. കരിയറിന്റെ ആദ്യ ഘട്ടങ്ങളില്‍ ടെലിവിഷന്‍ സിരീയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. പിന്നീട് കന്യാ കുമാരിയില്‍ ഒരു കവിതയെന്ന വിനയന്റെ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തി. അഭിനയ മികവ് തമിഴിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും അനിലിന് അവസരങ്ങൊരുക്കി. കന്യാകുമാരിയില്‍ ഒരു കവിത (1993), ബോക്സര്‍ (1995), വാല്‍ക്കണ്ണാടി (2002), ഇവര്‍ (2003), ചാക്കോ രണ്ടാമന് (2006), ശ്യാമം (2006), ദി ഡോണ്‍ (2006), ജയം (2006), ബാബ കല്യാണി (2006), ജുലൈ 4 (2007), നസ്രാണി (2007) തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
മലയാളത്തിലെ സൂപ്പര്‍ താര സിനിമകളില്‍ സ്ഥിരം സാന്നി ദ്ധ്യമായിരുന്നു അനില്‍. പൊലീസ് വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഏറെ മികവ് പുലര്‍ത്തി. നിമിര്‍ന്തുനില്‍, കനിതന്‍, കൊടി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനം അനിലിന്റെ പ്രതിഭയെ വെളിപ്പെടുത്തുന്നതായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
12. രവി വള്ളത്തോള്‍

ഏപ്രില്‍ 25ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു രവി വള്ളത്തോള്‍ എന്ന താരത്തിന്റെ അന്ത്യം. 1987ല്‍ ലെനിന് രാജേന്ദ്രന് സംവിധാനത്തില്‍ പുറത്തിറങ്ങിയ സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെയാണ് രവി വള്ളത്തോള്‍ സിനിമയിലെത്തുന്നത്. ദീര്‍ഘകാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിനിടെ ചെറുതും വലുതുമായി 46 ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിരുന്നു. ഓട്ടോബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ് (2016), ദ ഡോള്‍ഫിന്‍സ്, വീപ്പിംഗ് ബോയ്, സൈലന്‍സ്, ഇടുക്കി ഗോള്‍ഡ്, ഉപ്പുകണ്ടം ബ്രദേര്‍സ് ബാക്ക് ഇന്‍ ആക്ഷന്‍, കാര്യസ്ഥന് തുടങ്ങിയ ചിത്രങ്ങളാണ് അസുഖ ബാധിതനാവുന്നതിന് മുന്‍പ് അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍. എഴുത്തുകാരന് കൂടിയായ രവിവള്ളത്തോള്‍ ഇരുപത്തി അഞ്ചോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്.
ഈറന്‍ നിലാവ് (ഫ്ലവേര്‍സ് ടിവി), സ്പര്‍ശം (മീഡിയ വണ്‍), ചന്ദ്രലേഖ (ഏഷ്യാനെറ്റ്), നന്ദനം (സൂര്യ ടിവി), ദേവീമാഹാത്മ്യം (ഏഷ്യാനെറ്റ്), പാരിജാതം (ഏഷ്യാനെറ്റ്), അമേരിക്കന്‍ ഡ്രീംസ് (ഏഷ്യാനെറ്റ്), വൈതരണി (1996 ദൂരദര്ശന് മലയാളം) തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. ‘അമേരിക്കന്‍ ഡ്രീംസ്’ എന്ന സിരീയലിലെ പ്രകടനത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. 1980 ജനുവരി1-നായ രവി വള്ളത്തോള്‍- ഗീതാലക്ഷ്മി ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ഭാര്യയും ചേര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ‘തണല്‍’ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് രവി വള്ളത്തോള്‍ ആരംഭിച്ചിരുന്നു.