കെജിഎഫ് ടീസറിന് പിന്നാലെ യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്

കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ടീസറിന് പിന്നാലെ നായകന് യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. ടീസറിലെ ചില സീനുകള്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പറഞ്ഞാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിലെ യഷിന്റെ ലുക്കും, ടീസറിലെ സീനുകളും സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
ചിത്രത്തിന്റെ ടീസറും, പോസ്റ്ററുകളും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. കൂടാതെ യഷ് പുകവലിക്കുന്ന സീനുകള്‍ സിഗററ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്റ്റിന്റെ കീഴിലെ സെക്ക്ഷന് 5ന്റെ ലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇത്രയും ആരാധകരുള്ള ഒരു കന്നട നടന് ഇത്തരത്തിലുള്ള സീനുകള്‍ ചെയ്താല്‍ അത് യഷിന്റെ യുവാക്കളായ ആരാധകരെ അത് ബാധിക്കുമെന്നാണ് ആന്റി ടൊബാക്കോ സെല്‍ പറയുന്നത്. ടീസറില്‍ നിന്നും പുകവലിക്കുന്ന സീനുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 8ന് ടീസര്‍ പുറത്തിറങ്ങാനുരുന്ന ടീസര്‍ ലീക്കായതിനെ തുടര്‍ന്ന് നേരത്തെ റിലീസ് ചെയ്യുകയായിരുന്നു. ടീസര്‍ പുറത്തിറങ്ങി നാല് ദിവസത്തിനുള്ളില്‍ തന്നെ 140 മില്യണ്‍ വ്യൂസാണ് യൂട്യൂബില്‍ ലഭിച്ചത്. ഇന്ത്യയില്‍ ട്രെന്റിങ് നമ്പര്‍ വണ്ണായ ടീസര്‍ ആരധാകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 2021ല്‍ പ്രേക്ഷകര്‍ കാത്തരിക്കുന്ന മാസ് ചിത്രങ്ങളിലൊന്നാണ് കെജിഎഫ് 2.
തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്. ഭുവന് ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്.
രവി ബസൂര് സംഗീതം. ഹോമെബിള്‍ ഫിലീംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 2019 മാര്‍ച്ചിലാണ് കെജിഎഫ്2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. 2018ലാണ് കെജിഎഫ്1 റിലീസ് ചെയ്തത്.