ഫൈസർ കൊവിഡ് വാക്സിൻ : അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ലോകാരോഗ്യ സംഘടന

ഫൈസർ-ബയോൺടെക് സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് അടിയന്തരമായി ഉപയോഗിക്കാൻ അനുമതി നൽകി ലോകാരോഗ്യ സംഘടന. കൊവിഡ് പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന സാധുത നൽകിയിട്ടുള്ള ആദ്യത്തെ വാക്സിൻ ഫൈസറിന്റേതാണ് . ഈ തീരുമാനത്തോട് കൂടി മറ്റു രാജ്യങ്ങൾക്കും വാക്സിൻ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനുമുള്ള നടപടികൾ ത്വരിതപ്പെടുത്താനാകും എന്നാണ് കരുതപ്പെടുന്നത്.

കൊവിഡ് വാക്സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസർ വാക്സിന് സംഘടന അടിയന്തരമായി സാധുത നൽകിയത്. എന്നാൽ ലോകത്തെല്ലായിടത്തും ജനസംഖ്യയുടെ അനുപാതത്തിൽ വാക്സിൻ നൽകുന്നതിനായി കൂടുതൽ ഫലപ്രദമായ ആഗോള ശ്രമങ്ങൾ ഉണ്ടാകണമെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. മരിയംഗേല സിമാവോ പറഞ്ഞു.

വാക്സിന് സാധുത നൽകാൻ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ ഫൈസർ-ബയോൺടെക് പാലിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, എന്നിവയെ കൂടാതെ മറ്റു പന്ത്രണ്ടോളം രാജ്യങ്ങളും ഫൈസർ-ബയോൺടെക് വാക്സിന് ഇതിനകം അനുമതി കൊടുത്തിട്ടുണ്ടെന്നും യുഎൻ ആരോഗ്യ ഏജൻസി അറിയിച്ചു.

Latest News