മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കില്ലെന്ന് കെ സുധാകരന്; ‘സി രഘുനാഥ് സ്ഥാനാര്‍ത്ഥിയാകണം’
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. വാര്‍ത്താ നിഷേധിച്ച കണ്ണൂര്‍ എംപി താന്‍ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും പ്രതികരിച്ചു. അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ല. ആരേയും മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്ഥാനാര്‍ത്ഥിയാകണം എന്നാണ് തന്റെ അഭിപ്രായമെന്നും സുധാകരന് പറഞ്ഞു. ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചെന്നും അദ്ദേഹവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്ന് സുധാകരന് പറഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ […]

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. വാര്‍ത്താ നിഷേധിച്ച കണ്ണൂര്‍ എംപി താന്‍ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും പ്രതികരിച്ചു. അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ല. ആരേയും മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്ഥാനാര്‍ത്ഥിയാകണം എന്നാണ് തന്റെ അഭിപ്രായമെന്നും സുധാകരന് പറഞ്ഞു.
ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചെന്നും അദ്ദേഹവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്ന് സുധാകരന് പറഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്നും ധര്‍മ്മടത്തെ പ്രാദേശിക നേതാക്കള്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്നും കെ സുധാകരന് പ്രതികരിച്ചതായി വാര്‍ത്തകള്‍ വന്നു.
ധര്‍മ്മടത്ത് മത്സരിക്കുന്നതിലൂടെ കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള സുധാകരന്റെ നീക്കം ഹൈക്കമാന്‍ഡ് ഇടപെട്ട് തടഞ്ഞെന്ന് നിരീക്ഷണങ്ങളുണ്ട്. ധര്‍മ്മടത്ത് മുഖ്യമന്ത്രിയോട് പരാജയപ്പെട്ടാലും കെപിസിസി അദ്ധ്യക്ഷ സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയാണ് സുധാകരനുണ്ടായിരുന്നതെന്നാണ് വിലയിരുത്തലുകള്‍. എംഎല്‍എ സ്ഥാനം രാജിവെച്ച് എംപിയായ അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് എഐസിസി തള്ളിയിരുന്നു. വടകര എംപിയായ കെ മുരളീധരന് മാത്രമായി പ്രത്യേക ഇളവ് നല്‍കിയത് ഏക ബിജെപി സീറ്റായ നേമം തിരിച്ചുപിടിക്കാനും ബിജെപിയെ നേരിടാന്‍ കഴിയുന്ന മതേതര പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. മുരളീധരന് പിന്നാലെ സുധാകരനും കൂടി സീറ്റ് നല്കിയാല് അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ കലാപമുണ്ടാക്കുമെന്ന ആശങ്കയും ഹൈക്കമാന്‍ഡിനുണ്ട്.
ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ധര്‍മ്മടത്തിന്റെ മാത്രം പ്രത്യേകതയെന്താണെന്നും മുഖ്യമന്ത്രിയുടെ മണ്ഡലത്തിനെന്താ ചിറകുണ്ടോ എന്നും കെ സുധാകരന് തിരിച്ചുചോദിച്ചു. പിണറായി വിജയനൊന്നും മുന്നിലെ പ്രശ്നമേ അല്ലെന്നും ഫലപ്രദമായ സ്ഥാനാര്‍ത്ഥിയെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ സമയമെടുക്കും. അതിനെന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
ആ കരുത്തന് കെ സുധാകരനാണോ എന്നായി മാധ്യമപ്രവര്‍ത്തകര്‍. ഇതിനോട് പൊട്ടിച്ചിരിച്ചായിരുന്നു സുധാകരന്റെ മറുപടി. ഈ ചോദ്യം ഞാന്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സര രംഗത്തുണ്ടാവുമോ എന്ന ചോദ്യത്തിന്, എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല, ഞാനും ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്നായി പ്രതികരണം. ‘എവിടെ വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറുള്ള ആളാണ് ഞാനെന്ന് കോണ്‍ഗ്രസില്‍ എല്ലാവര്ക്കും അറിയാം. 16,000 വോട്ടിന് ജയിക്കാമായിരുന്ന കണ്ണൂര്‍ വേണ്ടെന്ന് വെച്ചിട്ട് പാര്‍ട്ടിക്കുവേണ്ടി ഉദുമയില്‍പോയി തോറ്റ ആളാണ് ഞാന്‍. 1980, 82, 91, 97 വര്‍ഷങ്ങളിലെ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഒരേ നിയോജകമണ്ഡലങ്ങളില്‍നിന്നും നാല് വട്ടം തോറ്റ ആളാണ് ഞാന്‍. എനിക്ക് തോല്‍വി ഒരു പ്രശ്നമല്ല. ആവശ്യം വന്നാല്‍ പാര്‍ട്ടിക്കുവേണ്ടി ഏത് ത്യാഗവും സഹിക്കുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.