മലപ്പുറത്ത് കുത്തക മണ്ഡലങ്ങളിലടക്കം നിര്‍ണായകം സ്ത്രീ വോട്ടര്‍മാരുടെ വിധിയെഴുത്ത്; എറണാകുളത്ത് സ്ത്രീകളെ പിന്നിലാക്കി പുരുഷന്‍മാര്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മലപ്പുറത്ത് ഇത്തവണ നിര്‍ണായകമാവുക സ്ത്രീ വോട്ടര്‍മാരുടെ വിധിയെഴുത്ത്. ജില്ലയിലെ സ്ത്രീ വോട്ടര്‍മാരുടെ പോളിംഗ് 76.78 ശതമാനമാണ്. 71.73 ശതമാനമാണ് പുരുഷ വോട്ടര്‍മാരുടെ പോളിംഗ്. കനത്ത മത്സരം നടക്കുന്ന തവനൂര്‍, പൊന്നാനി, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങളിലടക്കം സ്ത്രീകളാണ് പോളിംഗ് ശതമാനത്തില്‍ മുന്നില്‍.

തവനൂരില്‍ 78.52 ശതമാനമാണ് സ്ത്രീകളുടെ പോളിംഗ്. പുരുഷ വോട്ടര്‍മാര്‍ 70.12 ശതമാനവും. പൊന്നാനിയില്‍ പുരുഷന്‍മാര്‍ 65.31 ശതമാനവും സ്ത്രീ വോട്ടര്‍മാര്‍ 73.59 ശതമാനവുമാണ്. നിലമ്പൂരില്‍ 76.43 ശതമാനം, തിരൂരങ്ങാടിയില്‍ 79.12 ശതമാനം, എന്നിങ്ങനെയാണ് സ്ത്രീ വോട്ടര്‍മാരുടെ പോളിംഗ്. തിരൂരങ്ങാടിയില്‍ 69.12 ശതമാനമാണ് പുരുഷ വോട്ടര്‍മാരുടെ പോളിംഗ്.

എറണാകുളം ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ സ്ത്രീകള്‍ക്കാണ് ആധിപത്യം. പക്ഷെ വോട്ട് ചെയ്തവരില്‍ കൂടുതല്‍ പുരുഷന്‍മാരാണ്. 13,54,171 സ്ത്രീ വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ വോട്ട് ചെയ്തത് 9,73,770 സ്ത്രീകളും. 12,95,142 പുരുഷ വോട്ടര്‍മാരുള്ള വോട്ടര്‍ പട്ടികയില്‍ 9,91,130 പുരുഷന്‍മാര് വോട്ട് ചെയ്തു. വോട്ടര്‍മാരില്‍ 59,029 വനിതകള്‍ കൂടുതലാണെങ്കിലും സ്ത്രീകളേക്കാള്‍ 17630 പുരുഷന്‍മാര്‍ വോട്ട് ചെയ്തു. 27 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുള്ള വോട്ടര്‍പട്ടികയില്‍ 10 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.

Latest News