വനിതാ സ്പീക്കറെ പ്രഖ്യാപിക്കാനുള്ള സാധ്യതകളേറെ; വീണാ ജോർജിനൊപ്പം കെകെ ശൈലജയെയും പരിഗണിച്ചേക്കും
ആറന്മുള എം.എൽ.എ വീണാ ജോർജിനാണ് സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. പിണറായി വിജയനൊഴികെയുള്ള എല്ലാ സിപിഐഎം മന്ത്രിമാരും പുതുമുഖങ്ങളായാൽ കെകെ ശൈലജയെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്.

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ വനിതാ സ്പീക്കറുടെ സാധ്യതകൾ വർദ്ധിക്കുന്നു. ആറന്മുള എം.എൽ.എ വീണാ ജോർജിനാണ് സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. പിണറായി വിജയനൊഴികെയുള്ള എല്ലാ സിപിഐഎം മന്ത്രിമാരും പുതുമുഖങ്ങളായാൽ കെകെ ശൈലജയെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. അതേസമയം കൊവിഡ് രണ്ടാം വ്യാപനം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിൽ കെകെ ശൈലജ ആരോഗ്യവകുപ്പിൽ നിന്ന് മാറുന്ന കാര്യം ഉചിതമാണോയെന്ന് സിപിഐഎം ചർച്ച ചെയ്യും. നാളെ നടക്കുന്ന പാർട്ടി യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം.
ശൈലജയെ ആരോഗ്യവകുപ്പിൽ നിന്ന് മാറ്റുന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുവെന്നതല്ലാതെ യാതൊരു സൂചനയും സിപിഐഎം സംസ്ഥാന നേതൃത്വം നൽകിയിട്ടില്ല. ഇക്കാര്യങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സ്പീക്കർ സ്ഥാനത്തേക്ക് വീണാ ജോർജിനെ പരിഗണിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. പാർട്ടി കേന്ദ്രങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കാത്തതിനാൽ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നതുമില്ല. 2018ലെ മഹാപ്രളയത്തിൽ ആറൻമുള മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും വീണാ ജോർജ്ജ് ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരുന്നു. പാർട്ടിയിൽ നേതാക്കളുടെ പിന്തുണ കൂടി ലഭിച്ചാൽ സ്പീക്കർ പദവിയോ മന്ത്രിസ്ഥാനമോ വീണ ജോർജ്ജിന് ലഭിക്കുമെന്ന് തീർച്ചയാണ്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി മൽസരിച്ചപ്പോൾ പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വീണയുടെ വിജയം. ഇത്തവണ പിണറായി തരംഗത്തിൽ ഭൂരിപക്ഷം പതിനയ്യായിരത്തിന് മുകളിലേക്ക് ഉയർന്നു. രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും കൂടുതൽ പങ്കാളിത്തം നൽകാൻ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ വീണയുടെ സാധ്യത ഇരട്ടിയാകും. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും മന്ത്രിമാരാകുമെന്നാണ് സിപിഐഎമ്മിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വി. ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ വാസവൻ, എം. ബി. രാജേഷ്, പി. നന്ദകുമാർ, സി.എച്ച്. കുഞ്ഞമ്പു എന്നിവർക്കും സാധ്യതയുണ്ട്.
മുഹമ്മദ് റിയാസ്, എ.എൻ. ഷംസീർ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കും. യുവജന സംഘടനാ മികവ് ഇരുവർക്കും അനുകൂല ഘടകമാണ്. വനം എൻസിപിയ്ക്കും ഗതാഗത വകുപ്പ് കെബി ഗണേഷ് കുമാറിനും നൽകിയേക്കും. ളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിനുമുൻപായി ഘടകക്ഷികളുമായി എത്രയും പെട്ടെന്ന് ധാരണയിലെത്താൻ സിപിഐഎം ശ്രമം നടത്തിവരികയാണ്.