‘രാത്രിയിലും ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് സ്ത്രീകളെ തൊഴിലില്‍ നിന്നും മാറ്റിനിര്‍ത്തരുത്, സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം’; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

യോഗ്യതയുള്ള സ്ത്രീകള്‍ക്ക് രാത്രി ഷിഫ്‌റ്റെന്ന ഒരൊറ്റ കാരണം പറഞ്ഞ് അവസരം നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്കും ജോലിചെയ്യാനാവശ്യമാകുന്ന വിധത്തില്‍ സര്‍ക്കാര്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കണമെന്നും കോടതി പറഞ്ഞു. രാത്രിയിലും ജോലിചെയ്യേണ്ടി വരുമെന്ന് പറഞ്ഞ് ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ തനിക്ക് തൊഴില്‍ നിഷേധിച്ചെന്ന് കാണിച്ച് കൊല്ലം സ്വദേശിയായ യുവതി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് അനു ശിവരാമന്റേതാണ് നിര്‍ണ്ണായകമായ ഉത്തരവ്.

ഓരോ തൊഴിലിന്റേയും സ്വഭാവമനുസരിച്ച് സ്ത്രീ ജിവനക്കാര്‍ക്ക് സുരക്ഷ ഒരുക്കുകയെന്നത് സര്‍ക്കാര്‍ നിക്ഷിപ്തമായ കടമ തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. 1984ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് ഏഴ് മണിക്കുശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.

മറ്റെല്ലാ യോഗ്യതയുമുണ്ടായിട്ടും സ്ത്രീകള്‍ക്ക് രാത്രികാല ഡ്യൂട്ടിയുടെ പേരില്‍ തൊഴിലവസരം നിഷേധിക്കുന്നത് വിവേചനമാണെന്നും ഭരണഘടനയുടെ ലംഘനമാണെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഫയര്‍ ആന്റ് സേഫ്റ്റി ബിരുധമുണ്ടായിട്ടും സ്ത്രീയായതിന്റെ പേരില്‍ തൊഴില്‍ ലഭിക്കുന്നില്ലെന്ന് കൊല്ലം സ്വദേശിനിയായ ട്രീസ ജോസ്‌ഫൈന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

രാജ്യത്തെ സാമ്പത്തിക പുരോഗതിയില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് ഒരു മേഖലയ്ക്കും ഒരു വ്യവസായശാലയ്ക്കും അവഗണിക്കാനാകുന്നതല്ലെന്ന് കോടതി പറഞ്ഞു. ആരോഗ്യ പരിപാലനം, ഏവിയേഷന്‍, ഐടി മേഖലകളില്‍ 24 മണിക്കൂറുകളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ട്. പല പല ഷിഫ്റ്റുകളിലും ജോലി ചെയ്യാനാകുമെന്ന് സ്ത്രീകള്‍ ഇക്കാലയളില്‍ തെളിയിച്ചിട്ടുണ്ടെന്നും ഷിഫ്റ്റുകള്‍ക്ക് അനുസരിച്ച് സ്ത്രീകള്‍ വളരെ പെട്ടെന്ന് ഒത്തുപോകാറുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Covid 19 updates

Latest News