Top

ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ മാത്രമല്ല, സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയാണ്; തിരുത്താന്‍ പാര്‍ട്ടിക്കും ബാധ്യതയുണ്ട്

24 Jun 2021 2:11 AM GMT
അനുശ്രീ പി.കെ

ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ മാത്രമല്ല, സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയാണ്; തിരുത്താന്‍ പാര്‍ട്ടിക്കും ബാധ്യതയുണ്ട്
X

നിരന്തരം വിവാദങ്ങള്‍, അഭയം തേടിയെത്തുന്നവരെ അപമാനിക്കുന്ന പ്രതികരണങ്ങള്‍. കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയായിരിക്കും വിലയിരുത്തപ്പെടുക. ഭര്‍തൃഗൃഹത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറയാന്‍ വനിതാ കമ്മീഷനെ നേരിട്ട് ബന്ധപെട്ടപ്പോള്‍ ലഭിച്ച 'എങ്കില്‍ അനുഭവിച്ചോളൂ' എന്ന മറുപടിയാണ് ഇതില്‍ അവസാനം. നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന, ഇരകളോട് പോലും അനുഭാവപൂര്‍വ്വം പെരുമാറാത്ത ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ അതാണ് മലയാളികള്‍ക്ക് എം സി ജോസഫൈന്‍. ഇടത് പക്ഷ നിലപാടുള്ളവര്‍ പോലും നിരന്തരം വിമര്‍ശിക്കുമ്പോഴും എം സി ജോസഫൈനെ ആ സ്ഥാനത്ത് നിലനിര്‍ത്താനുള്ള കാരണവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

വനിതാ കമ്മീഷന്‍ ഒരു അര്‍ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന എംസി ജോസഫൈന്‍ സംസ്ഥാനം ഭരിക്കുന്ന മുന്നണിയെ നയിക്കുന്ന സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ്. അതുകൊണ്ട് തന്നെ ജോസഫൈന്‍ ഉണ്ടാക്കുന്ന വിവാദങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും സിപിഐഎമ്മിന് ഒഴിഞ്ഞുമാറാനാവില്ല. ശക്തമായ നിലപാട് സ്വീകരിക്കാത്ത പക്ഷം പുരോഗമന ആശയങ്ങള്‍ നിരന്തരം നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെട്ടേക്കും.

കേവലം വാക്കുപിഴയോ തെറ്റിദ്ധാരണയോ ആണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാടുകള്‍ക്ക് പിന്നില്‍ എന്ന് ഒരിക്കലും ന്യായീകരിക്കാനാവില്ല. കാരണം ജോസഫൈന്‍ ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത് ആദ്യമല്ല. 89 കാരിയായ വൃദ്ധ അയല്‍വാസി തന്നെ വീട്ടില്‍ കയറി അക്രമിച്ചുവെന്ന പരാതിപറയാന്‍ വിളിച്ചപ്പോള്‍ ' 80 വയസുള്ള തള്ളയാ എന്നാ പിന്നെ വനിതാ കമ്മീഷനില്‍ എത്തിക്ക്' എന്നായിരുന്നു ഈ ജോസഫൈന്റെ മറുപടി.

മറ്റൊന്ന് സിപിഐഎം നേതാവ് പികെ ശശിക്കെതിരായ പീഡനാരോപണത്തിലെ ജോസഫൈന്റെ പ്രതികരണമായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയായാലും എനിക്കെതിരെ ഒരു അക്രമം ഉണ്ടായാല്‍ ആദ്യം അറിയിക്കുക പാര്‍ട്ടിയെ ആണെന്നാണ് ജോസഫൈന്‍ പറഞ്ഞത്. ഇത്തരം പ്രസ്താവനയിലൂടെയും പെരുമാറ്റത്തിലൂടെയുമെല്ലാം എന്താണ് കേരളത്തിലെ വനിതാ കമ്മീഷനില്‍ നിന്നും ഒരു സ്ത്രീ പ്രതീക്ഷിക്കേണ്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം നിരന്തരം ചര്‍ച്ച ചെയ്ത് വരുന്ന ഗാര്‍ഹിക പീഡനം, സ്ത്രീധനം തുടങ്ങി മനുഷ്യനിര്‍മ്മിത ഭവിഷ്യത്തുകളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തന്നെയാണ് ഈ വിഷയവും ചര്‍ച്ച ചെയ്യേണ്ടത്. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് വനിതാ കമ്മീഷനെ അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ട യുവതിയോട് എംസി ജോസഫൈന്‍ ചോദിച്ചത് പൊലീസില്‍ അറിയിച്ചിരുന്നോയെന്നാണ്. സ്വാഭാവികമായും താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു യുവതിയുടെ മറുപടി. ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു അര്‍ദ്ധ ജൂഡീഷ്യല്‍ സ്ഥാപനത്തിന്റെ മേധാവിയുടെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി നീങ്ങുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.' എന്നും ഉദാരമനസ്‌കയായ അധ്യക്ഷ പറയുന്നു.

ഒരു സാധാരണ സ്ത്രീ തന്റെ പ്രതികൂല ചുറ്റുപാടുകളില്‍ നിന്ന് കൊണ്ട് അത് തുറന്ന് പറയാന്‍ എടുത്ത സമയവും മാനസിക സമ്മര്‍ദവും എത്രയായിരിക്കും എന്ന് ഈ വനിതാ കമ്മീഷന്‍ ഒരിക്കലെങ്കിലും ആലോചിച്ചിരുന്നെങ്കില്‍ ഇത്ര നിസാരമായി പ്രതികരിക്കില്ലായിരുന്നു. തന്റെ അരക്ഷിതാവസ്ഥയെ മറികടക്കാന്‍ അവര്‍ എടുത്ത സമയം എത്രയായിരിക്കും എന്നത് കണക്ക് കൂട്ടി ഉത്തരത്തിലെത്താന്‍ കഴിയുന്നതല്ല.

നിലവിലെ കുടുംബ വ്യവസ്ഥയില്‍ ഒരു സ്ത്രീ തന്റെ കുടുംബത്തിനുള്ളില്‍ നിന്നു അനുഭവിക്കുന്നത് നീതി നിഷേധമാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തിലുള്ള പുരുഷബോധം ഇവിടെ നിലവില്‍ക്കുന്നുണ്ട്. സ്ത്രീവിരുദ്ധ ചിന്താഗതികളെ പൊളിച്ചെഴുതുന്ന ' വിട്ടുവീഴ്ച്ച വേണ്ട' പോസ്റ്റര്‍ ക്യാമ്പയിന്‍ നടത്തുന്ന വനിതാ ശിശുക്ഷേമ വകുപ്പ് പ്രവര്‍ത്തിക്കുന്ന, ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നത് സ്ത്രീത്വത്തിന്റെ ലക്ഷണമാണെന്നും കരുതരുത് എന്ന് വാര്‍ത്താസമ്മേളനത്തില്‍ കേരളത്തോട് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റേയും കേരളത്തില്‍ തന്നെയാണ് പീഡനം നിങ്ങള്‍ അനുഭവിക്കേണ്ടത് തന്നെയാണെന്ന് പറയുന്ന വനിതാ കമ്മീഷനും ഉള്ളത്.

Next Story

Popular Stories