LDF Govt

‘കൃഷിക്കാരന്‍ പട്ടിയാണല്ലോ’; പൊലീസ് ബന്ദിയാക്കിയ ലോഡ്ജിന് മുന്നില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നടക്കുമെന്ന് പ്രളയബാധിതനായ കര്‍ഷകന്‍

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അപേക്ഷ നല്‍കാന്‍ ഇനിയും അനുവദിച്ചില്ലെങ്കില്‍ തന്നെ ബന്ദിയാക്കിയ തൊടുപുഴയിലെ ലോഡ്ജ് റൂമില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നടക്കുമെന്ന് മുരിക്കാശ്ശേരി സ്വദേശിയായ കര്‍ഷകന്‍. 2018ലെ പ്രളയത്തില്‍ കൃഷിയും ഭൂമിയും നശിച്ചതിന് നഷ്ടപരിഹാരം ലഭിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നല്‍കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് മുരിക്കാശ്ശേരി ഓലിക്കത്തൊട്ടിയില്‍ ഒ സി ദേവസ്യ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. അമ്പത് കിലോമീറ്ററിലധികം നടന്ന് നിവേദനം നല്‍കാനെത്തിയ തന്നെ ഭീകരവാദിയേപ്പോലെയാണ് കൈകാര്യം ചെയ്ത്. രാത്രി ഏഴ് മണി മുതല്‍ പിറ്റേന്ന് 3.45 വരെ പൊലീസ് ബന്ദിയാക്കി വെച്ചെന്നും 58കാരനായ കര്‍ഷകന്‍ ചൂണ്ടിക്കാട്ടി.

എന്നെ ഒരു ഭീകരവാദിയെ പോലെ കൈകാര്യം ചെയ്തത് കൃഷിക്കാരനതുകൊണ്ടാണ്. കൃഷിക്കാരനെ ഇപ്പോ എല്ലാരും കാണുന്നത് ഒരു പട്ടിയേ പോലെയാണ്. അതുകൊണ്ടാണ് രാത്രി ഏഴുമുതല്‍ പിറ്റേന്ന് വൈകിട്ട് വരെ മുറിയിലാക്കിയത്.

ദേവസ്യ

പ്രളയത്തില്‍ ഭൂമി ഇടിഞ്ഞുപോയതുകൊണ്ട് രണ്ടേക്കറിലെ കൃഷിയും സ്ഥലവും നഷ്ടമായി. കൃഷിയ്ക്ക് വേണ്ടി എട്ട് ലക്ഷം രൂപ വായ്പയെടുത്തത് ഇപ്പോള്‍ 10.8 ലക്ഷത്തിന്റെ കടബാധ്യതയായി. കൃഷിയല്ലാതെ വേറെ ജീവിതമാര്‍ഗമില്ല. ദുരന്ത സമയത്ത് കൃഷിഭൂമി സന്ദര്‍ശിച്ച ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. കടക്കെണിയില്‍ നിന്നും രക്ഷിക്കണം, പാട്ടം കൊടുത്ത് കൃഷി ചെയ്യാന്‍ ഭൂമി തരണം എന്ന ആവശ്യവുമായി 2018ലെ ദുരന്തകാലം മുതല്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുമല്ലോ എന്ന് കരുതിയാണ് വീട് മുതല്‍ തിരുവനന്തപുരം വരെ നടക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയെ തൊടുപുഴയില്‍ കാണാമെന്ന് കരുതിയപ്പോള്‍ അത് അനുവദിച്ചില്ല. മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കാന്‍ നടന്ന് പോകുകയാണെന്ന് ഞാന്‍ തന്നെ മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനില്‍ എഴുതിക്കൊടുത്തിരുന്നു. ഒന്നാം തീയതി മുഖ്യമന്ത്രിയെ കാണാനുള്ള ഏര്‍പ്പാട് ചെയ്യാമെന്ന് എംഎല്‍എ റോഷി അഗസ്റ്റിന്‍ പറഞ്ഞിട്ടുണ്ട്. അത് സാധ്യമായില്ലെങ്കില്‍ അപേക്ഷയുമായി തന്നെ ബന്ദിയാക്കിയ ലോഡ്ജ് മുറി മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നടക്കുമെന്നും ദേവസ്യ കൂട്ടിച്ചേര്‍ത്തു.

ദേവസ്യ പറഞ്ഞത്

ശനിയാഴ്ച്ചയാണ് (23-ാം തീയതി) വീട്ടില്‍ നിന്നിറങ്ങി നിവേദനം നല്‍കാനുള്ള നടത്തം തുടങ്ങിയത്. അന്ന് രാത്രി വരുന്ന വഴിയിലുള്ള ചേട്ടന്റെ വീട്ടില്‍ തങ്ങി. ഞായറാഴ്ച്ച തൊടുപുഴയില്‍ വന്നു. ഏഴ് മണിയോടെ ഐശ്വര്യ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തു. ഏഴരയോടെ എസ്പിയും സര്‍ക്കിളും ഉള്‍പ്പെടെ മൂന്ന് -നാല് വണ്ടി പൊലീസ് വന്നു. ക്യാമറയൊക്കെ സെറ്റ് ചെയ്താണ് അവര്‍ വന്നത്. പൊലീസ് ലോഡ്ജ് ഉടമയോട് സംസാരിച്ചിരുന്നു. ഞാന്‍ ഇക്കാര്യമൊന്നും അറിഞ്ഞിരുന്നില്ല. രാവിലെ ഏഴ് മണിയായപ്പോള്‍ പൊലീസുകാര്‍ എന്റടുത്ത് വന്നു. ആരും യൂണിഫോമില്‍ ആയിരുന്നില്ല. ‘ഞങ്ങള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലുള്ളതാണ്. മുറിക്ക് അകത്തുനിന്ന് പുറത്തിറങ്ങരുത്’ എന്ന് പറഞ്ഞു. ‘ചേട്ടന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതിയില്ല. അനുമതിയുള്ളവരെയേ കാണിക്കൂ’ എന്ന് പറഞ്ഞു. ‘മുഖ്യമന്ത്രിയെ കാണാന്‍ പോകുകയോ കാണാന്‍ ശ്രമിക്കുകയോ ചെയ്യരുത്’ എന്ന് താക്കീത് ചെയ്തു. ചായ കുടിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ വിളിച്ചുകൊണ്ടുപോയി വാങ്ങിത്തന്നു. നടത്തത്തിന് ഇടയില്‍ എന്റെ കണ്ണട നഷ്ടമായിരുന്നു. ആരേയും ഫോണ്‍ ചെയ്യാന്‍ പോലും പറ്റുന്നില്ല, കണ്ണാട വാങ്ങണമെന്ന് പറഞ്ഞപ്പോള്‍ പൊലീസ് എന്നെ കടയില്‍ കൊണ്ടുപോയി. കണ്ണട വാങ്ങി. പിന്നെ എനിക്ക് മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റുന്നത് മൂന്നരയ്ക്കാണ്. അത്രയും നേരം ഞാന്‍ റൂമില്‍ പട്ടിണിക്കിരുന്നു. റോഷി അഗസ്റ്റിന്‍ എംഎല്‍എ വന്ന് നമുക്ക് മുഖ്യമന്ത്രിയെ കാണാനുള്ള ഏര്‍പ്പാട് ചെയ്തുതരാമെന്ന് പറഞ്ഞു. വണ്ടിക്കൂലി തന്ന് ബസ് കയറ്റിവിട്ടു.

ഞാന്‍ രാത്രി റൂമില്‍ ഉറങ്ങുന്ന സമയത്ത് പൊലീസ് പുറത്തുണ്ടായിരുന്നു. പിറ്റേന്ന് 3.45ന് പോകുന്നത് വരെ വണ്ടിയിലിരുന്ന് എന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രി തൊടുപുഴ മാടപ്പറമ്പ് റിസോര്‍ട്ടില്‍ നിന്നും പോയി മറ്റൊരിടത്തെ പരിപാടിയും കഴിഞ്ഞതിന് ശേഷമാണ് എന്നെ വിട്ടത്. മുഖ്യമന്ത്രി പോയി 45 മിനുട്ടിന് ശേഷം. ‘അവിടുത്തെ പരിപാടികള്‍ കഴിഞ്ഞു. ഇനി നിങ്ങള്‍ പുറത്ത് പൊക്കോളൂ’ എന്ന് പറഞ്ഞു. ഞാന്‍ ഭക്ഷണം കഴിച്ചില്ല. ഇങ്ങനത്തെ ഒരവസ്ഥയില്‍ എങ്ങനെയാണ് വെള്ളം കുടിക്കാനും ചോറുണ്ണാനും തോന്നുക. മുഖ്യമന്ത്രിയെ കണ്ട് നിവേദനം കൊടുക്കാന്‍ വന്നിട്ട്.

രണ്ട് ഏക്കര്‍ സ്ഥലം എനിക്കുണ്ടായിരുന്നു. ബാങ്കില്‍ നിന്ന് ലോണെടുത്താണ് ഞാന്‍ രണ്ടായിരം കാല് കൊടി (കുരുമുളക്) നട്ടിരുന്നത്. പട്ടയഭൂമി 2018ലെ പ്രളയദുരന്തത്തില്‍ ഈ സ്ഥലം 20 അടി താഴ്ച്ചയിലേക്ക് പോയി. ഭൂമി വിണ്ടുകീറി. ആറ് ഏഴ് സെന്റ് സ്ഥലമൊഴികെ. കിളയ്ക്കുമ്പോ, മണ്ണ് ഇളകുമ്പോള്‍ മഴയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞ് ഇടിഞ്ഞ് പോകുകയാണ്. മണ്ണ് ഇളക്കുന്തോറും താഴോട്ട് പോകും. വെള്ളമെടുക്കാന്‍ ഒരു ഷെഡ് കെട്ടാന്‍ പോലും നിവൃത്തിയില്ല. ഇരുന്നുപോയ സ്ഥലമാണ്, ഒന്നും പണിയരുതെന്നാണ് വില്ലേജ് ഓഫീസില്‍ നിന്ന് പറഞ്ഞിട്ടുള്ളത്. രണ്ടേക്കര്‍ കൃഷി സ്ഥലത്തിന് പുറമേ 15 സെന്റ് പുരയിടമാണുള്ളത്. കൃഷി ചെയ്താണ് ഇത്രയും നാള്‍ ജീവിച്ചത്. വേറൊരു മാര്‍ഗവും മുന്നില്‍ ഇല്ല. അതുകൊണ്ടാണ് പാട്ടത്തിന് കുറച്ച് സ്ഥലമെങ്കിലും തരൂ എന്ന് പറയുന്നത്.

വലിയ കടബാധ്യതയിലായി. ജീവിക്കാന്‍ നിവൃത്തിയില്ല. കാശില്ലാതായതോടെ എല്ലാവരും അകല്‍ച്ചയിലായി. കടം ചോദിച്ചാല്‍ കൊടുക്കേണ്ടി വരുമല്ലോ, തിരിച്ചുകിട്ടിയില്ലെങ്കിലോ എന്ന് കരുതിയായിരിക്കും. പൈസയില്ലാത്തവനാകുമ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ വാക്കുപാലിക്കാത്തവനും കൊടുക്കില്ലാത്തവനും ആയി മാറും. കൃഷിക്കാര്‍ ആകുമ്പോള്‍ പ്രത്യേകിച്ചും. തിരുവനന്തപുരം എത്തിയില്ലെങ്കിലും ശരി തിരിച്ചുവന്നില്ലെങ്കിലും ശരി എന്ന തീരുമാനമെടുത്താണ് മുരിക്കാശ്ശേരിയില്‍ നിന്ന് നടന്നുതുടങ്ങിയത്. മുഖ്യമന്ത്രിയെ ഒന്ന് കാണാന്‍ പോലും പറ്റിയില്ല.

കൊടി ഞാന്‍ വിള ഇന്‍ഷുര്‍ ചെയ്തിരുന്നു. പക്ഷെ, കാര്യമായൊന്നും കിട്ടിയില്ല. ബാങ്കിലെ കടബാധ്യത മാറ്റിത്തരണം. കൃഷിയ്ക്ക് വേണ്ടി എട്ട് ലക്ഷം രൂപയാണ് ലോണെടുത്തിരുന്നത്. 10.80 ലക്ഷം അടയ്ക്കണമെന്ന് പറഞ്ഞ് ബാങ്കുകാര് നോട്ടീസ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ആ നോട്ടീസും കൊണ്ടാണ് ഞാന്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയത്.

രണ്ടായിരം കാലില്‍ ഞാന്‍ കുരുമുളക് കൃഷി ചെയ്തത് തന്നെത്താനെയാണ്. ഒരാളെ പോലും കൂട്ടാതെ. അത് മൊത്തം പോയി. അതിന്റെ ചിത്രമൊക്കെ ഞാന്‍ മുന്‍പ് മന്ത്രിയെ കാണിച്ചിരുന്നു. നല്ല വളര്‍ച്ചയായിരുന്നു കൊടിക്ക്. ആ മഴയും കാറ്റും വന്നപ്പോ എല്ലാം പോയി. കൃഷി ഓഫീസര്‍ അതിന് മുമ്പ് പറഞ്ഞിരുന്നു. ‘ചേട്ടന്‍ നല്ല കൃഷിക്കാരനാണ്. ഒരു ഫോട്ടോ എടുത്ത് വെയ്ക്കണം’ എന്ന്. രണ്ടാഴ്ച്ച കഴിഞ്ഞാണ് കൃഷി നശിക്കുന്നത്. അന്ന് സ്ഥലം സന്ദര്‍ശിച്ച എംഎല്‍എയും എംപിയും കളക്ടറുമെല്ലാം കുറേ വാഗ്ദാനം തന്നു. സാമ്പത്തികമായ സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കി. പക്ഷെ, ഒന്നും കിട്ടിയില്ല. എംഎല്‍എയ്ക്ക് (റോഷി അഗസ്റ്റിന്‍) എംപിയ്ക്ക് (ജോയ്‌സ് ജോര്‍ജ്) കളക്ടര്‍ക്ക് മുഖ്യമന്ത്രിയ്ക്ക് എല്ലാവര്‍ക്കും ഞാന്‍ നിവേദനം കൊടുത്തിരുന്നു. പ്രധാനമന്ത്രിക്ക് വരെ പരാതി കൊടുത്തതാണ്. ഒന്നുമുണ്ടായില്ല. നടന്നുപോകുമ്പോഴെങ്കിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വരുമല്ലോ എന്നോര്‍ത്തു. മുരിക്കാശ്ശേരിയിലെ വീട്ടില്‍ നിന്നും കാല്‍നടയായി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയ്ക്ക് നിവേദനം കൊടുക്കാനായിരുന്നു എന്റെ പരിപാടി. തൊടുപുഴയിലെത്തിയപ്പോഴേക്കും കാലിന് നല്ല വേദനയും നീരുമായി. നടക്കാന്‍ പറ്റാത്ത അവസ്ഥയായി. മുഖ്യമന്ത്രി തൊടുപുഴയിലുണ്ടെന്ന് ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത്. ഇവിടെ കണ്ടാല്‍ അത്രയും നടക്കേണ്ടല്ലോ എന്നാണ് വിചാരിച്ചത്.

ഞാന്‍ നടത്തം ആരംഭിക്കുന്നതിന് മുമ്പ് മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനില്‍ എഴുതി കൊടുത്തിരുന്നു. രാത്രിയിലൊക്കെ ഓരോ സ്ഥലത്തുകൂടെ നടന്നാണല്ലോ വരുന്നത് എന്ന് കരുതി.

ഞാന്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയാണ്. എന്നെ ഒരു ഭീകരവാദിയെ പോലെ കൈകാര്യം ചെയ്തത് കൃഷിക്കാരനായതുകൊണ്ടാണ്. കൃഷിക്കാരനെ ഇപ്പോ എല്ലാരും കാണുന്നത് ഒരു പട്ടിയുടെ കൂട്ടാ. അതുകൊണ്ടാണ് രാത്രി ഏഴുമുതല്‍ പിറ്റേന്ന് വൈകിട്ട് വരെ മുറിയിലാക്കിയത്.

കൃഷിക്കാര് വേണം എല്ലാവരേയും തീറ്റിപ്പോറ്റണമെങ്കില്‍. പൈസയുണ്ടായിട്ട് മാത്രം കാര്യമില്ലല്ലോ. എന്തെങ്കിലും മണ്ണില്‍ പണിതാലെങ്കിലല്ലേ, മനുഷ്യന്‍ ജീവന്‍ നിലനിര്‍ത്താന്‍ പറ്റൂ. സര്‍ക്കാരോ ഉദ്യോഗസ്ഥന്‍മാരോ അതൊന്നും മനസിലാക്കുന്നില്ല. കൃഷിക്കാരെ സഹായിക്കാനോ ഉള്‍ക്കൊള്ളാനോ ആരുമില്ല. എല്ലാവരും കൃഷിക്കാരുടെ പേര് പറഞ്ഞ് കേറി വരുന്നെന്നേയുള്ളൂ. ഒന്നാം തീയതി മുഖ്യമന്ത്രിയെ കാണിക്കാന്‍ കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടുണ്ട്. അതുണ്ടായില്ലെങ്കില്‍, റോഷി അഗസ്റ്റിന്‍ എംഎല്‍എ വാക്കുപാലിച്ചില്ലെങ്കില്‍ തൊടുപുഴയില്‍ വന്ന് എന്നെ ബന്ദിയാക്കിയ റൂമിന്റെ മുന്നില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടക്കും. ഒന്നുകില്‍ എന്റെ കടബാധ്യത തീര്‍ത്ത് തരണം. അല്ലെങ്കില്‍ പാട്ടത്തിന് കൃഷി ചെയ്യാന്‍ ഭൂമി തരണം. എനിക്ക് മണ്ണില്‍ പണിയാതെ ഇരിക്കാന്‍ കഴിയില്ല. രണ്ട് മൂന്ന് വര്‍ഷമായി ഈ നടപ്പുതുടങ്ങിയിട്ട്.

Covid 19 updates

Latest News