Top

‘വാര്‍ത്തകളെല്ലാം വളരെ മനോഹരം’; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തനിക്ക് ഒരു പരാതിയുമില്ലെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സമരപ്പന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ. ‘ഏതെങ്കിലുമൊരു നല്ല സീറ്റ് കിട്ടുക എന്ന ചിന്തയോട് കൂടിയാണ് ഞാന്‍ ഈ സമരപ്പന്തലില്‍ വന്നത് എന്ന അര്‍ത്ഥത്തിലുള്ള ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അത് വളരെ മനോഹരമായ വാര്‍ത്തയാണ്. ഞാനതിനെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കാരണം, ഞാന്‍ തുറന്നുപറഞ്ഞിട്ടില്ലല്ലോ. എന്റെ സഹപ്രവര്‍ത്തകരോടും പൊതുസമൂഹത്തോടും ഞാന്‍ തുറന്നു […]

18 Feb 2021 12:31 AM GMT

‘വാര്‍ത്തകളെല്ലാം വളരെ മനോഹരം’; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രന്‍
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തനിക്ക് ഒരു പരാതിയുമില്ലെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സമരപ്പന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ.

‘ഏതെങ്കിലുമൊരു നല്ല സീറ്റ് കിട്ടുക എന്ന ചിന്തയോട് കൂടിയാണ് ഞാന്‍ ഈ സമരപ്പന്തലില്‍ വന്നത് എന്ന അര്‍ത്ഥത്തിലുള്ള ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അത് വളരെ മനോഹരമായ വാര്‍ത്തയാണ്. ഞാനതിനെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കാരണം, ഞാന്‍ തുറന്നുപറഞ്ഞിട്ടില്ലല്ലോ. എന്റെ സഹപ്രവര്‍ത്തകരോടും പൊതുസമൂഹത്തോടും ഞാന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നില്ല എന്ന് എന്റെ സംസ്ഥാന നേതൃത്വത്തെയും അഖിലേന്ത്യാ നേതൃത്വത്തെയും മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ അറിയിച്ചിട്ടുണ്ട്. ഇനി ഏത് മണ്ഡലത്തിലാണ് ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്നത്, എവിടെയാണ് ശോഭ സുരേന്ദ്രന് സീറ്റുകിട്ടാന്‍ പോവുന്നത് തുടങ്ങിയ ഒരു ചര്‍ച്ചയുടേയും ആവശ്യമില്ല’, ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല എന്നതിന്റെ സൂചനയാണ് അവരുടെ വാക്കുകളില്‍നിന്നും വ്യക്തമാവുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമന വിവാദങ്ങള്‍ ശോഭ സുരേന്ദ്രന്‍ ഒറ്റയാള്‍ സമരം നടത്തുന്നതും ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ ദിവസം സമരപ്പന്തലിലേക്ക് അണികളുടെയോ നേതാക്കളുടേയോ പിന്തുണയില്ലാതെ ഒറ്റയ്ക്കായിരുന്നു ശോഭ എത്തിയത്. ഇതിന് പിന്നാലെയാണ് താന്‍ എവിടെയും മത്സരിക്കാനില്ലെന്നും ശോഭ സുരേന്ദ്രന്‍ പരസ്യമായി അറിയിച്ചിരിക്കുന്നത്.

എ പ്ലസ് മണ്ഡലങ്ങളായി ബിജെപി പരിഗണിക്കുന്ന ഇടങ്ങളില്‍ ശോഭ സുരേന്ദ്രന് സ്ഥാനമുണ്ടായേക്കില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കേന്ദ്ര നേതാക്കള്‍ ഇടപെട്ടിട്ടും സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറികള്‍ക്ക് ശമനമാകുന്നില്ല എന്നതിന്റെ സൂചനയായാണ് ഇപ്പോഴത്തെ പ്രസ്ഥാവനയും കണക്കാക്കപ്പെടുന്നത്.

Next Story

Popular Stories