Kerala Police

‘ആ കുട്ടികള്‍ ഇനി പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും’; ജില്ലയിലെ ലഹരിവ്യാപനം അടിച്ചമര്‍ത്തുമെന്ന് കമ്മീഷണര്‍; ‘കളമശ്ശേരി ഗ്ലാസ് കോളനി ഏറ്റെടുക്കും’

കളമശ്ശേരിയില്‍ കൂട്ടുകാരനെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച കുട്ടികളെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി കമ്മീഷണര്‍. പൊലീസ് മര്‍ദ്ദിച്ചെന്ന ആരോപണത്തിലും കുട്ടികളിലൊരാള്‍ ആത്മഹത്യ ചെയ്തതിലും വിഷമമുണ്ടെന്ന് കമ്മീഷണര്‍ നാഗരാജു ചാകിലം ഐപിഎസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ജുവനൈല്‍ ജസ്റ്റിസ് നിയമം പൂര്‍ണമായും പാലിച്ചാണ് പൊലീസ് ഇടപെട്ടത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളുണ്ട്. അക്രമ വീഡിയോ പുറത്തായതിനേത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ കുട്ടികളോട് അനുഭാവ പൂര്‍ണമായാണ് പൊലീസ് പെരുമാറിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട കുട്ടികളെ മാതൃകാപരമായി മാറ്റിയെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

ഇനി ഈ കുട്ടികള്‍ എല്ലാവരും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. പെരുമാറ്റം നിരീക്ഷിക്കും. അവരെ നന്നാക്കാനുള്ള എല്ലാ പരിപാടിയും ചെയ്യാന്‍ പോകുകയാണ്. അവരെ മാതൃകപരമായി മാറ്റിയെടുക്കും. ആ കോളനിയെ മൊത്തത്തില്‍ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും.

കമ്മീഷണര്‍

ലഹരി പ്രശ്‌നത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോകുകയാണ്. ഗ്ലാസ് ഫാക്ടറി കോളനി മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ജില്ലയിലെ എല്ലാ സ്ഥലങ്ങളും പൊലീസിന്റെ നിരീക്ഷണത്തിന്‍ കീഴിലാണ്. വില്‍പന നടത്തുന്നവരെയാണ് പൊലീസ് ലക്ഷ്യമിടുന്നത്. മയക്കുമരുന്ന് വ്യാപനത്തെ ഉറപ്പായിട്ടും അടിച്ചമര്‍ത്തുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

കമ്മീഷണര്‍ പറഞ്ഞത്

“കളമശ്ശേരിയിലെ 5-8 കുട്ടികള്‍ ചേര്‍ന്ന് ഒരു പയ്യനെ തല്ലുന്ന വീഡിയോ വൈറലായിരുന്നു. പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. തല്ലിയ കൂട്ടത്തിലുള്ള ഒരു പയ്യനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. പൊലീസ് കുട്ടികളെ മര്‍ദ്ദിച്ചെന്നും അതുകൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ആരോപണങ്ങളുണ്ടായി. അത് പൊലീസ് നിഷേധിക്കുകയാണ്. അവര്‍ 18 വയസില്‍ താഴെയുള്ളവരാണ്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം അവര്‍ കുറ്റാരോപിതരാണെന്ന് പോലും പറയാന്‍ കഴിയില്ല. ‘നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന ജുവനൈല്‍സ്’ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. നിയമം അനുശാസിക്കുന്നതുപോലെ ഒരു ഡബ്ലിയുസിപിഒ സ്റ്റേഷനിലുണ്ടായിരുന്നു. കുട്ടികളെ പരമാവധി കെയര്‍ ചെയ്തു. സിസി ടിവി ദൃശ്യങ്ങള്‍ കണ്ടാല്‍ അറിയാം. അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും അവര്‍ കഴിക്കുന്നതും വീഡിയോയില്‍ കാണാം. ആ സിസി ടിവി ദൃശ്യങ്ങള്‍ എനിക്ക് ഡിലീറ്റ് ചെയ്യാന്‍ കഴിയുന്നതല്ല.

പൊലീസ് സ്റ്റേഷനില്‍ കുട്ടികളെ മര്‍ദ്ദിച്ചു എന്നത് ഒരിക്കലും ചെയ്യാത്ത കാര്യമാണ്. കുട്ടികള്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ പോലും അവരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമേ കൈകാര്യം ചെയ്യൂ. അവരെ നന്നാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. അവരോട് അടുപ്പത്തോടെയാണ് പെരുമാറിയത്. ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. ഭക്ഷണം കൊടുത്തു. എന്നിട്ട് പൊലീസ് മര്‍ദ്ദിച്ചു എന്ന് പറഞ്ഞ് കേള്‍ക്കേണ്ടി വരുന്നതും കുട്ടികളിലൊരാള്‍ തൂങ്ങിമരിച്ചതും വളരെ വേദനയുണ്ടാക്കുന്നു. അവരുടെ മാതാപിതാക്കളുടെ മൊഴി ഞങ്ങളെടുത്തിരുന്നു. വീഡിയോ വൈറലായപ്പോള്‍ തന്നെ കുട്ടികള്‍ മാനസികമായി സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാത്ത നിലയിലെത്തിയിരുന്നു.

സ്വതന്ത്രമായി അന്വേഷണം നടത്തണമെന്ന് കളക്ടര്‍ തഹസില്‍ദാറിനോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം ഡോക്ടര്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് എല്ലാം ചെയ്തത്. എന്നിട്ടും മര്‍ദ്ദിച്ചു എന്ന ആരോപണം വരാന്‍ പാടില്ലായിരുന്നു.

കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ കൃത്യമായ അന്വേഷണം നടത്തി. ഒരാളൊഴികെ മര്‍ദ്ദിക്കപ്പെട്ടയാളും മര്‍ദ്ദിച്ചവരും ജുവനൈല്‍സാണ്. നിയമപ്രകാരം അവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയില്ല. പ്രായപൂര്‍ത്തിയായ ആളെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടു. ഇനി ഈ കുട്ടികള്‍ എല്ലാവരും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. പെരുമാറ്റം നിരീക്ഷിക്കും. അവരെ നന്നാക്കാനുള്ള എല്ലാ പരിപാടിയും ചെയ്യാന്‍ പോകുകയാണ്. അവരെ മാതൃകപരമായി മാറ്റിയെടുക്കും. ആ കോളനിയെ മൊത്തത്തില്‍ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും. എക്‌സൈസ് വകുപ്പുമായി ചേര്‍ന്നാകും പ്രവര്‍ത്തനം.

ലഹരി പ്രശ്‌നത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോകുകയാണ്. ഗ്ലാസ് ഫാക്ടറി കോളനി മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ജില്ലയിലെ എല്ലാ സ്ഥലങ്ങളും പൊലീസിന്റെ നിരീക്ഷണത്തിന്‍ കീഴിലാണ്. കഴിഞ്ഞ രണ്ടാഴ്ച്ച കൊണ്ട് ഒരുപാട് എംഡിഎംഎ കേസ് പിടിച്ചു. കഞ്ചാവ് കേസുകളില്‍ ആളുകളെ അറസ്റ്റ് ചെയ്തു. വില്‍പന നടത്തുന്നവരെയാണ് പൊലീസ് ലക്ഷ്യമിടുന്നത്. മയക്കുമരുന്ന് വ്യാപനത്തെ ഉറപ്പായിട്ടും അടിച്ചമര്‍ത്തും. പക്ഷെ, വലയില്‍ വീഴുന്ന കുട്ടികളെ വളരെ ശ്രദ്ധയോടെ പരിഗണിക്കും. അവരെ മുഖ്യധാരയിലെത്തിക്കുക എന്നതാണ് പൊലീസിന്റെ ഉദ്ദേശ്യം.”

Covid 19 updates

Latest News