Thiruvallam Infanticide

കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നസംഭവം; ജാതിക്കൊലയുടെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ്

തിരുവനന്തപുരം തിരുവല്ലത്ത് 40 ദിവസം പ്രായമുള്ള കുഞ്ഞിനെ ആറ്റില്‍ മുക്കി കൊന്ന സംഭവത്തിലെ ജാതീയ പശ്ചാത്തലം തള്ളിക്കളയാനാകില്ലെന്ന് പൊലീസ്. പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയ ശേഷം ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ലം സിഐ വി സജികുമാര്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. ആരോപണങ്ങളും എല്ലാ വശങ്ങളും പരിശോധിക്കും. കൊലയ്ക്കുള്ള കാരണങ്ങള്‍ കണ്ടുപിടിക്കണം. ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന് അന്വേഷിക്കുമെന്നും തിരുവല്ലം പൊലീസ് പറഞ്ഞു.

അവര്‍ രണ്ടും രണ്ട് സമുദായമാണ്. അത് കൃത്യത്തില്‍ നിഴലിക്കുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കും.

തിരുവല്ലം പൊലീസ്

ജാതിപ്രശ്‌നം കാരണമാണോ ദളിത് യുവതിയെ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ സ്വീകരിക്കാതിരുന്നത് എന്നറിയില്ല. ഉണ്ണികൃഷ്ണന്റെ മാതാവ് മാനസിക അസ്വാസ്ഥ്യമുള്ളയാളാണ്. കുട്ടിയെ കാണാതായപ്പോള്‍ അന്വേഷിക്കാന്‍ ചെന്ന പൊലീസിനെ ചീത്ത വിളിച്ചിരുന്നു. കൊലപാതകത്തിന്റെ തുടരന്വേഷണത്തില്‍ ജാതിയുടെ പശ്ചാത്തലം തെളിഞ്ഞുവരില്ലെന്ന് ഉറപ്പില്ല. അതുകൊണ്ട് തള്ളിക്കളയുന്നില്ല. അന്വേഷണത്തിന്റെ ഒന്നാം ഘട്ടം മാത്രമാണ് കഴിഞ്ഞത്. പ്രതി കൊവിഡ് മാനദണ്ഡപ്രകാരം നിരീക്ഷണത്തിലായിരുന്നതിനാല്‍ കസ്റ്റഡിയില്‍ ലഭിച്ചിട്ടില്ലെന്നും തിരുവല്ലം സി ഐ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം ജാതി വിവേചനമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഉണ്ണികൃഷ്ണന്‍ സവര്‍ണ ചിന്താഗതിയുള്ളയാളാണെന്ന് യുവതിയുടെ മാതൃസഹോദരന്‍ മോഹനന്‍ പറഞ്ഞു. ദളിതരെ വിവേചനത്തോടെ കാണുന്നയാളാണ് ഉണ്ണികൃഷ്ണന്‍. ദളിതരായ ചെറുപ്പക്കാര്‍ നീന്താനിറങ്ങുമ്പോള്‍ ഇറങ്ങാതെ മാറി നില്‍ക്കുന്ന ശീലമുണ്ടെന്ന് അറിഞ്ഞിരുന്നു. ‘ഉണ്ണികൃഷ്ണന്‍ ഞങ്ങളേക്കുറിച്ച് പുച്ഛത്തോടേയും മോശമായും സംസാരിക്കാറുണ്ട്’ എന്ന് ആ ചെറുപ്പക്കാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പ്രസവം കഴിഞ്ഞപ്പോള്‍ മുതല്‍ കുഞ്ഞിനെ ഒഴിവാക്കണമെന്ന ചിന്ത അവനുണ്ടായിരുന്നു കാണും. ആശുപത്രിയിലായിരുന്നതുകൊണ്ടായിരിക്കും പറ്റാതിരുന്നത്. ലോക്ഡൗണ്‍ ആയതുകൊണ്ടാണ് നൂലുകെട്ടിന് പോകാന്‍ പറ്റാതിരുന്നത്. ഞങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. അവന് കുട്ടിയെ അമ്മത്തൊട്ടിലിലോ ഏതെങ്കിലും ആശുപത്രിയിലോ ഉപേക്ഷിക്കാമായിരുന്നു. കൊന്നത് എന്തിനാണ്? ഒറ്റത്തവണയേ കുഞ്ഞിന്റെ മൃതദേഹം കാണാന്‍ കഴിഞ്ഞുള്ളൂ. 40 ദിവസത്തെ പ്രായമല്ലേ ഉള്ളൂ. തണുത്ത് വിറങ്ങലിച്ച്, കാല് പൊങ്ങിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. എല്ലാവരും മനുഷ്യരല്ലേ. ജാതിയുടെ പേരിലല്ല എന്തിന്റെ പേരില്‍ ആയാലും സമൂഹത്തില്‍ ഇത് ആവര്‍ത്തിക്കരുതെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവല്ലം സംഭവം ജാതിക്കൊലയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന്‍ പ്രതികരിച്ചു.

വംശീയക്കൊലയാണിത്. അല്ലെങ്കില്‍ 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലുന്നത് എന്തിനാണ്? കുട്ടിയുടെ അമ്മ നായര്‍ സമുദായത്തില്‍ പെട്ട ആളായിരുന്നെങ്കില്‍ അയാള്‍ വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ടുപോയി ഒരുമിച്ച് ജീവിച്ചേനെ.

ധന്യാ രാമന്‍

കൂടുതല്‍ തെളിവുകള്‍ എടുത്ത ശേഷം വംശീയക്കൊലയേക്കുറിച്ച് എഫ്‌ഐആറില്‍ ചേര്‍ക്കും എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ലൈംഗീകമായി ചൂഷണം ചെയ്യുക എന്നു മാത്രമായിരുന്നു അയാളുടെ ഉദ്ദേശം. അതിന് ശേഷം ഉപേക്ഷിക്കാനായിരുന്നു ശ്രമം. കുട്ടിയുടെ അമ്മ അവന്റെ ജാതി തന്നെയായിരുന്നു എങ്കില്‍ കുഞ്ഞിനെ കൊല്ലാന്‍ നില്‍ക്കില്ലായിരുന്നു. ജാതി തന്നെയാണ് അന്നും ഇന്നും അവരുടെ പ്രശ്‌നം. ഈ കേസില്‍ നീതി ലഭ്യമാക്കും വരെ യുവതിയുടെ കുടുംബത്തിന് ഒപ്പമുണ്ടാകും. ഈ വിഷയത്തില്‍ മുമ്പും ഇടപെട്ടിരുന്നു. അന്നും ജാതി തന്നെയായിരുന്നു പ്രശ്‌നം. യുവതി ഗര്‍ഭിണിയായിരുന്ന സമയത്ത് വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയപ്പോഴായിരുന്നു അത്. അതുകൊണ്ട് കാര്യങ്ങള്‍ തനിക്ക് വ്യക്തമായി അറിയാമെന്നും ധന്യാ രാമന്‍ ചൂണ്ടിക്കാട്ടി.

ഉണ്ണികൃഷ്ണന്റെ വീട്ടില്‍ വിലക്കേര്‍പ്പെടുത്തിയതിനേത്തുടര്‍ന്ന് ട്രാഫിക് വാര്‍ഡനായിരുന്ന യുവതി ഇരുവര്‍ക്കും താമസിക്കാന്‍ വീട് വാടകയ്ക്ക് എടുത്തിരുന്നു. മുന്‍ വിവാഹത്തില്‍ യുവതിക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. യുവതിയുടെ ഭര്‍ത്താവ് മരിച്ചതിന് ശേഷമുള്ള സമയത്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. ഉണ്ണികൃഷ്ണനും യുവതിയും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇയാള്‍ക്കെതിരെ യുവതി ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 24നാണ് 40 ദിവസം പ്രായമുള്ള ശിവഗംഗയെ പിതാവ് ഉണ്ണികൃഷ്ണന്‍ (25) തിരുവല്ലം ആറ്റില്‍ മുക്കി കൊലപ്പെടുത്തിയത്. കുട്ടിയുടെ നൂല് കെട്ട് ചടങ്ങ് കഴിഞ്ഞ് രാത്രി നെടുമങ്ങാടുള്ള തന്റെ അമ്മയെ കാണിക്കാനെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു. തുണിയും മറ്റ് സാമഗ്രികളും വെയ്ക്കുന്ന പ്ലാസ്റ്റിക് കുട്ടയിലാക്കി, ബൈക്കില്‍ വെച്ചാണ് ഏഴ് ആഴ്ച്ച പ്രായമുള്ള കുട്ടിയെ പിതാവ് കൊണ്ടുപോയത്. അമ്മയെ കാണിച്ച ശേഷം തിരികെ കൊണ്ടുവരും എന്നാണ് യുവതിയോടും വീട്ടുകാരോടും പറഞ്ഞത്. തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് ആദ്യം പറഞ്ഞു. യുവതിയുടെ കുടുംബം വീണ്ടും ചോദിച്ചപ്പോള്‍ ഹൈവേ റോഡില്‍ ഉപേക്ഷിച്ചെന്ന് മറുപടി നല്‍കി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ വ്യക്തമായത്. കുഞ്ഞ് കൈയില്‍ നിന്നും ആറ്റില്‍ വഴുതി വീണെന്ന് ആദ്യം മൊഴി നല്‍കിയ ഉണ്ണികൃഷ്ണന്‍ പിന്നീട് കുറ്റം സമ്മതിച്ചു.

രാത്രി മുഴുവന്‍ നടത്തിയ തെരച്ചിലിന് ഒടുവില്‍ രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ വെച്ച പ്ലാസ്റ്റിക് കുട്ട അടച്ച ശേഷം ആറ്റില്‍ മുക്കി ചവിട്ടി പിടിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ അനുമാനം. കുട്ടയുടെ മുകള്‍ ഭാഗം പൊട്ടിയതും കുട്ട ഒഴുകിപ്പോകാതെ ചെളിയില്‍ പൂണ്ടിരുന്നതും ഇതാണ് സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു.

Covid 19 updates

Latest News